മുംബൈ: ഐപിഎല്ലില്‍ കൊവിഡ് എങ്ങനെ നുഴഞ്ഞുകയറി എന്ന് പറയാനാവില്ലെന്ന് ബിസിസിഐ പ്രസി‍ഡന്‍റ് സൗരവ് ഗാംഗുലി. ബിസിസിഐ സുരക്ഷിതമെന്ന് അവകാശപ്പെടുന്ന ബയോ-ബബിളില്‍ ലംഘനമുണ്ടായി എന്ന റിപ്പോര്‍ട്ടുകള്‍ അദേഹം നിഷേധിച്ചു. രാജ്യത്ത് വിവിധ നഗരങ്ങളിലായി ടൂര്‍ണമെന്‍റ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത് കുറച്ച് കൊവിഡ് കേസുകള്‍ മാത്രമുള്ള സമയത്താണ് എന്നും ഗാംഗുലി പറഞ്ഞു. 

ബിസിസിഐ സഹായത്തിന്; നാട്ടിലേക്ക് തിരിക്കാനൊരുങ്ങുന്ന ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ആശ്വാസം

'ബയോ-ബബിളില്‍ വീഴ്‌ചയില്ല എന്നാണ് ഞങ്ങള്‍ക്ക് ലഭിച്ച റിപ്പോര്‍ട്ട്. എങ്ങനെയാണ് കൊവിഡ് പ്രവേശിച്ചത് എന്ന് പറയുക പ്രയാസമാണ്. രാജ്യത്ത് ഏറെപ്പേര്‍ക്ക് എങ്ങനെ കൊവിഡ് പിടിപെട്ടു എന്ന് പറയുകയും ക്ലേശകരമാണ്. അവശേഷിക്കുന്ന മത്സരങ്ങള്‍ എപ്പോള്‍ നടത്താന്‍ കഴിയുമെന്ന് ഇപ്പോള്‍ പറയാനാവില്ല' എന്നും ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് ഗാംഗുലി വ്യക്തമാക്കി. 

ഐപിഎല്‍ ഇന്ത്യയില്‍ നടത്തിയതിന് 1000 കോടി രൂപ ഈടാക്കണം; ബോംബെ ഹൈക്കോടതിയിൽ ഹര്‍ജി

ഐപിഎല്‍ ഉപേക്ഷിച്ചിട്ടില്ല, നീട്ടിവയ്‌ക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല ചൊവ്വാഴ്‌ച വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ ഒന്‍പതിന് ആരംഭിച്ച ഐപിഎല്‍ പതിനാലാം സീസണില്‍ 60 മത്സരങ്ങളുണ്ടായിരുന്നെങ്കിലും 29 എണ്ണം മാത്രമാണ് പൂര്‍ത്തിയായത്. നേരത്തെ നിശ്‌ചയിച്ച മത്സരക്രമം പ്രകാരം അഹമ്മദാബാദില്‍ മെയ് 30നായിരുന്നു ഫൈനല്‍ നടക്കേണ്ടിയിരുന്നത്. 

'തിരിച്ചടികളിലും ഒപ്പം നിന്ന ആരാധകർക്ക് നന്ദി, ടീം ശക്തമായി തിരിച്ചുവരും': സഞ്ജു സാംസണ്‍

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്‌പിന്നര്‍ വരുൺ ചക്രവർത്തി, പേസര്‍ സന്ദീപ് വാര്യർ, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബൗളിംഗ് പരിശീലകന്‍ ലക്ഷ്മിപതി ബാലാജി, ടീം സിഇഒ കാശി വിശ്വനാഥന്‍, ടീം ബസ് ജീവനക്കാരന്‍, ബാറ്റിംഗ് പരിശീലകന്‍ മൈക്ക് ഹസി, സൺറൈസേഴ്സ് ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാൻ സാഹ, ഡൽഹി ക്യാപിറ്റൽ‌സ് സ്‌പിന്നര്‍ അമിത് മിശ്ര എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ടൂർണമെന്റ് അനിശ്ചിതകാലത്തേക്ക് നീട്ടിവെക്കാൻ ബിസിസിഐ തീരുമാനിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona