എം എസ് ധോണിയുടെ കാല്‍മുട്ടിന് പരിക്കുള്ളതായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗ് ഒരു മാസം മുമ്പ് വ്യക്തമാക്കിയിരുന്നു

ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സര ശേഷം മൈതാനത്ത് കണ്ണീര്‍ രംഗങ്ങള്‍. മത്സരം കഴിഞ്ഞ് ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ധോണി മൈതാനത്തെ വലംവെച്ചപ്പോള്‍ അദേഹത്തിന്‍റെ കാലിലെ പരിക്ക് ആരാധകരെ വലിയ സങ്കടത്തിലാക്കി. ഇടത് കാല്‍മുട്ടില്‍ ഐസ്‌പാക്ക് വച്ചാണ് ധോണി മൈതാനത്തെ വലയം ചെയ്‌തത്. ധോണിയുടെ കാല്‍മുട്ടിലെ പരിക്ക് സ്ഥിരീകരിക്കുന്നതായി ഈ കാഴ്‌ച. ആരാധകരെ ഏറെ സങ്കടത്തിലാക്കി ഈ രംഗങ്ങള്‍. 

എം എസ് ധോണിയുടെ കാല്‍മുട്ടിന് പരിക്കുള്ളതായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗ് ഒരു മാസം മുമ്പ് വ്യക്തമാക്കിയിരുന്നു. ചെപ്പോക്കില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മൂന്ന് റണ്‍സിന് സിഎസ്‌കെ തോറ്റതിന് പിന്നാലെയായിരുന്നു കോച്ചിന്‍റെ വെളിപ്പെടുത്തല്‍. ഇതിന് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കളിച്ച എല്ലാ മത്സരത്തിലും ധോണി ഇറങ്ങിയിരുന്നു. കാല്‍മുട്ടിലെ പരിക്ക് വകവെക്കാതെ എല്ലാ കളിയിലും വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് അണിയുകയും ചെയ്‌തു. പരിക്കിനിടയിലും ചെപ്പോക്കിലെ ഗ്യാലറിയെ വലംവെച്ച് ഹോം ആരാധകര്‍ക്ക് നന്ദി അറിയിക്കാന്‍ ധോണി സമയം കണ്ടെത്തിയതിനെ പ്രശംസിക്കുന്നു ആരാധകര്‍. മൈതാനം ചുറ്റി ആരാധകര്‍ക്ക് പന്തും ജേഴ്‌സികളും ധോണി കൈമാറി. ചെപ്പോക്കിലെ ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുക്കുകയും ചെയ്‌തു ഇതിഹാസ താരം. സിഎസ്‌കെ സഹതാരങ്ങളും മാനേജ്‌മെന്‍റും സ്റ്റാഫുകളും ധോണിയെ അനുഗമിച്ചു. പരിക്കിനോട് അടിയറവ് പറയാതെ ഇപ്പോഴും കളിക്കുന്ന ധോണിയുടെ ആത്മാര്‍ഥതയെ വാഴ്‌ത്തുകയാണ് സിഎസ്‌കെ ഫാന്‍സ്. 41 വയസ് പിന്നിട്ടൊരു താരം പൂര്‍ണ ഊര്‍ജത്തോടെ കളിക്കുകയാണ് എന്ന് ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നു. 

Scroll to load tweet…
Scroll to load tweet…

ധോണിയും തല ആരാധകരും ആഹ്‌ളാദത്തിമിര്‍പ്പിലായിരുന്നെങ്കിലും കെകെആറിന് എതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 6 വിക്കറ്റിന്‍റെ തോല്‍വി നേരിട്ടു. ചെന്നൈ മുന്നോട്ടുവെച്ച 145 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത 18.3 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കുകയായിരുന്നു. പവർപ്ലേയില്‍ മൂന്ന് വിക്കറ്റ് നേടി പേസര്‍ ദീപക് ചാഹര്‍ കെകെആറിനെ വിറപ്പിച്ചെങ്കിലും തിരിച്ചടിച്ച റിങ്കു സിംഗ്-നിതീഷ് റാണ സഖ്യത്തിനെ പിടിച്ചുകെട്ടാന്‍ ധോണിയുടെ തന്ത്രങ്ങള്‍ക്കായില്ല. റിങ്കു 43 പന്തില്‍ 54 റണ്‍സെടുത്ത് പുറത്തായപ്പോള്‍ റാണ 44 ബോളില്‍ 57* റണ്‍സുമായി പുറത്താവാതെ നിന്നു. തോറ്റെങ്കിലും പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്ന സിഎസ്‌കെ പ്ലേ ഓഫ് സാധ്യത കൈവിട്ടിട്ടില്ല.

Read more: ധോണിയുടെ അവസാന ഐപിഎല്ലോ? മനസുതുറന്ന് സിഎസ്‌കെ സിഇഒ, ആരാധകര്‍ക്ക് സന്തോഷിക്കാനേറെ

Asianet News | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Kerala Live TV News