ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്റ്റാര്‍ ഫീല്‍ഡര്‍മാരില്‍ ഒരാളാണ് വിരാട് കോലി. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായും കോലിയുടെ മിന്നും ഫീല്‍ഡിംഗ് ആരാധകര്‍ കണ്ടിട്ടുണ്ട്. പതിമൂന്നാം സീസണിന് മുമ്പ് ഫീല്‍ഡിംഗ് മികവ് ചെത്തിമിനുക്കവെ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് കോലി. 

പരിശീലന സെഷനില്‍ മുഴുനീള ഡൈവിംഗ് ക്യാച്ചുമായാണ് കിംഗ് കോലി താരമായത്. കോലിപ്പറക്കലിന്‍റെ വീഡിയോ ആര്‍സിബി ട്വിറ്ററില്‍ പങ്കുവെച്ചു. പാര്‍ത്ഥീവ് പട്ടേല്‍. എ ബി ഡിവില്ലിയേഴ്‌സ് തുടങ്ങിയവരും ഫീല്‍ഡിംഗ് പരിശീലനത്തില്‍ പങ്കെടുത്തു. വിക്കറ്റിന് പിന്നിലായിരുന്നു എബിഡിയുടെ പരിശീലനം. 

ഇതുവരെ ഐപിഎല്‍ കിരീടം നേടാത്ത ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. എന്നാല്‍ മൂന്ന് തവണ ഫൈനലിലെത്തി. ഇത്തവണ ആരോണ്‍ ഫിഞ്ചും ക്രിസ് മോറിസും അടക്കമുള്ള താരങ്ങളെ ടീമിലെത്തിച്ചാണ് ആര്‍സിബി സീസണിന് ഒരുങ്ങുന്നത്. ഐപിഎല്ലില്‍ 177 മത്സരങ്ങളില്‍ 5412 റണ്‍സ് നേടിയിട്ടുള്ള കോലിയാണ് ടീമിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍. 154 മത്സരങ്ങളില്‍ 4395 റണ്‍സുള്ള എബിഡിയും ആര്‍സിബിയുടെ കരുത്താണ്. 

സെപ്റ്റംബര്‍ 19നാണ് യുഎഇയില്‍ ഐപിഎല്‍ പതിമൂന്നാം സീസണ്‍ ആരംഭിക്കുന്നത്. സെപ്റ്റംബര്‍ 21ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെയാണ് ആര്‍സിബിയുടെ ആദ്യ മത്സരം. 

കുത്തിതിരിഞ്ഞ് സ്റ്റംപിലേക്ക്, അന്തംവിട്ട് വാര്‍ണര്‍; ജോ റൂട്ടിന്റെ 'മാജിക്ക് ബൗള്‍' കാണാം