ദുബായ്: ഐപിഎല്ലില്‍ ഡൽഹി കാപിറ്റല്‍സ് ടീമിന് ആശ്വാസം. പരിക്ക് ഭേദമായ ആര്‍ അശ്വിനും ഇഷാന്ത് ശര്‍മ്മയും പരിശീലനം പുനരാരംഭിച്ചു. ഇരുവരും ബാറ്റിംഗ്, ബൗളിംഗ് പരിശീലനത്തില്‍ ഏര്‍പ്പെടുന്നതിന്‍റെ ചിത്രങ്ങള്‍ ഡൽഹി പുറത്തുവിട്ടു. പഞ്ചാബിനെതിരായ ആദ്യ മത്സരത്തിനിടെയാണ് അശ്വിന് പരിക്കേറ്റത്. ഒരോവര്‍ മാത്രം എറിഞ്ഞ അശ്വിന്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തിയിരുന്നു. ചെന്നൈക്കെതിരായ മത്സരത്തിൽ അശ്വിന്‍ കളിച്ചിരുന്നില്ല. 

ഇഷാന്ത് ശര്‍മ്മ സീസണിൽ ഇതുവരെയും ഡൽഹിക്കായി ഇറങ്ങിയിട്ടില്ല. ഇശാന്തിന് പരിശീലനത്തിനിടെയാണ് പരിക്കേറ്റത് എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. 2019 സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിലെത്തിയ ഇശാന്ത് ടീമിലെ നിര്‍ണായക ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ്. കഴിഞ്ഞ സീസണില്‍ 13 മത്സരങ്ങളില്‍ 13 വിക്കറ്റായിരുന്നു സമ്പാദ്യം. ഇശാന്തിന്‍റെ പരിചയസമ്പത്തും ടീമിന് മുതല്‍ക്കൂട്ടാണ്. ചൊവ്വാഴ്ച ഹൈദരാബാദിനെതിരെയാണ് ഡൽഹിയുടെ അടുത്ത മത്സരം. 

ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാൻ റോയൽസ്- കിംഗ്സ് ഇലവൻ പഞ്ചാബ് പോരാട്ടമാണ്. വൈകിട്ട് 7.30ന് ഷാര്‍ജയിലാണ് മത്സരം. ചെറിയ ഗ്രൗണ്ടില്‍ വലിയ സ്‌കോര്‍ പിറക്കുമെന്നാണ് പ്രവചനം. രാജസ്ഥാന്‍ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിച്ചിരുന്നു. പഞ്ചാബ് ആദ്യ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനോട് പരാജയപ്പെട്ടെങ്കിലും രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്.  

ബെന്‍ സ്റ്റോക്‌സ് ഐപിഎല്ലിനില്ല? രാജസ്ഥാനെ ആശങ്കയിലാഴ്‌ത്തി മുന്‍താരത്തിന്‍റെ വാക്കുകള്‍