Asianet News MalayalamAsianet News Malayalam

ക്ലാസ്, മാസ് സഞ്ജു, തീപ്പൊരി വെടിക്കെട്ട്; ഹൈദരാബാദിനെതിരെ രാജസ്ഥാന് സുരക്ഷിത സ്‌കോര്‍

കഴിഞ്ഞ മത്സരത്തിന്‍റെ ആവര്‍ത്തനം പോലെ ഒരറ്റത്ത് നിലയുറപ്പിച്ച സഞ്ജു സാംസണ്‍ 41 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. പിന്നാലെ ബൗളര്‍മാരെ കടന്നാക്രമിച്ച് സ‍ഞ്ജു മുന്നേറി. 

IPL 2021 SRH vs RR Rajasthan Royals set good target on Sanju Samson fire fifty
Author
Dubai - United Arab Emirates, First Published Sep 27, 2021, 9:13 PM IST

ദുബായ്: ഐപിഎല്ലില്‍(IPL 2021) സഞ്ജു സാംസണ്‍(Sanju Samson) വെടിക്കെട്ടില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്(Sunrisers Hyderabad) എതിരെ രാജസ്ഥാന്‍ റോയല്‍സിന്(Rajasthan Royals) മാന്യമായ സ്‌കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 164 റണ്‍സെടുത്തു. സാവധാനം തുടങ്ങി ഉഗ്രരൂപം കാട്ടിയ സഞ്ജു 57 പന്തില്‍ ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സും സഹിതം 82 റണ്‍സെടുത്തു. 

വീണ്ടും സഞ്ജു

രാജസ്ഥാന്‍ ഇന്നിംഗ്‌സിലെ രണ്ടാം ഓവറില്‍ ഭുവി ആദ്യ പന്തില്‍ സിക്‌സറിന് ശ്രമിച്ച എവിന്‍ ലൂയിസിനെ(4 പന്തില്‍ 6) ബൗണ്ടറിയില്‍ സമദിന്‍റെ കൈകളിലെത്തിച്ചു. ഇതിന് ശേഷം സുരക്ഷിതമായി 49-1 എന്ന സുരക്ഷിത സ്‌കോറില്‍ യശ്വസ്വി ജെയ്‌സ്വാളും സഞ്ജു സാംസണും പവര്‍പ്ലേ പൂര്‍ത്തിയാക്കുകയായിരുന്നു. 23 പന്തില്‍ 36 റണ്‍സെടുത്ത ജെയ്‌സ്വാള്‍ സന്ദീപിന് മുന്നില്‍ ബൗള്‍ഡായപ്പോള്‍ ഒരിക്കല്‍ കൂടി പരാജയമായ ലയാം ലിവിംഗ്‌സ്റ്റണ്‍ ആറ് പന്തില്‍ നാല് റണ്‍സില്‍ വീണു. റാഷിദ് ഖാനായിരുന്നു വിക്കറ്റ്. 

100 കടക്കാന്‍ രാജസ്ഥാന്‍ 14-ാം ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു. കഴിഞ്ഞ മത്സരത്തിന്‍റെ ആവര്‍ത്തനം പോലെ ഒരറ്റത്ത് നിലയുറപ്പിച്ച സഞ്ജു സാംസണ്‍ 41 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. പിന്നാലെ ബൗളര്‍മാരെ കടന്നാക്രമിച്ച് സ‍ഞ്ജു മുന്നേറി. കൗളിന്‍റെ 19-ാം ഓവറിലെ രണ്ടാം പന്ത് വരെ സഞ്ജുവിന്‍റെ പോരാട്ടം നീണ്ടു. നാലാം പന്തില്‍ റിയാന്‍ പരാഗ്(0) വീണു. എന്നാല്‍ ലോറോര്‍ 28 പന്തില്‍ 29 റണ്‍സുമായി സഞ്ജുവിന് പിന്തുണ നല്‍കിയതോടെ രാജസ്ഥാന്‍ മാന്യമായ സ്‌കോറിലെത്തുകയായിരുന്നു. 

വലിയ മാറ്റങ്ങളുമായി ടീമുകള്‍

ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വമ്പന്‍ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങിയത്. രാജസ്ഥാനില്‍ കാര്‍ത്തിക് ത്യാഗി പരിക്ക് മൂലം പുറത്തിരിക്കുമ്പോള്‍ കഴിഞ്ഞ മത്സരം നഷ്‌ടമായ ക്രിസ് മോറിസും എവിന്‍ ലൂയിസും തിരിച്ചെത്തി. സണ്‍റൈസേഴ്‌സില്‍ ഡേവിഡ് വാര്‍ണര്‍ക്ക് പകരം ജേസന്‍ റോയ്‌യും ഫോമിലല്ലാത്ത മനീഷ് പാണ്ഡെയ്‌ക്കും കേദാര്‍ ജാദവിനും പകരം യുവതാരങ്ങളായ പ്രിയം ഗാര്‍ഗും അഭിഷേക് ശര്‍മ്മയും പരിക്കേറ്റ ഖലീല്‍ അഹമ്മദിന് പകരം സിദ്ധാര്‍ഥ് കൗളും പ്ലേയിംഗ് ഇലവനിലെത്തി. 

രാജസ്ഥാന്‍ റോയല്‍സ്: എവിന്‍ ലൂയിസ്, യശ്വസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍(നായകന്‍), ലയാം ലിവിംഗ്‌സ്റ്റണ്‍, മഹിപാല്‍ ലോംറോര്‍, റിയാന്‍ പരാഗ്, രാഹുല്‍ തിവാട്ടിയ, ക്രിസ് മോറിസ്, ചേതന്‍ സക്കറിയ, ജയ്‌ദേവ് ഉനദ്ഘട്ട്, മുസ്‌താഫിസൂര്‍ റഹ്‌മാന്‍. 

സണ്‍റൈഡേഴ്‌സ് ഹൈദരാബാദ്: ജേസന്‍ റോയ്‌, വൃദ്ധിമാന്‍ സാഹ, കെയ്‌ന്‍ വില്യംസണ്‍(നായകന്‍), പ്രിയം ഗാര്‍ഗ്, അഭിഷക് ശര്‍മ്മ, അബ്‌ദുള്‍ സമദ്, ജേസന്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ഥ് കൗള്‍, സന്ദീപ് ശര്‍മ്മ. 

ജയിച്ചാല്‍ രാജസ്ഥാന്‍ നാലാമത് 

നെറ്റ് റണ്‍റേറ്റ് നെഗറ്റീവിലായതിനാല്‍ മികച്ച മാര്‍ജിനിലെ ജയം രാജസ്ഥാന്‍ റോയല്‍സിന് അനിവാര്യമാണ്. ഒമ്പത് കളിയില്‍ 8 തോല്‍വിയുമായി പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ച ഹൈദരാബാദിന് നഷ്‌ടപ്പെടാന്‍ ഒന്നുമില്ല. പുറത്തേക്കുള്ള വഴിയില്‍ രാജസ്ഥാനെയും കൂടെ കൂട്ടുമോയെന്നതാണ് അറിയാനുള്ളത്. പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് രാജസ്ഥാന്‍. ഒമ്പത് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് അവര്‍ക്കുള്ളത്. ഇന്ന് ജയിച്ചാല്‍ 10 പോയിന്റോടെ രാജസ്ഥാന് നാലാം സ്ഥാനത്തെത്താം. 

14 തവണ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഏഴ് ജയം വീതം നേടി. അവസാന അഞ്ച് കളികളില്‍ മൂന്ന് ജയം രാജസ്ഥാനുണ്ട്. ദുബായില്‍ രണ്ട് മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഇരു ടീമും ഓരോ കളികളില്‍ ജയിച്ചു. 

ഐപിഎല്‍ 2021: തോല്‍വിക്ക് പിന്നാലെ കൊല്‍ക്കത്തയ്‌ക്ക് തിരിച്ചടി; സൂപ്പര്‍താരത്തിന് പരിക്ക്

Follow Us:
Download App:
  • android
  • ios