എയറോസിറ്റിയിലെ ഒരു ഹോട്ടലില്‍ താമസിച്ചിരുന്ന ഇയാള്‍ ശനിയാഴ്ച ഒരു കാര്‍ വിളിച്ച് യുഎഇ പ്രസിഡന്റ് താമസിക്കുന്ന താജ് മാന്‍സിങ് ഹോട്ടലിലേക്ക് പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഈ വാഹനത്തില്‍ ജി20 സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായ സെക്യൂരിറ്റി സ്റ്റിക്കറുണ്ടായിരുന്നു.

ന്യൂ ഡല്‍ഹി: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ യുഎഇ പ്രസിഡന്റിനെ കാണമെന്ന ആവശ്യവുമായി യുവാവ്. സൗദി അറേബ്യയിലെ പൊലീസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ഇയാള്‍ ന്യൂഡല്‍ഹിയിലെ സുരക്ഷാ നിയന്ത്രിത മേഖലകളില്‍ പ്രവേശിക്കാന്‍ അനുമതി ഉണ്ടായിരുന്ന വാഹനത്തിലാണ് എത്തിയത്. തുടര്‍ന്ന് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തെങ്കിലും യുഎഇ അധികൃതരുടെ നിര്‍ദേശപ്രകാരം പിന്നീട് വിട്ടയച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹിയിലെ താജ് മാന്‍സിങ് ഹോട്ടലിലാണ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ താമസിച്ചിരുന്നത്. ഇവിടേക്കാണ് സൗദി പൗരനായ മുഹമ്മദ് ഗറാവി എന്ന 35 വയസുകാരന്‍ എത്തിയത്. ഇയാള്‍ ജി20ന്റെ ഭാഗമായി എത്തിയ സൗദി സംഘത്തിന്റെ ഭാഗമായിരുന്നില്ലെന്നും സ്വന്തം നിലയ്ക്ക് സൗദിയില്‍ നിന്ന് എത്തിയതാണെന്നുമാണ് വിവരം. 

എയറോസിറ്റിയിലെ ഒരു ഹോട്ടലില്‍ താമസിച്ചിരുന്ന ഇയാള്‍ ശനിയാഴ്ച ഒരു കാര്‍ വിളിച്ച് യുഎഇ പ്രസിഡന്റ് താമസിക്കുന്ന താജ് മാന്‍സിങ് ഹോട്ടലിലേക്ക് പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഈ വാഹനത്തില്‍ ജി20 സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായ സെക്യൂരിറ്റി സ്റ്റിക്കറുണ്ടായിരുന്നു. ഡല്‍ഹി പൊലീസ് ഹോട്ടലുകളുടെ സ്വകാര്യ കാറുകളില്‍ പതിക്കാന്‍ ഇത്തരത്തില്‍ സ്റ്റിക്കറുകള്‍ നല്‍കിയിരുന്നു. ഉച്ചയ്ക്ക് 2.50ഓടെ ഹോട്ടലില്‍ എത്തിയ വാഹനത്തെ സെക്യൂരിറ്റി സ്റ്റിക്കറുണ്ടായിരുന്നതിനാല്‍ തടഞ്ഞില്ല.

Read also: ഇന്ത്യയിൽ വച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രിയെ കണ്ട ഋഷി സുനക് ചെയ്തത്! അത്രമേൽ വൈറലായൊരു ചിത്രം

സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് ഇയാള്‍ യുഎഇ പ്രസിഡന്റിന്റെ സുരക്ഷാ മേധാവിയെ ബന്ധപ്പെടുകയും പ്രസിഡന്റിനെ കാണാന്‍ അനുമതി തേടുകയും ചെയ്തു. നേരത്തെ തന്നെ ഇയാള്‍ യുഎഇ സുരക്ഷാ ഉദ്യോഗസ്ഥരുടെ അനുമതി തേടിയിരുന്നോ എന്നും വ്യക്തമല്ല. സംഭവം ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടതോടെ വിവിധ ഏജന്‍സികള്‍ കുതിച്ചെത്തി ഇയാളെ ചോദ്യം ചെയ്തു. 

റിയാദില്‍ പൊലീസ് വകുപ്പില്‍ ജോലി ചെയ്യുകയാണെന്ന് ഇയാള്‍ പറഞ്ഞു. പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ താന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും യുഎഇ പ്രസിഡന്റിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അറിഞ്ഞ് അദ്ദേഹത്തോട് സഹായം തേടാനാണ് എത്തിയതെന്നും ഇയാള്‍ പറഞ്ഞു. അതീവ ഗുരുതരമായ രോഗം ബാധിച്ച് തന്റെ സഹോദരന്‍ ചികിത്സയിലാണ്. സഹോദരനെ ചികിത്സിച്ച കാരണത്താല്‍ വലിയ സാമ്പത്തിക ബാധ്യതയുണ്ട്. അതുകൊണ്ടാണ് യുഎഇ പ്രസിഡന്റിനെ കണ്ട് സഹായം തേടാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ അറിയിക്കുകയായിരുന്നു. 

Read also:  ഒന്നല്ല, രണ്ട് ചക്രവാതചുഴി! 72 മണിക്കൂർ നിർണായകം; ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം, കേരളത്തിൽ 5 നാൾ മഴ തുടരും

യുഎഇയുടെയും ഇന്ത്യയുടെയും സുരക്ഷാ ഏജന്‍സികള്‍ ഇയാളെ ചോദ്യം ചെയ്തു. സൗദി അറേബ്യയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. യുഎഇ പ്രസിഡന്റിന്റെ സുരക്ഷാ മേധാവി അനുവദിച്ചത് പ്രകാരം ഇയാളെ പ്രസിഡന്റിനെ കാണാന്‍ അനുവദിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്തെങ്കിലും ഇയാളെ പോകാന്‍ അനുവദിക്കണമെന്ന് യുഎഇ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചു. ഇയാളെ സാധ്യമായ തരത്തില്‍ സഹായിക്കാമെന്ന് യുഎഇ ഉദ്യോഗസ്ഥര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തൊട്ടടുത്ത ദിവസം തന്നെ തിരികെ സൗദി അറേബ്യയിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് ബുക്ക് ചെയ്താണ് ഇയാള്‍ ന്യഡല്‍ഹിയില്‍ എത്തിയിരുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...