ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ വരവോടെ ഹൈദരാബാദിനും ടീം സെലക്ഷനിലെ തലവേദനയൊഴിഞ്ഞു

കൊല്‍ക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡഴ്‌‌സ് ഇന്ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.

റിങ്കു ഷോയിലൂടെ ആത്മവിശ്വാസത്തിന്‍റെ പരകോടിയിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ സ്വന്തം മണ്ണിൽ ഹാട്രിക് ജയമാണ് ലക്ഷ്യമിടുന്നത്. ബാറ്റിംഗ് ലൈനപ്പിൽ വമ്പന്‍ പേരുകാരില്ലെന്ന കുറവ് കൂട്ടായ പരിശ്രത്തിലൂടെയാണ് കൊൽക്കത്ത മറികടക്കുന്നത്. തുടർച്ചയായ രണ്ട് മത്സരത്തിലും കൊൽക്കത്ത 200 കടന്നു. ഓപ്പണിംഗിലെ താളപ്പിഴയ്ക്ക് പരിഹാരം കാണുകയാണ് ഇനി വേണ്ടത്. റഹ്മത്തുള്ള ഗുർബാസിനൊപ്പം മൂന്ന് മത്സരത്തിലും ഓപ്പണിംഗിൽ വ്യത്യസ്‌ത താരങ്ങളാണെത്തിയത്. ജേസൺ റോയും ലിറ്റൺ ദാസും കൂടി ടീമിനൊപ്പം ചേർന്നതോടെ നാലാം മത്സരത്തിലും മാറ്റമുറപ്പ്.

വിൻഡീസ് താരങ്ങളായ ആന്ദ്രേ റസൽ, സുനിൽ നരെയ്ൻ എന്നിവരുടെ ബാറ്റിംഗ് മികവ് കൂടി ടീം പ്രതീക്ഷിക്കുന്നു. യുവതാരം സുയാഷ് ശർമയെ ഇന്നും ഇംപാക്റ്റ് പ്ലെയറായി പരിഗണിക്കും. പേസറായി ടിം സൗത്തിക്ക് പകരം ലോക്കി ഫെർഗ്യൂസൻ തുടരും.

ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ വരവോടെ ഹൈദരാബാദിനും ടീം സെലക്ഷനിലെ തലവേദനയൊഴിഞ്ഞു. ഹാരി ബ്രൂക്ക് ടോപ് ഓർഡറിൽ തുടരും. മായങ്ക് അഗർവാൾ, രാഹുൽ ത്രിപാഠി, നായകൻ എയ്‌ഡൻ മർക്രാം, ഹെൻ‌റിച്ച് ക്ലാസൻ എന്നിവർ ചേരുന്ന ബാറ്റിംഗ് നിര ശക്തം. ഉമ്രാൻ മാലിക്, ടി നടരാജൻ, മാർക്കോ യാൻസൻ പേസ് ത്രയം കൊൽക്കത്തയ്ക്ക് വെല്ലുവിളി. എന്നാൽ കൊൽക്കത്തയുടെ സ്‌പിന്നർമാർ ഹൈദരാബാദിന് വെല്ലുവിളിയാകും. സീസണിൽ ഹൈദരാബാദിന്റെ 12 വിക്കറ്റുകളും നേടിയത് സ്‌പിന്നർമാർ. നേർക്കുനേർ പോരിലെ 23 മത്സരങ്ങളിൽ 15 കെകെആറും 8 കളികളിൽ ഹൈദരാബാദും ജയിച്ചു.

Read more...ഐപിഎല്‍: തലപ്പത്ത് സഞ്ജുവും കൂട്ടരും തന്നെ; കനത്ത ഭീഷണിയുയര്‍ത്തി രണ്ട് ടീമുകള്‍