Asianet News MalayalamAsianet News Malayalam

ലക്കി ലഖ്‌നൗ! ഹിറ്റാവാതെ ഹിറ്റ്‌മാന്‍, കിഷന്‍; വിക്കറ്റുകള്‍ വീണ് മുംബൈ, ഗ്രീന്‍ തിരിച്ചടിക്കുന്നു

ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു

IPL 2023 Eliminator LSG vs MI Mumbai Indians lost early wickets of Rohit Sharma Ishan Kishan jje
Author
First Published May 24, 2023, 7:57 PM IST

ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണിലെ എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ഓപ്പണര്‍മാരെ നഷ്‌ടം. ഇന്നിംഗ്‌സിലെ നാലാം ഓവറില്‍ നവീന്‍ ഹഖിന്‍റെ പന്തില്‍ രോഹിത് ശര്‍മ്മയെ(10 പന്തില്‍ 11) ആയുഷ് ബദോനി പിടികൂടിയപ്പോള്‍ തൊട്ടടുത്ത ഓവറില്‍ ഇഷാന്‍ കിഷനെ(12 പന്തില്‍ 15) യഷ് താക്കൂര്‍ വിക്കറ്റിന് പിന്നില്‍ നിക്കോളാസ് പുരാന്‍റെ കൈകളില്‍ ഭദ്രമാക്കി. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 62-2 എന്ന നിലയിലാണ് മുംബൈ. കാമറൂണ്‍ ഗ്രീനിനൊപ്പം(9 പന്തില്‍ 23*), സൂര്യകുമാര്‍ യാദവ്(4 പന്തില്‍ 9*) ക്രീസില്‍ നില്‍ക്കുന്നു. ഓപ്പണര്‍മാരെ നഷ്‌ടമായിട്ടും ഗ്രീനിലും സ്കൈയിലും പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് മുംബൈ. 

സ്‌പിന്നര്‍മാരായ ക്രുനാല്‍ പാണ്ഡ്യയും കൃഷ്‌ണപ്പ ഗൗതവുമാണ് ലഖ്‌നൗവിനായി ബൗളിംഗ് തുടങ്ങിയത്. ഇരുവരുടേയും ആദ്യ ഓവറുകളില്‍ മുംബൈ പ്രയാസപ്പെട്ടെങ്കിലും മൂന്നാം ഓവര്‍ മുതല്‍ രോഹിത്തും ഇഷാനും അടി തുടങ്ങി. എന്നാല്‍ ഇതോടെ വിക്കറ്റ് കൊഴിയാന്‍ ആരംഭിക്കുകയും ലഖ്‌നൗ ബൗളര്‍മാര്‍ പിടിമുറുക്കുകയുമായിരുന്നു. ഇതിന് ശേഷം തിരിച്ചടിക്കുകയാണ് ഗ്രീനിലൂടെ മുംബൈ. 

ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജീവന്‍മരണ പോരാട്ടത്തില്‍ മുംബൈ ഒരു മാറ്റവുമായാണ് ഇറങ്ങിയത്. കുമാര്‍ കാര്‍ത്തികേയക്ക് പകരം ഹൃത്വിക് ഷൊക്കീന്‍ ടീമിലെത്തി. ഇന്ന് ജയിക്കുന്നവർ രണ്ടാം ക്വാളിഫയറിൽ വെള്ളിയാഴ്‌ച ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. തോല്‍ക്കുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങാം. പതിനാറാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇതിനകം ഫൈനലില്‍ എത്തിയിട്ടുണ്ട്. ലീഗ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ലഖ്‌നൗ 5 റൺസിന് മുംബൈയെ തോൽപിച്ചിരുന്നു. ലഖ്‌നൗവിന്‍റെ 177 റൺസ് പിന്തുട‍ർന്ന മുംബൈയ്ക്ക് 172 റൺസിൽ എത്താനേ കഴിഞ്ഞുള്ളൂ. 

പ്ലേയിംഗ് ഇലവനുകള്‍

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്: ആയുഷ് ബദോനി, ദീപക് ഹൂഡ, പ്രേരക് മങ്കാദ്, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാന്‍(വിക്കറ്റ് കീപ്പര്‍), ക്രുനാല്‍ പാണ്ഡ്യ(ക്യാപ്റ്റന്‍), കൃഷ്‌ണപ്പ ഗൗതം, രവി ബിഷ്‌ണോയി, നവീന്‍ ഉള്‍ ഹഖ്, യഷ് താക്കൂര്‍, മൊഹ്‌സീന്‍ ഖാന്‍. 

സബ്സ്റ്റിറ്റ്യൂട്ട്‌സ്: കെയ്‌ല്‍ മെയേഴ്‌സ്, ഡാനിയേല്‍ സാംസ്, യുധ്‌വീര്‍ സിംഗ്, സ്വപ്‌നില്‍ സിംഗ്, അമിത് മിശ്ര. 

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, ടിം ഡേവി‍ഡ്, നെഹാല്‍ വധേര, ക്രിസ് ജോര്‍ദാന്‍, ഹൃത്വിക് ഷൊക്കീന്‍, പീയുഷ് ചൗള, ജേസന്‍ ബെഹ്‌റെന്‍ഡോര്‍ഫ്, ആകാശ് മധ്‌വാല്‍. 

സബ്സ്റ്റിറ്റ്യൂട്ട്‌സ്: രമന്ദീപ് സിംഗ്, കുമാര്‍ കാര്‍ത്തികേയ, വിഷ്‌ണു വിനോദ്, നേഹാല്‍ വധേര, സന്ദീപ് വാരിയര്‍. 

Read more: ആരാധകര്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ച് ധോണി; കാത്തിരിക്കുന്നത് ഇത്തവണയും കിരീടം? ചരിത്രം അങ്ങനെയാണ്!

Follow Us:
Download App:
  • android
  • ios