റഷ്യ യുക്രൈന്‍ പോരാട്ടത്തില്‍ പ്രധാനമായ ഖേര്‍സണില്‍ നിന്ന് റഷ്യന്‍ സൈനികരെ തുരത്താനുള്ള നീക്കത്തിനിടെയാണ് വ്ളോഡിമിർ സെലെൻസ്കിയുടെ അഭ്യര്‍ത്ഥന
റഷ്യ ആക്രമണം കടുപ്പിക്കുമ്പോള്‍ തെക്കന്‍ യുക്രൈനിലുള്ള വലിയ അണക്കെട്ട് തകര്‍ക്കരുതെന്ന് റഷ്യന്‍ പ്രസിഡന്‍റിന് മുന്നറിയിപ്പ് നല്‍കണമെന്ന് പടിഞ്ഞാറന്‍ രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ച് വ്ളോഡിമിർ സെലെൻസ്കി. റഷ്യ യുക്രൈന്‍ പോരാട്ടത്തില്‍ പ്രധാനമായ ഖേര്‍സണില്‍ നിന്ന് റഷ്യന്‍ സൈനികരെ തുരത്താനുള്ള നീക്കത്തിനിടെയാണ് വ്ളോഡിമിർ സെലെൻസ്കിയുടെ അഭ്യര്‍ത്ഥന. തെക്കന്‍ യുക്രൈനിലെ നോവ കാഖോവ അണക്കെട്ട് തകര്‍ക്കാനുള്ള നീക്കത്തിലാണ് റഷ്യന്‍ സേനയുള്ളത്.
റഷ്യന്‍ സേനയുടെ പിന്മാറ്റത്തിനിടെ ഈ അണക്കെട്ട് തകര്‍ക്കുമോയെന്ന ആശങ്കയാണ് വ്ളോഡിമിർ സെലെൻസ്കി പടിഞ്ഞാറന്‍ രാജ്യങ്ങളോട് പങ്കുവയ്ക്കുന്നത്. തെക്കന്‍ യുക്രൈനിലെ വലിയൊരു ഭാഗം മുങ്ങിപ്പോവുമോയെന്ന ഭീതിയിലാണ് വ്ളോഡിമിർ സെലെൻസ്കിയുടെ അഭ്യര്‍ത്ഥനയെത്തുന്നത്. ടിവിയിലെ പ്രഭാഷണത്തിലൂടെയാണ് വ്ളോഡിമിർ സെലെൻസ്കി ഈ അഭ്യര്‍ത്ഥന മുന്നോട്ട് വച്ചത്. ലോകരാജ്യങ്ങള്‍ അടിയന്തരമായി ശക്തമായി റഷ്യയുടെ ഭീകരാക്രമണം തടയാന്‍ ഇടപെടണം. അണക്കെട്ട് തകര്‍ക്കുന്നത് വലിയ രീതിയിലുള്ള നഷ്ടമുണ്ടാക്കുമെന്നാണ് വ്ളോഡിമിർ സെലെൻസ്കി പറയുന്നത്. എന്നാല്‍ കീവ് തന്നെ ഈ ഡാം തകര്‍ക്കാന്‍ പദ്ധതിയിട്ടിരുന്നതായി റഷ്യ ആരോപിച്ചിരുന്നു.
യുക്രെയ്നിന്റെ തലസ്ഥാനമായ കീവിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും റഷ്യ മിസൈൽ ആക്രമണം ശക്തമായി തുടരുകയാണ്. രാജ്യത്തെ തുടച്ചുമാറ്റാനുള്ള ശ്രമമെന്നാണ് വ്ളോഡിമിർ സെലെൻസ്കി റഷ്യയുടെ ആക്രമണങ്ങളേക്കുറിച്ച് പറയുന്നത്. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് തലസ്ഥാന നഗരം ആക്രമിക്കപ്പെട്ടത്.
സർക്കാർ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം. നഗരത്തിലെ ജലവിതരണ, വൈദ്യുത സംവിധാനങ്ങൾ എന്നിവ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നിരുന്നു. കീവിന് പുറമെ തന്ത്ര പ്രധാന മേഖലകളായ ലിവീവ്, ദിനിത്രി, സപ്രോഷ്യ മേഖലകളിലും വൻ ആക്രമണമാണ് റഷ്യ നടത്തുന്നത്
