മുംബൈ: ഐപിഎല്‍ പതിനാലാം സീസണില്‍ വൻ തകർച്ചയെ നേരിടുന്ന സഞ്ജു സാംസണിൻറെ രാജസ്ഥാൻ റോയൽസ് തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. മറ്റു ടീമുകളിലെ കളിക്കാരെ മിഡ് വിൻഡോ ട്രാൻസ്‌ഫറിലൂടെ ഒപ്പമെത്തിക്കുകയാണ് ലക്ഷ്യം. റോബിൻ ഉത്തപ്പയെ തിരിച്ചുതരാമോയെന്ന് ചെന്നെയോട് രാജസ്ഥാൻ ചോദിച്ചിട്ടുണ്ട്. ചെന്നൈ ഇതുവരെ ഉത്തപ്പയെ കളിപ്പിച്ചിട്ടുമില്ല. 

കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസ് താരമായിരുന്നു റോബിൻ ഉത്തപ്പ. കാര്യമായി തിളങ്ങാൻ അന്ന് ഉത്തപ്പക്ക് കഴിഞ്ഞതുമില്ല. അങ്ങനെയാണ് ഈ സീസൺ തുടങ്ങുന്നതിന് മുമ്പേ തന്നെ റോബിൻ ഉത്തപ്പയെ ചെന്നൈ സൂപ്പർ കിംഗ്സിന് കൈമാറിയത്. ആ ഉത്തപ്പയെ തിരിച്ചുകിട്ടാനായി കാത്തിരിക്കുകയാണ് പോയിൻറ് പട്ടികയിൽ ഏഴാം സ്ഥാനത്തുമുള്ള രാജസ്ഥാൻ റോയൽസ്. ബെൻ സ്റ്റോക്‌സ് പോയതോടെ തങ്ങളുടെ ബാറ്റിംഗ് നിരയുടെ ശക്തി തീർത്തും ദുർബലമാണെന്ന തിരിച്ചറിവിലാണിത്.

നിരാശ മാറ്റാൻ ഡൽഹി, ആശ്വാസത്തോടെ കൊൽക്കത്ത; രണ്ടാം മത്സരം തീപാറും

ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറിൽ തുടങ്ങുന്ന ബാറ്റിംഗ് ലൈനപ്പിൻറെ ഈ സീസണിലെ പ്രകടനം ഇങ്ങനെ. ജോസ് ബട്‌ലർ- അഞ്ച് കളിയില്‍ 89, മനൻ വോറ- നാല് കളിയില്‍ 42, യശ്വസി ജയ്സ്വാൾ- ഒരു കളിയില്‍ 22, സഞ്ജു സാംസൺ- അഞ്ച് കളിയില്‍ 187, ശിവം ദുബേ- അഞ്ച് കളിയില്‍ 110, റിയാൻ പരാഗ്- നാല് കളിയില്‍ 55, ഡേവിഡ് മില്ലർ- നാല് കളിയില്‍ 88. 

റോബിൻ ഉത്തപ്പ തിരിച്ചെത്തിയാൽ രാജസ്ഥാന്‍ റോയല്‍സിന് ഓപ്പണറായി കളിപ്പിക്കാം. ഇതോടെ മുൻനിര ശക്തമാകുമെന്ന് തന്നെ റോയൽസ് പ്രതീക്ഷിക്കുന്നു. ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറുടെ അഭാവവും ടീമിനെ നന്നായി അലട്ടുന്നുണ്ട്. മുംബൈ ഇന്ത്യൻസ് ടീമിലുണ്ടെങ്കിലും ഇതുവരെ കളിക്കാൻ അവസരം കിട്ടാത്ത ജിമ്മി നീഷത്തേയും രാജസ്ഥാൻ നോട്ടമിട്ടെന്നാണ് സൂചന. 

മൂന്നാം ജയം തേടി മുംബൈയും രാജസ്ഥാനും; സഞ്ജുവും രോഹിത്തും നേട്ടത്തിനരികെ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona