പല പേരുകള്‍ പറഞ്ഞുകേട്ടെങ്കിലും കോലിയുടെ അനുയോജ്യനായ പിന്‍ഗാമിയെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ പേസര്‍ ആശിഷ് നെഹ്‌റ

ദുബായ്: ഐപിഎല്‍ പതിനാലാം സീസണിനൊടുവില്‍(IPL 2021) വിരാട് കോലി(Virat Kohli) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(Royal Challengers Bangalore) നായകസ്ഥാനം ഒഴിയുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആരാവും ആര്‍സിബിയുടെ(RCB) അടുത്ത നായകന്‍ എന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്. പല പേരുകള്‍ പറഞ്ഞുകേട്ടെങ്കിലും കോലിയുടെ അനുയോജ്യനായ പിന്‍ഗാമിയെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ പേസര്‍ ആശിഷ് നെഹ്‌റ(Ashish Nehra). 

മലയാളി ഓപ്പണര്‍ ദേവ്‌ദത്ത് പടിക്കലിന് ഭാവിയില്‍ ആര്‍സിബിയെ വിജയകരമായി നയിക്കാന്‍ കഴിയും എന്നാണ് നെഹ്‌റയുടെ വാക്കുകള്‍. 'ദേവ്‌ദത്ത് പടിക്കലിന് റോയല്‍ ചലഞ്ചേഴ്‌സ് ടീമിനെ സുന്ദരമായി നയിക്കാനാകും. ദീര്‍ഘകാല ക്യാപ്റ്റനെയാണ് ടീം നോട്ടമിടുന്നതെങ്കില്‍ പടിക്കലിനാണ് ആര്‍സിബി ക്യാപ്റ്റന്‍സി കൈമാറേണ്ടത്' എന്നും നെഹ്‌റ ക്രിക്‌ബസിലെ ചര്‍ച്ചയില്‍ പറഞ്ഞു.

ഐപിഎല്‍ 2021: 'യഥാര്‍ത്ഥ കിംഗ് തിരിച്ചെത്തിയിരിക്കുന്നു'; ധോണിയുടെ ഫിനിഷിംഗിന് ശേഷം കോലിയുടെ വാക്കുകള്‍

വെറും 21 വയസ് മാത്രം പ്രായമുള്ള ദേവ്‌ദത്ത് പടിക്കല്‍ ഐപിഎല്ലിലെ രണ്ടാമത്തെ മാത്രം സീസണാണ് കളിക്കുന്നത്. 2020 സീസണ്‍ മുതല്‍ ആര്‍സിബിക്കായി ബാറ്റിംഗില്‍ സ്ഥിരതയാര്‍ന്ന പ്രകടനം താരം പുറത്തെടുക്കുന്നു. ഇരു സീസണുകളിലുമായി ഓപ്പണറായിറങ്ങി 28 മത്സരങ്ങളില്‍ 863 റണ്‍സ് സ്വന്തമാക്കി. 31.96 ആണ് ബാറ്റിംഗ് ശരാശരിയെങ്കില്‍ സ്‌ട്രൈക്ക് റേറ്റ് 125.25. ഈ സീസണിലാദ്യം 52 പന്തില്‍ 101 റണ്‍സുമായി കന്നി ഐപിഎല്‍ സെഞ്ചുറി തികച്ചിരുന്നു. കൂടാതെ ആറ് അര്‍ധ സെഞ്ചുറികളും താരത്തിനുണ്ട്. 

ഐപിഎല്‍ 2021: ധോണിയുടെ ഫിനിഷിംഗ്! ആന്ദന്ദക്കണ്ണീരണിഞ്ഞ് കുട്ടികള്‍, സമ്മാനവുമായി 'തല'- വീഡിയോ വൈറല്‍

പരിചയസമ്പത്താകും ദേവ്‌ദത്ത് പടിക്കലിനെ ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിക്കും മുമ്പ് ആര്‍സിബിക്ക് മുന്നിലുള്ള ആശങ്ക. വരും സീസണിന് മുമ്പ് വമ്പന്‍ താരലേലം നടക്കാനുള്ളതിനാല്‍ ക്യാപ്റ്റനെ പുറത്തുനിന്ന് സ്വന്തമാക്കാനുള്ള അവസരവും ആര്‍സിബിക്ക് മുന്നിലുണ്ട്. കരിയറിന്‍റെ അവസാന കാലത്തുള്ള സൂപ്പര്‍താരം എ ബി ഡിവില്ലിയേഴ്‌സിനെ നിലനിര്‍ത്തി ക്യാപ്റ്റന്‍സി ഏല്‍പിക്കുമോ എന്നതും ആകാംക്ഷ സൃഷ്‌ടിക്കുന്നു. 

ദേവ്‌ദത്തും ആര്‍സിബിയും ഇന്ന് കളത്തിലേക്ക്

ഐപിഎല്ലിലെ എലിമിനേറ്ററില്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്ന് ഓയിന്‍ മോര്‍ഗന്‍റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ഷാര്‍ജയില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് മത്സരം. ജയിക്കുന്നവര്‍ രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടുമ്പോള്‍ തോല്‍ക്കുന്നവര്‍ നാട്ടിലേക്ക് മടങ്ങും. 

ഐപിഎല്‍ 2021: ഷാര്‍ജയില്‍ മരണപ്പോരാട്ടം, എലിമിനേറ്ററില്‍ ബാംഗ്ലൂര്‍ ഇന്ന് കൊല്‍ക്കത്തയ്‌ക്കെതിരെ