ഐപിഎൽ പതിനാറാം സീസണിലെ ആദ്യ ജയം തേടിയാണ് മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും ഇന്ന് നേര്‍ക്കുനേര്‍ വരുന്നത്

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും മുഖാമുഖം വരുമ്പോള്‍ കണ്ണുകള്‍ അര്‍ജന്‍ ടെന്‍ഡുല്‍ക്കറില്‍. ജോഫ്ര ആര്‍ച്ചര്‍ക്ക് പരിക്കായതിനാല്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ അരങ്ങേറ്റ മത്സരം കളിക്കുമോ എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇന്ന് അവസരം ലഭിച്ചാല്‍ അര്‍ജുനത് അരങ്ങേറ്റ മത്സരമാകും. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരായ ക്ലാസിക്കോയില്‍ ഇംപാക്‌ട് പ്ലെയേഴ്‌സിന്‍റെ പട്ടികയില്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ രോഹിത് ശര്‍മ്മ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും താരത്തിന് മൈതാനത്തിറങ്ങാന്‍ അവസരം ലഭിച്ചിരുന്നില്ല. മത്സരത്തില്‍ കുമാര്‍ കാര്‍ത്തികേയയാണ് ഇംപാക്‌ട് പ്ലെയറായി ഇറങ്ങിയത്. 

ജോഫ്ര ആര്‍ച്ചറുടെ പരിക്ക് നിരീക്ഷിച്ച് വരികയാണ്, ടീമിന്‍റെ മെഡിക്കല്‍ സംഘത്തിന്‍റെ നിര്‍ദേശം അനുസരിച്ചായിരിക്കും തീരുമാനം കൈക്കൊള്ളുക. ഉടന്‍ തന്നെ ആര്‍ച്ചര്‍ക്ക് കളിക്കാനാകുമെന്നാണ് പ്രതീക്ഷ എന്നും മുംബൈയുടെ മുഖ്യ പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വര്‍ഷമായി മുംബൈ ഇന്ത്യന്‍സിനൊപ്പമുണ്ടെങ്കിലും ഇതുവരെ അരങ്ങേറാന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് അവസരം ലഭിച്ചിരുന്നില്ല. ഈ സീസണില്‍ ആര്‍സിബിക്ക് എതിരായ ആദ്യ മത്സരത്തിന് മുമ്പ് നേരിയ പരിക്ക് അര്‍ജുനുണ്ടായിരുന്നതിനാല്‍ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. രണ്ടാം മത്സരത്തിന് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുത്തെങ്കിലും അവസരം ലഭിച്ചില്ല. കളിച്ച രണ്ട് മത്സരങ്ങളും തോറ്റതിനാല്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റത്തിന് രോഹിത് ശര്‍മ്മ മുതിരും എന്നുറപ്പാണ്. ഇടംകൈയന്‍ പേസ് ബൗളിംഗ് ഓപ്‌ഷനിനൊപ്പം ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യാനാകും എന്നതാണ് അര്‍ജുന് മുന്നിലുള്ള സാധ്യതകള്‍. 

ഐപിഎൽ പതിനാറാം സീസണിലെ ആദ്യ ജയം തേടിയാണ് മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും ഇന്ന് നേര്‍ക്കുനേര്‍ വരുന്നത്. വൈകിട്ട് ഏഴരയ്ക്ക് ദില്ലിയിലെ അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം. താരങ്ങളുടെ പരിക്കും ഫോംഔട്ടും അലട്ടുന്നതിനാല്‍ കൃത്യമായ പ്ലേയിംഗ് ഇലവന്‍ കണ്ടെത്തുക ഇരു ടീമിനും വലിയ തലവേദനയാവും. മുംബൈക്ക് പരിക്കിനൊപ്പം പ്രധാന താരങ്ങളുടെ ഫോംഔട്ടും തലവേദനയാണ്. ഫിറ്റ്നസ് പ്രശ്‌നം തുടരുന്ന ജോഫ്രാ ആർച്ചർ ഇന്നും മുംബൈ നിരയിലുണ്ടാകില്ല. അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ അരങ്ങേറിയില്ലെങ്കില്‍ മലയാളി താരം സന്ദീപ് വാര്യർക്ക് ഇന്ന് അവസരം കിട്ടിയേക്കും. 

Read more: ആദ്യ ജയത്തിന് മുംബൈയും ഡല്‍ഹിയും, പരിക്കും ഫോംഔട്ടും ടീമുകള്‍ക്ക് ബാധ്യത; ടോസ് വിധിയെഴുതും