ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സരത്തിലെ മോശം പെരുമാറ്റത്തിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിക്ക് താക്കീത്. കോലി ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ലെവല്‍ വണ്‍ കുറ്റം ചെയ്തതായാണ് മാച്ച് റഫറിയുടെ കണ്ടെത്തല്‍. 

എം എ ചിദംബരം സ്റ്റേഡിയത്തില്‍ വ്യക്തിഗത സ്‌കോര്‍ 33ല്‍ നില്‍ക്കേ പുറത്തായി മടങ്ങവേ ബൗണ്ടറിലൈനും ടീം ഡഗൗട്ടിലെ കസേരയും തട്ടിത്തെറിപ്പിക്കുകയായിരുന്നു കോലി. 

മത്സരം റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ ആറ് റൺസിന് നാടകീയമായി വിജയിച്ചിരുന്നു. 150 റൺസ് എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദിന് ഒന്‍പത് വിക്കറ്റ് നഷ്‌ടത്തിൽ 143 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഒരുഘട്ടത്തിൽ 16 ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 115 എന്ന നിലയിൽ നിന്നാണ് ഹൈദരാബാദിന് മത്സരം നഷ്‌ടമായത്.

ഒരോവറിൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ഷഹബാസ് അഹമ്മദിന്‍റെ പ്രകടനമാണ് ബാംഗ്ലൂരിന് ജയം സമ്മാനിച്ചത്. 37 പന്തിൽ 54 റൺസെടുത്ത നായകൻ ഡേവിഡ് വാർണറാണ് ഹൈദരാബാദിന്‍റെ ടോപ് സ്‌കോറർ. മനീഷ് പാണ്ഡെ 39 പന്തിൽ 38 റൺസെടുത്തു. 

നായകൻ വിരാട് കോലി 29 പന്തിൽ 33 റണ്‍സെടുത്ത് പുറത്തായെങ്കിലും ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂർ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ അര്‍ധ സെഞ്ചുറിയുടെ മികവില്‍ 149 റൺസിലെത്തി. മാക്‌സ്‌വെൽ 41 പന്തിൽ 59 റൺസെടുത്തു. ജേസന്‍ ഹോള്‍ഡറാണ് കോലിയെ പുറത്താക്കിയത്. ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് കളിയിലെ മികച്ച താരം. 

വാര്‍ണര്‍ക്ക് മറുപടി ഷഹബാസിന്റെ വക; ഹൈദരാബാദിന് തോല്‍വി, ആര്‍സിബിക്ക് തുടര്‍ച്ചയായ രണ്ടാം ജയം

രാജസ്ഥാന്‍-ഡല്‍ഹി പോര് എന്തുകൊണ്ട് സഞ്ജു-റിഷഭ് പോരാട്ടമാകുന്നു?

ഉസ്‌ബക്കിസ്ഥാനില്‍ ഇരട്ട സ്വര്‍ണം: നീന്തല്‍താരം സജന്‍ പ്രകാശിനെ അഭിനന്ദിച്ച് കായികമന്ത്രി