സീസണില്‍ ഇതുവരെയുള്ള 9 മത്സരങ്ങളില്‍ 161 സ്ട്രൈക്ക് റേറ്റില്‍ സ്കോര്‍ ചെയ്യുന്ന കെയ്‌ല്‍ മെയേഴ്‌സ് 297 റണ്‍സ് നേടിക്കഴിഞ്ഞു

ലഖ്‌നൗ: ഐപിഎല്‍ പതിനാറാം സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് സ്വന്തം തട്ടകത്തില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടുമ്പോള്‍ കണ്ണുകളത്രയും പ്ലേയിംഗ് ഇലവനിലേക്കാണ്. പരിക്കേറ്റ നായകന്‍ കെ എല്‍ രാഹുല്‍ കളിക്കില്ല എന്ന് ഉറപ്പായതോടെ ഓപ്പണിംഗില്‍ ആരൊക്കെ വരുമെന്നതാണ് പ്രധാന ആകാംക്ഷ. രാഹുലിന്‍റെ അഭാവത്തിലും ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്‍റണ്‍ ഡികോക്കിന് ലഖ്‌നൗ അവസരം നല്‍കാനിടയില്ല. ഓപ്പണറായി കെയ്‌ല്‍ മെയേഴ്‌സിനെ ടീം നിലനിര്‍ത്താനാണ് സാധ്യത. 

സീസണില്‍ ഇതുവരെയുള്ള 9 മത്സരങ്ങളില്‍ 161 സ്ട്രൈക്ക് റേറ്റില്‍ സ്കോര്‍ ചെയ്യുന്ന കെയ്‌ല്‍ മെയേഴ്‌സ് 297 റണ്‍സ് നേടിക്കഴിഞ്ഞു. മൂന്ന് ഫിഫ്റ്റുകള്‍ ഇതുവരെ മെയേഴ്‌സിന്‍റെ പേരിലുണ്ട്. കെയ്‌ല്‍ മെയേഴ്‌സിന് പുറമെ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാന്‍, നവീന്‍ ഉള്‍ ഹഖ് എന്നിവരാണ് പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കാന്‍ സാധ്യതയുള്ള മറ്റ് വിദേശ താരങ്ങള്‍. ഇവരില്‍ പുരാനും സ്റ്റോയിനിസും മികച്ച ഇംപാക്‌ട് സൃഷ്‌ടിക്കാന്‍ കഴിയുന്ന താരങ്ങളാണേല്‍ നവീന്‍ മികച്ച ഫോമിലുമാണ്. ലഖ്‌നൗ മധ്യനിരയുടെ കരുത്താണ് പവര്‍ ഹിറ്റര്‍മാരായ പുരാനും സ്റ്റോയിനിസും. നവീന്‍ ഫോമിലായതിനാല്‍ മാര്‍ക്ക് വുഡിനെ കളിപ്പിക്കാനാവാത്ത അവസ്ഥയും ലഖ്‌നൗവിനുണ്ട്. നാല് മത്സരങ്ങളില്‍ വെറും 6.13 ഇക്കോണമിയില്‍ ഏഴ് വിക്കറ്റ് നവീന്‍ ഉള്‍ ഹഖിനുണ്ട്. സീസണിലെ ആദ്യ മത്സരങ്ങളില്‍ തകര്‍ത്ത് പന്തെറിഞ്ഞിട്ടും പുറത്തിരിക്കേണ്ട അവസ്ഥയാണ് ഇതോടെ മാര്‍ക്ക് വുഡിന്.

സിഎസ്‌കെയ്‌ക്ക് എതിരായ ഇന്നത്തെ മത്സരത്തില്‍ കെയ്‌ല്‍ മെയേഴ്‌സിനൊപ്പം ആയുഷ് ബദോനി, ദീപക് ഹൂഡ എന്നിവരിലൊരാള്‍ ഓപ്പണറായി എത്താനാണ് സാധ്യത. ടീം ഇന്ത്യക്കായി അയര്‍ലന്‍ഡിനെതിരെ ഓപ്പണ്‍ ചെയ്‌തുള്ള പരിചയം ഹൂഡയ്‌ക്കുണ്ട്. ആര്‍സിബിക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ മെയേഴ്‌സിനൊപ്പം ബദോനിയായിരുന്നു ഓപ്പണര്‍. കെ എല്‍ രാഹുലിന്‍റെ അസാന്നിധ്യത്തില്‍ ക്രുനാല്‍ പാണ്ഡ്യയായിരിക്കും ലഖ്‌നൗവിനെ ഇന്ന് നയിക്കുക.

Read more: ഇരട്ട പ്രഹരമേറ്റ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്; ജയ്‌ദേവ് ഉനദ്‌കട്ട് പരിക്കേറ്റ് സീസണില്‍ നിന്ന് പുറത്ത്