Asianet News MalayalamAsianet News Malayalam

മനുഷ്യന് പിന്നാലെ മൃഗങ്ങളിലേക്കും കൊവിഡ്; മൃഗശാലയിലെ കടുവയ്ക്ക് രോഗം സ്ഥിരീകരിച്ചു

നാദിയ എന്ന നാലുവയസ് പ്രായമുള്ള മലയന്‍ കടുവയിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മൃഗശാലയിലെ ആറ് കടുവകളും ഒരു സിംഹവും ഇതിനോടകം അസുഖ ബാധിതരാണ്. എന്നാല്‍ ഈ മൃഗങ്ങളെ ബാധിച്ചിരിക്കുന്നത് കൊറോണ വൈറസ് ആണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. 

Zoo tiger tests positive for coronavirus in New York
Author
Bronx Zoo, First Published Apr 6, 2020, 8:05 AM IST

ന്യൂയോര്‍ക്ക്: മനുഷ്യന് പിന്നാലെ മൃഗങ്ങളിലേക്കും കൊറോണ വൈറസ് ബാധ. അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് ഇന്നലെ മാത്രം ആയിരത്തിലധികം ആളുകള്‍ മരിച്ചതിന് പിന്നാലെയാണ് ബ്രോണ്‍ക്സ് മൃഗശാലയിലെ നാലുവയസ് പ്രായമായ കടുവയ്ക്കും വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. അമേരിക്കയില്‍ ഇത്തരത്തില്‍ മൃഗങ്ങളിലേക്ക് വൈറസ് പടര്‍ന്ന ആദ്യത്തെ സംഭവമാണ് ഇത്.

നാദിയ എന്ന നാലുവയസ് പ്രായമുള്ള മലയന്‍ കടുവയിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മൃഗശാലയിലെ ആറ് കടുവകളും ഒരു സിംഹവും ഇതിനോടകം അസുഖ ബാധിതരാണ്. എന്നാല്‍ ഈ മൃഗങ്ങളെ ബാധിച്ചിരിക്കുന്നത് കൊറോണ വൈറസ് ആണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. രോഗലക്ഷണങ്ങള്‍ കാണിച്ചിട്ടില്ലാത്ത മൃഗശാല സൂക്ഷിപ്പുകാരനില്‍ നിന്നാണ് കടുവയ്ക്ക് വൈറസ് ബാധിച്ചതെന്നാണ് വിലയിരുത്തുന്നത്. മാര്‍ച്ച് 27നാണ് നാദിയ രോഗലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയത്.  ന്യൂയോര്‍ക്കില്‍ കൊറോണ വൈറസ് ക്രമാതീതമായി വര്‍ധിച്ചതോടെ മാര്‍ച്ച് 17മുതല്‍ മൃഗശാലയില്‍ സന്ദര്‍ശകരെ അനുവദിക്കുന്നുണ്ടായിരുന്നില്ല.

മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് കൊറോണ വൈറസ് പടര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങള്‍ വിരലിലെണ്ണാവുന്നത് മാത്രമാണ്. യുഎസ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് അഗ്രികള്‍ച്ചറിലാണ് നാദിയയുടെ സ്രവ പരിശോധന പൂര്‍ത്തിയായിട്ടുള്ളത്. നിലവിലെ സാഹചര്യത്തില്‍ അമേരിക്കയില്‍ വൈറസ് വ്യാപനത്തിന് കാരണമായി കണക്കാക്കുന്നത് മൃഗങ്ങളെയല്ലെന്നാണ് റിപ്പോര്‍ട്ട്. രോഗബാധിതരായ മൃഗങ്ങള്‍ ആരോഗ്യവാന്‍മാരാണ്. സാധാരണ നിലയിലേക്ക് ഏറെ താമസിയാതെ തിരികെയെത്തുമെന്നാണ് മൃഗശാല അധികൃതര്‍ വിശദമാക്കുന്നത്. 

Follow Us:
Download App:
  • android
  • ios