Asianet News MalayalamAsianet News Malayalam

ജയിച്ചാല്‍ പ്ലേ ഓഫ്, തോറ്റാല്‍ മുംബൈയും ആര്‍സിബിയും തോല്‍ക്കാന്‍ കാത്തിരിക്കണം; ചെന്നൈയ്ക്ക് ഇന്ന് നിര്‍ണായകം

ഇന്ന് ജയിച്ചാല്‍ പോയന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായി ചെന്നൈക്ക് ആദ്യ ക്വാളിഫയറില്‍ ഗുജറാത്തിനെ നേരിടാം. തോറ്റാല്‍ നാളെ നടക്കുന്ന മുംബൈ ഇന്ത്യന്‍സ്-സണ്‍റൈസേഴ്സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-ഗുജറാത്ത് ടൈറ്റന്‍സ് മത്സരഫലങ്ങള്‍ കാത്തിരിക്കണം.

IPL 2023 delhi-capitals-vs-chennai-super-kings-match-preview gkc
Author
First Published May 20, 2023, 8:17 AM IST

ദില്ലി: ഐപിഎല്ലിൽ മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഇന്ന് അതിനിര്‍ണായക പോരാട്ടം. എവേ മത്സരത്തില്‍  ഡൽഹി ക്യാപ്പിറ്റൽസ് ആണ് ചെന്നൈയുടെ എതിരാളികള്‍. വൈകിട്ട് മൂന്നരയ്ക്ക് ദില്ലിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം. 15 പോയിന്‍റുമായി രണ്ടാം സ്ഥാനത്തുള്ള ചെന്നൈക്ക് ജയിച്ചാൽ പ്ലേ ഓഫ് ഉറപ്പിക്കാം. ഡൽഹി നേരത്തെ തന്നെ പ്ലേഓഫ് കാണാതെ പുറത്തായതിനാല്‍ ഇന്ന് അവര്‍ക്ക് അഭിമാനം നിലനിര്‍ത്താനുള്ള പോരാട്ടം മാത്രമാണിത്.

പക്ഷെ ഇന്ന് ഡല്‍ഹിയെ വിലകുറച്ചു കാണാന്‍ ചെന്നൈക്കാവില്ല. കാരണം കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനെ തോല്‍പ്പിച്ച് അവരുടെ പ്ലേ ഓഫ് സാധ്യത അടച്ചാണ് ഡല്‍ഹി ചെന്നൈക്കെതിരെ പോരാട്ടത്തിനിറങ്ങുന്നത്. പഞ്ചാബിനെതിരെ 213 റണ്‍സടിച്ച ബാറ്റിംഗ് നിരയില്‍ പൃഥ്വി ഷായും ഫോമിലായിക്കഴിഞ്ഞു. മറുവശത്ത് കൊല്‍ക്കത്തയോടേറ്റ അപ്രതീക്ഷിത തോല്‍വിയുടെ ഞെട്ടലിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്.

ഇന്ന് ജയിച്ചാല്‍ പോയന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായി ചെന്നൈക്ക് ആദ്യ ക്വാളിഫയറില്‍ ഗുജറാത്തിനെ നേരിടാം. തോറ്റാല്‍ നാളെ നടക്കുന്ന മുംബൈ ഇന്ത്യന്‍സ്-സണ്‍റൈസേഴ്സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-ഗുജറാത്ത് ടൈറ്റന്‍സ് മത്സരഫലങ്ങള്‍ കാത്തിരിക്കണം. ഇന്ന് ചെന്നൈ തോല്‍ക്കുകയും നാളെ ആര്‍സിബിയും മുംബൈയും ജയിക്കുകയും ചെയ്താല്‍ പോയന്‍റ് പട്ടികയില്‍ ഇരു ടീമുകളും ചെന്നൈയെ മറികടക്കും. ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ലഖ്നൗ കൊല്‍ക്കത്തയെ തോല്‍പ്പിച്ചാല്‍ ചെന്നൈ പ്ലേ ഓഫിലെത്താതെ പുറത്താവും.

പഞ്ചാബിനെ മറികടന്നു! പക്ഷേ, ഇങ്ങനെയല്ല ജയിക്കേണ്ടിരുന്നത്; രാജസ്ഥാന്‍ പ്ലേ ഓഫ് സാധ്യതകള്‍ക്ക് കാത്തിരിക്കണം

മികച്ച നെറ്റ് റണ്‍റേറ്റുണ്ടെന്നത് ചെന്നൈക്ക് അനുകൂലമാണെങ്കിലും ഇന്ന് ജയിച്ചാല്‍ കണക്കുകൂട്ടല്‍ മാറ്റിവെച്ച് പ്ലേ ഓഫ് ഉറപ്പിക്കാമെന്നതിനാല്‍ ജയത്തില്‍ കുറഞ്ഞതൊന്നും ചെന്നൈ ഇന്ന് പ്രതീക്ഷിക്കുന്നില്ല. ഈ സീസണിലെ ഏറ്റവും മികച്ച രണ്ട് സ്പിന്‍ ടീമുകളുടെ പോരാട്ടം കൂടിയായിരിക്കും ഇന്ന് ദില്ലിയില്‍ കാണാനാകുക. സീസണില്‍ ഡല്‍ഹി സ്പിന്നര്‍മാര്‍ 7.09 ഇക്കോണമിയില്‍ 24 വിക്കറ്റെടുത്തപ്പോള്‍ ചെന്നൈ സ്പിന്നര്‍മാര്‍ 7.55 ഇക്കോണമിയില്‍ 35 വിക്കറ്റ് വീഴ്ത്തി. മൊയിന്‍ അലിയും രവീന്ദ്ര ജഡേജയുമാണ് ചെന്നൈയുടെ സ്പിന്‍ ആക്രമണം നയിക്കുന്നതെങ്കില്‍ അക്സര്‍ പട്ടേലും കുല്‍ദീപ് യാദവുമാണ് ഡല്‍ഹിയുടെ തുരുപ്പ് ചീട്ടുകള്‍.

സ്പിന്‍ പിച്ചായിരുന്നിട്ടും ഹോം മത്സരങ്ങളില്‍ പക്ഷെ ഡല്‍ഹിക്ക് ഇത്തവണ മികവ് കാട്ടാനായിട്ടില്ല. ഈ സീസണില്‍ ഡല്‍ഹിയില്‍ കളിച്ച ആറ് കളികളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് വാര്‍ണറുടെ ടീം ജയിച്ചത്. പക്ഷെ കഴി‌ഞ്ഞ അഞ്ച് കളികളില്‍ മൂന്നിലും ടീമിന് ജയിക്കാനായി എന്നത് ഡല്‍ഹിക്ക് ആത്മവിശ്വാസം നല്‍കും. നേർക്കുനേർ പോരാട്ടത്തിൽ ചെന്നൈക്ക് തന്നെയാണ് മുന്‍തൂക്കം. ആകെ 28 കളികളിൽ 18ലും ചെന്നൈക്കായിരുന്നു ജയം.

രാജസ്ഥാന് വെറുതെയൊരു ജയം പോര! ഇങ്ങനെ ജയിച്ചാല്‍ ഒരുതരി പ്രതീക്ഷ ബാക്കി; ദേവ്ദത്തിലൂടെ തുടക്കം കസറി

Follow Us:
Download App:
  • android
  • ios