അവസാന സ്ഥാനക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സിനോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ്

അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണിലെ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് അഞ്ച് റണ്‍സിന്‍റെ തോല്‍വി വഴങ്ങിയതില്‍ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുത്ത് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. പാണ്ഡ്യ അര്‍ധ സെഞ്ചുറി നേടി ക്രീസിലുണ്ടായിട്ടും പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സിനോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ്. 

'ഞാന്‍ എല്ലാ പരിശ്രമവും നടത്തി. എന്നാല്‍ അത് വിജയിപ്പിക്കാനായില്ല. തീര്‍ച്ചയായും ഏത് ദിവസവും പിന്തുടര്‍ന്ന് ജയിക്കേണ്ട ടാര്‍ഗറ്റ് മാത്രമാണ് 131. തുടക്കത്തില്‍ കുറച്ച് വിക്കറ്റുകള്‍ നഷ്‌ടമായി. ഇതിന് ശേഷം അവസാന ഓവറുകളില്‍ രാഹുല്‍ തെവാട്ടിയയാണ് ഞങ്ങളെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. മധ്യ ഓവറുകളില്‍ കുറച്ചേറെ റണ്‍സ് നേടണമായിരുന്നു എങ്കിലും അതിന് കഴിഞ്ഞില്ല. അഭിനവ് മനോഹറിനും പുതിയ അനുഭവമായിരുന്നു ആ ഓവറുകള്‍. എനിക്ക് മത്സരം ഫിനിഷ് ചെയ്യാനാവാതെ വന്നു. എല്ലാ ക്രഡിറ്റും ഡല്‍ഹി ബൗളര്‍മാര്‍ക്കാണ്. ഞങ്ങളുടെ ടീം തോറ്റതിന്‍റെ എല്ലാ ഉത്തരവാദിത്തവും എനിക്കാണ്. എനിക്ക് താളം കണ്ടെത്താനായില്ല' എന്നും മത്സര ശേഷം ഹാര്‍ദിക് പാണ്ഡ്യ വ്യക്തമാക്കി. 

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ 131 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിനെ 20 ഓവറില്‍ 6 വിക്കറ്റിന് 125 റണ്‍സെടുക്കാനേ ഡല്‍ഹി ബൗളര്‍മാര്‍ അനുവദിച്ചുള്ളൂ. ഹാര്‍ദിക് പാണ്ഡ്യയുടെ അര്‍ധസെഞ്ചുറിയും(53 പന്തില്‍ 59*), രാഹുല്‍ തെവാട്ടിയയുടെയും(7 പന്തില്‍ 20), റാഷിദ് ഖാന്‍റേയും(2 പന്തില്‍ 3*) ഫിനിഷിംഗും ഏല്‍ക്കാതെ വന്നപ്പോള്‍ രണ്ട് വീതം വിക്കറ്റുമായി ഖലീല്‍ അഹമ്മദും ഇഷാന്ത് ശര്‍മ്മയും ഓരോരുത്തരെ പുറത്താക്കി ആന്‍‌റിച്ച് നോര്‍ക്യയും കുല്‍ദീപ് യാദവും ഡല്‍ഹിക്ക് ആശ്വാസ ജയമൊരുക്കി. അവസാന ഓവറില്‍ 11 റണ്‍സ് പ്രതിരോധിച്ച ഇഷാന്ത് ശര്‍മ്മയ്‌ക്ക് മുന്നില്‍ തെവാട്ടിയ വിക്കറ്റ് കളഞ്ഞപ്പോള്‍ ഫിനിഷിംഗ് പോരായ്‌മ അനുഭവപ്പെട്ടു പാണ്ഡ്യക്കും റാഷിദിനും. 

Read more: പണി തലമൂത്തവര്‍ക്ക് തന്നെ കൊടുത്തു; ഗുജറാത്തിനെ എറിഞ്ഞിട്ട് ഡല്‍ഹിയുടെ തിരിച്ചുവരവ്