മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ എം എസ് ധോണിക്ക് പിന്‍ഗാമി ആരാവണം എന്ന ചര്‍ച്ചകള്‍ ഐപിഎല്ലോടെ വീണ്ടും സജീവമായിരിക്കുന്നു. രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി താരം സഞ്ജു സാംസണ്‍, മുംബൈ ഇന്ത്യന്‍സിന്‍റെ ഇഷാന്‍ കിഷന്‍, ഡല്‍ഹി കാപിറ്റല്‍സിന്‍റെ റിഷഭ് പന്ത് എന്നിവരുടെ പേരുകളാണ് ചര്‍ച്ചയിലുള്ളത്. ഇവരില്‍ ആരാണ് ധോണിക്ക് ഉചിതമായ പിന്‍ഗാമി എന്ന് പറയുകയാണ് ഇന്ത്യന്‍ മുന്‍ താരങ്ങളായ സഞ്ജയ് ബാംഗറും ആശിഷ് നെഹ്‌റയും. 

മലയാളി താരം സഞ്ജു സാംസണിന് നിരാശ നല്‍കുന്ന വാക്കുകളാണ് ഇരുവരുടേത്. 'വിക്കറ്റ് കീപ്പിംഗ് പരിഗണിക്കുമ്പോള്‍ റിഷഭ് പന്താണ് ധോണിയുടെ പിന്‍ഗാമിയാവേണ്ടത്. മിഡില്‍ ഓര്‍ഡര്‍ ബാറ്റിംഗ് പരിഗണിക്കുമ്പോള്‍ ഇടംകൈയന്‍ ബാറ്റ്സ്‌മാന്‍റെ സാന്നിധ്യം ഗുണം ചെയ്യും' എന്നും ബാംഗര്‍ പറഞ്ഞു. ബാംഗറിന്‍റെ നിരീക്ഷണങ്ങളെ നെഹ്‌റ ശരിവച്ചു. 'റിഷഭ് പന്തുമായി ടീം ഇന്ത്യ മുന്നോട്ടുപോവുകയാണ് വേണ്ടത്. പന്തിനെ പിന്തുണയ്‌ക്കേണ്ടതുണ്ട്. അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് വരുമ്പോള്‍ എല്ലാ താരങ്ങളും പിന്തുണ അര്‍ഹിക്കുന്നുണ്ട്' എന്നും നെഹ്‌റ പറഞ്ഞു. 

സ്‌റ്റോക്‌സ് ദൈവമൊന്നുമല്ല; എല്ലാവരും ശ്രമിച്ചാല്‍ മാത്രമേ രാജസ്ഥാന്‍ നന്നാവൂവെന്ന് ആകാശ് ചോപ്ര

ഐപിഎല്‍ പതിമൂന്നാം സീസണില്‍ വെടിക്കെട്ട് ബാറ്റിംഗുമായി തുടങ്ങിയ സഞ്ജു സാംസണ്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും പരാജയമായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയ ശേഷമായിരുന്നു സഞ്ജുവിന്‍റെ വീഴ്‌ച. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് 159 റണ്‍സ് നേടിയിരുന്നു സഞ്ജു. പതിവുപോലെ നന്നായി സീസണ്‍ തുടങ്ങിയ ശേഷം സഞ്ജു അലക്ഷ്യ ഷോട്ടുകള്‍ കളിച്ച് പുറത്താകുന്നു എന്ന വിമര്‍ശനം ശക്തമാണ്.

സഞ്ജു തിരിച്ചുവരുമോ?; കഴിഞ്ഞ മൂന്ന് ഐപിഎല്‍ സീസണുകളിലെ കണക്ക് പറയുന്നത് ഇങ്ങനെ.!