Asianet News MalayalamAsianet News Malayalam

ബാറ്റിംഗ് ദുരന്തമായി ആര്‍സിബി; റബാഡ കൊടുങ്കാറ്റില്‍ ഡല്‍ഹിക്ക് വമ്പന്‍ ജയം

ബാറ്റിംഗില്‍ പൃഥ്വി ഷായും മാര്‍ക്കസ് സ്റ്റോയിനിസും വെടിക്കെട്ടായപ്പോള്‍ ബൗളിംഗില്‍ നാല് വിക്കറ്റുമായി റബാഡ ബാംഗ്ലൂരിന്‍റെ കഥകഴിച്ചു.  

IPL 2020 Delhi Capitals won by 59 runs vs Royal Challengers Bangalore Innings
Author
Dubai - United Arab Emirates, First Published Oct 5, 2020, 11:13 PM IST

ദുബായ്: ഐപിഎല്ലില്‍ വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 59 റണ്‍സ് ജയവുമായി ശ്രേയസ് അയ്യരുടെ ഡല്‍ഹി കാപിറ്റല്‍സിന്‍റെ യുവനിര. ഡല്‍ഹി വച്ചുനീട്ടിയ 197 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കോലിപ്പടയ്‌ക്ക് 20 ഓവറില്‍ 137-9 എന്ന സ്‌കോറിലെത്താനേ കഴിഞ്ഞുള്ളൂ. ബാറ്റിംഗില്‍ പൃഥ്വി ഷായും മാര്‍ക്കസ് സ്റ്റോയിനിസും വെടിക്കെട്ടായപ്പോള്‍ ബൗളിംഗില്‍ നാല് വിക്കറ്റുമായി റബാഡ ബാംഗ്ലൂരിന്‍റെ കഥകഴിച്ചു. ജയത്തോടെ ഡല്‍ഹി ലീഗില്‍ ഒന്നാമതെത്തി. 

റണ്‍പടി കയറാതെ പടിക്കല്‍

IPL 2020 Delhi Capitals won by 59 runs vs Royal Challengers Bangalore Innings

മികച്ച സ്‌കോര്‍ പിന്തുടരാനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സിനെ തുടക്കത്തിലെ വരിഞ്ഞുമുറുക്കി ഡല്‍ഹി. നാല് മത്സരങ്ങളില്‍ മൂന്ന് അര്‍ധ സെഞ്ചുറിയുമായി എത്തിയ മലയാളി ഓപ്പണര്‍ ദേവ്‌ദത്ത് പടിക്കലിനെ മൂന്നാം ഓവറിലെ അവസാന പന്തില്‍ അശ്വിന്‍, സ്റ്റോയിനിസിന്‍റെ കൈകളിലെത്തിച്ചു. ആറ് പന്തില്‍ നാല് റണ്‍സ് മാത്രമാണ് പടിക്കലിന് നേടാനായത്. തൊട്ടടുത്ത ഓവറില്‍ മറ്റൊരു സ്‌പിന്നര്‍ അക്ഷാര്‍, ഫിഞ്ചിനെയും പറഞ്ഞയച്ചു. ഫിഞ്ചിന്‍റെ സമ്പാദ്യം 14 പന്തില്‍ 10 റണ്‍സ്. 

കുതിച്ച് കോലി, വിധിച്ച് റബാഡ

IPL 2020 Delhi Capitals won by 59 runs vs Royal Challengers Bangalore Innings

നാലാമനായെത്തിയ എബിഡിയെയും കാലുറപ്പിക്കാന്‍ സമ്മതിച്ചില്ല. ആറ് പന്തില്‍ 9 റണ്‍സെടുത്ത് നില്‍ക്കേ നോര്‍ജെ പുറത്തായതോടെ ബാംഗ്ലൂര്‍ സമ്മര്‍ദത്തിലായി. 5.5 ഓവറില്‍ 43-3. കോലിക്കൊപ്പം നിലയുറപ്പിക്കാതെ മൊയിന്‍ അലിയും നേരത്തെ മടങ്ങി. 12-ാം ഓവറിലെ അവസാന പന്തില്‍ അക്ഷാര്‍ ബ്രേക്ക്‌ത്രൂ നല്‍കുമ്പോള്‍ സമ്പാദ്യം 13 പന്തില്‍ 11 മാത്രമായിരുന്നു. കോലിയുടെ ചുമലിലേറി ബാംഗ്ലൂര്‍ തിരിച്ചെത്തും എന്ന പ്രതീക്ഷയും അസ്ഥാനത്തായി. 39 പന്തില്‍ 43 റണ്‍സെടുത്തെങ്കിലും റബാഡയുടെ 14-ാം ഓവറിലെ മൂന്നാം പന്ത് വിധിയെഴുതി.

സുന്ദരമാകാതെ സുന്ദര്‍, സുന്ദരമാക്കി റബാഡ

IPL 2020 Delhi Capitals won by 59 runs vs Royal Challengers Bangalore Innings

കോലി പുറത്തായശേഷം എല്ലാം അതിവേഗമായിരുന്നു. റബാഡ 16-ാം ഓവറിലെ അവസാന പന്തില്‍ വാഷിംഗ്‌ടണ്‍ സുന്ദറിനെ മടക്കി. സമ്പാദ്യം 9 പന്തില്‍ 16. അവസാന മൂന്ന് ഓവറില്‍ 79 റണ്‍സെന്ന എന്ന ഹിമാലയന്‍ ലക്ഷ്യം ബാംഗ്ലൂരിന് മുന്നില്‍. റബാഡയുടെ 17-ാം ഓവറിലെ ആദ്യ പന്തില്‍ ദുബേ(7 പന്തില്‍ 10) ബൗള്‍ഡ്. മൂന്നാം പന്തില്‍ ഉഡാന, ശ്രേയസിന്‍റെ കൈകളില്‍(1). നോര്‍ജെയുടെ അടുത്ത ഓവറിലെ അവസാന പന്തില്‍ മുഹമ്മദ് സിറാജും(5) മടങ്ങി. സെ‌യ്‌നിക്കും(12*), ചാഹലിനും(0*) ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. റബാഡ നാല് ഓവറില്‍ 24ന് നാലും അക്ഷാറും നോര്‍ജെയും രണ്ടു വീതവും അശ്വിന്‍ ഒരു വിക്കറ്റും നേടി. 

ബാറ്റിംഗ് ഷോയായി ഷാ

IPL 2020 Delhi Capitals won by 59 runs vs Royal Challengers Bangalore Innings

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി 20 ഓവറില്‍ നാല് വിക്കറ്റിന് 196 റണ്‍സെടുത്തു. ഫീല്‍ഡ് ചെയ്യാനുള്ള കോലിയുടെ തീരുമാനം തെറ്റിയെന്ന് തോന്നിച്ചായിരുന്നു തുടക്കം. ഉഡാനയുടെ ആദ്യ ഓവറില്‍ 14 റണ്‍സടിച്ച് ഷായും ധവാനും തുടങ്ങി. കോലിയുടെ ഏറ്റവും വിശ്വസ്തനായ ചാഹലിനെ ആദ്യ ഓവറില്‍ 18 അടിച്ചു. ഇതോടെ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 63 റണ്‍സ്. ഏഴാം ഓവറിലെ നാലാം പന്തിലാണ് ആര്‍സിബിക്ക് ശ്വാസം വീണത്. സിറാജിന്‍റെ ബൗണ്‍സറില്‍ ബാറ്റുവെച്ച ഷാ(22 പന്തില്‍ 42) വിക്കറ്റ് കീപ്പര്‍ എബിഡിയുടെ കൈകളില്‍.

പടിക്കല്‍ കലമുടയ്‌ക്കാതെ പടിക്കല്‍

IPL 2020 Delhi Capitals won by 59 runs vs Royal Challengers Bangalore Innings

വൈകാതെ ധവാനും വീണു. ഉഡാന എറിഞ്ഞ 10-ാം ഓവറിലെ നാലാം പന്തില്‍ സിക്‌സറിന് ശ്രമിച്ച ധവാന്‍(28 പന്തില്‍ 32) മൊയിന്‍ അലിയുടെ കൈകളില്‍ അവസാനിച്ചു. ഇതോടെ കഴിഞ്ഞ മത്സരത്തിലെ വെടിക്കെട്ടുവീരന്‍ ശ്രേയസ് അയ്യര്‍ ക്രീസിലേക്ക്. മലയാളിപ്പോരില്‍ ശ്രേയസിനെ വീഴ്‌ത്തി ദേവ്‌ദത്ത് പടിക്കല്‍. അലിയുടെ 12-ാം ഓവറിലെ മൂന്നാം പന്തില്‍ ബൗണ്ടറിലൈനില്‍ ഡുപ്ലസിയെ ഓര്‍മ്മിപ്പിക്കുന്ന ക്യാച്ചുമായി ദേവ്‌ദത്ത് താരമായി. ശ്രേയസിന് ഇത്തവണ 13 പന്തില്‍ 11 റണ്‍സ് മാത്രം. 

 സ്റ്റോപ്പില്ലാതെ സ്റ്റോയിനിസ് 

IPL 2020 Delhi Capitals won by 59 runs vs Royal Challengers Bangalore Innings

സെയ്‌നിയും അലിയും സ്റ്റോയിനിസിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞു. 19-ാം ഓവറില്‍ സിറാജിനെ സിക്‌സര്‍ അടിച്ച് തുടങ്ങിയ പന്ത് രണ്ടാം പന്തില്‍ ബൗള്‍ഡായി. നേടിയത് 25 പന്തില്‍ 37. എന്നാല്‍ തൊട്ടുപിന്നാലെ സ്റ്റോയിനിസ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 24 പന്തിലാണ് താരം അമ്പത് പിന്നിട്ടത്. ഉഡാനയുടെ അവസാന ഓവറില്‍ 12 റണ്‍സ് സ്റ്റോയിനിസ്-ഹെറ്റ്‌മെയര്‍ സഖ്യം നേടിയതോടെ സ്‌കോര്‍ 200ന് അടുത്തെത്തി. സ്റ്റോയിനിസ് 53 റണ്‍സുമായും ഹെറ്റ്‌മെയര്‍ 11 റണ്‍സെടുത്തും പുറത്താകാതെ നിന്നു. മുഹമ്മദ് സിറാജ് രണ്ടും മെയിന്‍ അലിയും ഉഡാനയും ഓരോ വിക്കറ്റും നേടി. 

ഡുപ്ലസിക്കൊരു എതിരാളി; മിന്നും ബൗണ്ടറിലൈന്‍ ക്യാച്ചുമായി പടിക്കല്‍- വീഡിയോ

Follow Us:
Download App:
  • android
  • ios