ജസ്‌പ്രീത് ബുമ്രക്ക് വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും നഷ്‌ടമാകും എന്നുറപ്പായിരുന്നു

മുംബൈ: ഐപിഎല്‍ പതിനാറാം സീസണിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആശ്വാസ വാര്‍ത്ത. പരിക്കിന്‍റെ പിടിയിലുള്ള സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര ഏകദിന ലോകകപ്പിന് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിസിസിഐ ഉന്നതന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വ്യക്തമാക്കി. പുറംവേദന കാരണം 2022 ഒക്ടോബര്‍ മുതല്‍ മത്സര ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ജസ്‌പ്രീത് ബുമ്ര. കഴി‌ഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഓസ്ട്രേലിയക്ക് എതിരെ ട്വന്‍റി 20 മത്സരത്തിലാണ് ബുമ്ര അവസാനമായി കളിച്ചത്. 

2022ലെ ട്വന്‍റി 20 ലോകകപ്പും, ഏഷ്യാ കപ്പും ഐപിഎല്‍ 2023 ഉം ടീം ഇന്ത്യയുടെ നിരവധി പരമ്പരകളും നഷ്‌ടമായ ജസ്‌പ്രീത് ബുമ്രക്ക് വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും നഷ്‌ടമാകും എന്നുറപ്പായിരുന്നു. ഇത്തവണത്തെ ഏഷ്യാ കപ്പിലും താരം കളിക്കാന്‍ സാധ്യതയില്ല. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ വരാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുമ്പ് ബുമ്ര ഫിറ്റ്‌നസ് വീണ്ടെടുക്കും എന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ബിസിസിഐ. ലോകകപ്പിന്‍റെ മത്സരക്രമം ഉടന്‍ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ബുമ്രയില്ലാതെ കളിക്കുന്നത് ടീമിന് ശീലമായിക്കഴിഞ്ഞു എന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പറയുമ്പോഴും പ്രധാന മത്സരങ്ങളില്‍ താരത്തിന്‍റെ അഭാവം പ്രകടമാണ്. 

ന്യൂസിലന്‍ഡില്‍ വച്ച് ശസ്‌ത്രക്രിയക്ക് വിധേയനായ ബുമ്ര വിശ്രമത്തിന് ശേഷം ദേശീയ ക്രിക്കറ്റ് അക്കാഡമിയിലായിരിക്കും തുടര്‍ ചികില്‍സകളും പരിശീലനവും നടത്തുക. ഇതിന് ശേഷമാകും താരത്തിന്‍റെ മടങ്ങിവരവില്‍ വ്യക്തത കൈവരിക. ശസ്ത്രക്രിയക്ക് ശേഷം മൂന്ന് മുതല്‍ നാല് മാസം വരെ ഫിറ്റ്നസ് വീണ്ടെടുക്കാന്‍ ജസ്പ്രീത് ബുമ്രക്ക് വേണ്ടിവന്നേക്കും.

2022 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിനിടെയാണ് ജസ്‌പ്രീത് ബുമ്ര പുറംവേദനയുള്ളതായി ആദ്യമായി പരാതിപ്പെടുന്നത്. 2019ല്‍ ഏറ്റ പരിക്കിന്‍റെ തുടര്‍ച്ചയായിരുന്നു ഇത്. 2022 ഓഗസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഏകദിന മത്സരങ്ങള്‍ കളിക്കേണ്ടതായിരുന്നെങ്കിലും പരിക്ക് തിരിച്ചടിയായി. ഇതോടെ താരം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ മടങ്ങിയെത്തി. പരിക്ക് ഭേദമാക്കാത്തതിനാല്‍ ഏഷ്യാ കപ്പും ട്വന്‍റി 20 ലോകകപ്പും ബുമ്രക്ക് നഷ്‌ടമായി. ഇതിനിടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ട് ടി20കളില്‍ ആറ് ഓവര്‍ മാത്രമെറിഞ്ഞു. ലോകകപ്പിന് ശേഷം ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് പര്യടനങ്ങള്‍ നഷ്‌ടമായ താരത്തെ ലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും അവസാന നിമിഷം ഒഴിവാക്കിയത് വിവാദമായിരുന്നു. 

Read more: 81% വോട്ട്; റിങ്കു സിംഗിന്‍റെ 'അഞ്ചടി' ഐപിഎല്ലിലെ എക്കാലത്തേയും മികച്ച വിജയ ഇന്നിംഗ്‌സ് എന്ന് ആരാധകര്‍