പുടിന്‍റെ നിർദ്ദേശം സ്വാഗതം ചെയ്തെങ്കിലും ഏതൊരു യുദ്ധം നിര്‍ത്തുന്നതിലെയും ആദ്യ നടപടി വെടിനിര്‍ത്തലാണെന്നും അതിന് റഷ്യ തയ്യാറാകണമെന്നും സെലൻസ്കി അഭിപ്രായപ്പെട്ടു
മോസ്കോ: റഷ്യ - യുക്രൈൻ യുദ്ധത്തിൽ സമാധാന സന്ദേശം പങ്കുവച്ച പ്രസിഡന്‍റ് വ്ലാഡ്മിർ പുടിന്‍റെ നിർദ്ദേശത്തിന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെയും യുക്രൈൻ പ്രസിഡന്‍റ് വ്ലാഡ്മിർ സെലൻസ്കിയുടെയും പച്ചക്കൊടി. യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചയ്ക്കുള്ള പുടിന്റെ ക്ഷണം യുക്രൈൻ പ്രസിഡന്‍റ് സ്വീകരിച്ചു. വ്യാഴാഴ്ച ഇസ്താംബൂളിൽ നേരിട്ടുള്ള കൂടിക്കാഴ്ചയാകാമെന്ന് സെലൻസ്കി വ്യക്തമാക്കിയതായാണ് വിവരം. ചർച്ചയ്ക്കുള്ള പുടിന്റെ ക്ഷണം സ്വീകരിച്ചത് ട്രംപ് കൂടി ആവശ്യപ്പെട്ടതിന് പിന്നാലെയാണെന്നാണ് വ്യക്തമാകുന്നത്.
യുക്രൈനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ തയ്യാറെന്ന് ഇന്നലെ രാത്രി ടെലിവിഷനിലൂടെയാണ് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ വ്യക്തമാക്കിയത്. നേരിട്ടുള്ള സമാധാന ചര്‍ച്ച എന്ന നിര്‍ദേശത്തെ യുക്രൈന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ സെലന്‍സ്കി സ്വാഗതം ചെയ്തതോടെ മേഖലയിൽ സമാധാനം പുലരാനുള്ള സാധ്യതകളാണ് കാണുന്നത്. മുന്‍ ഉപാധികള്‍ ഇല്ലാതെ നേരിട്ടുള്ള സമാധാന ചര്‍ച്ചകള്‍ക്ക് യുക്രൈന്‍ തയ്യാറാകണമെന്നാണ് പുടിന്‍ ടെലിവിഷന്‍ അഭിസംബോധനയിലൂടെ പറഞ്ഞത്.
പുടിന്‍റെ നിർദ്ദേശം സ്വാഗതം ചെയ്തെങ്കിലും ഏതൊരു യുദ്ധം നിര്‍ത്തുന്നതിലെയും ആദ്യ നടപടി വെടിനിര്‍ത്തലാണെന്നും അതിന് റഷ്യ തയ്യാറാകണമെന്നും സെലൻസ്കി അഭിപ്രായപ്പെട്ടു. റഷ്യ ഉടൻ തന്നെ സമ്പൂര്‍ണവും നീണ്ടുനില്‍ക്കുന്നതും വിശ്വാസയോഗ്യവുമായ വെടിനിര്‍ത്തല്‍ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ കശ്മീരിന്‍റെ കാര്യത്തിൽ ആരും മധ്യവസ്ഥത വഹിക്കാൻ തയ്യാറാണെന്ന യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നിർദ്ദേശത്തോട് താൽപ്പര്യമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ദീർഘകാലമായി നിലനിൽക്കുന്ന കശ്മീർ തർക്കത്തിൽ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിൽ മധ്യസ്ഥത വഹിക്കാൻ ട്രംപ് സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ട്രംപിന്‍റെ വാഗ്ദാനത്തെ സ്വാഗതം ചെയ്യുകയും അതിനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയും നന്ദി പറയുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യയുടെ ഇക്കാര്യത്തില്‍ മൂന്നാമതൊരു കക്ഷിയുടെ മധ്യസ്ഥത ആവശ്യമില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. "കശ്മീരിനെക്കുറിച്ച് ഞങ്ങൾക്ക് വളരെ വ്യക്തമായ നിലപാടുണ്ട്. ഒരേയൊരു കാര്യം മാത്രമേ ബാക്കിയുള്ളൂ. പാക് അധീന കശ്മീര്‍ (പിഒകെ) തിരികെവേണം. മറ്റൊന്നും സംസാരിക്കാനില്ല. ഭീകരരെ കൈമാറുന്നതിനെക്കുറിച്ച് അവർ സംസാരിക്കുകയാണെങ്കിൽ, അതിലും ചര്‍ച്ചയാകാം. ആരും മധ്യസ്ഥത വഹിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ആരുടെയെങ്കിലും മധ്യസ്ഥത ഞങ്ങൾക്ക് ആവശ്യമില്ല" - കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
അമേരിക്ക ഇടപെട്ടാണ് ഇന്ത്യ പാക് സംഘർഷത്തിൽ വെടിനിർത്തൽ ഉണ്ടായത് എന്ന രീതിയിലാണ് ട്രംപിന്‍റെ പ്രതികരണങ്ങളെല്ലാം വന്നത്. കശ്മീർ പ്രശ്നത്തിൽ ഇടപെടാനും തയ്യാറാണെന്നാണ് ട്രംപ് പറയുന്നത്. വെടിനിർത്തൽ അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി കൃത്യമായി നേരത്തെ വാർത്താ കുറിപ്പിൽ പറഞ്ഞിരുന്നതാണ്. അത് തന്നെയാണ് ട്രംപ് വീണ്ടും ആവർത്തിക്കുന്നത്. സമാധാനം പുലരാൻ പ്രയത്നിച്ച രണ്ട് രാഷ്ട്ര തലവന്മാർക്കും അഭിനന്ദനം അറിയിച്ച് കൊണ്ടാണ് ട്രംപിന്റെ കുറിപ്പ് തുടങ്ങുന്നത്. ഇന്ത്യ എക്കാലവും പറഞ്ഞിരുന്നത് കശ്മീർ പ്രശ്നത്തിൽ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ചർച്ചയല്ലാതെ മൂന്നാമതൊരു കക്ഷിയെ പങ്കാളിയാക്കാൻ ആഗ്രഹിക്കുന്നില്ല എന്നാണ്. എന്നാൽ ട്രംപ് ഇപ്പോൾ പറഞ്ഞിരിക്കുന്നത് ആയിരം വർഷം കഴിഞ്ഞാലും കശ്മീർ പ്രശ്നത്തിൽ എന്തെങ്കിലും പരിഹാരം ഉണ്ടാക്കുമെങ്കിൽ അതിൽ ഇടപെടാൻ അമേരിക്ക തയ്യാറാണ് എന്നാണ്. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം കൂട്ടാനുള്ള നീക്കങ്ങൾ നടക്കുകയാണ് എന്നും ട്രംപ് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.


