ഐപിഎല്ലില്‍ എം എസ് ധോണിയുടെ നായകത്വത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് ഇറങ്ങുകയാണ്

ലഖ്‌നൗ: ഇന്ത്യന്‍ ഇതിഹാസം എം എസ് ധോണി നിലവില്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി മാത്രമാണ് മത്സര ക്രിക്കറ്റില്‍ കളിക്കുന്നത്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ച ധോണിയുടെ അവസാന ഐപിഎല്‍ സീസണായിരിക്കും ഇതെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. അതിനാല്‍ ധോണിയുടെ മത്സരങ്ങള്‍ കാണാന്‍ ആരാധകര്‍ എല്ലാ സ്റ്റേഡിയങ്ങളിലും തിളങ്ങിനിറഞ്ഞ് എത്താറുമുണ്ട്. വിരമിക്കല്‍ അഭ്യൂഹം ശക്തമായിരിക്കേ ധോണിയുടെ ഭാവി എന്തായിരിക്കും എന്ന കാര്യത്തില്‍ തന്‍റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് സിഎസ്‌കെ സഹതാരം രവീന്ദ്ര ജഡേജ. 

'എപ്പോഴാണ് കളിക്കേണ്ടത് എന്നും അവസാനിപ്പിക്കേണ്ടത് എന്നും എം എസ് ധോണിക്ക് അറിയാം. ആരോടും പറയാതെ നിശബ്‌ദനായി കളമൊഴിയുകയേ ധോണി ചെയ്യൂ' എന്നുമാണ് സ്റ്റാര്‍ സ്പോര്‍ട്‌സിനോട് രവീന്ദ്ര ജഡേജയുടെ വാക്കുകള്‍. ഐപിഎല്ലില്‍ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ എം എസ് ധോണി 243 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇതിലെ 212 ഇന്നിംഗ്‌സുകളില്‍ 39.47 ബാറ്റിംഗ് ശരാശരിയിലും 135.92 പ്രഹരശേഷിയിലും ധോണി 5052 റണ്‍സ് അടിച്ചുകൂട്ടി. 24 അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പടെയാണിത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നാല് കിരീടങ്ങളിലേക്ക് നയിച്ച ധോണി ഐപിഎല്ലില്‍ ഏറ്റവും കിരീടമുള്ള രണ്ടാമത്തെ നായകനാണ്. 

ഐപിഎല്ലില്‍ എം എസ് ധോണിയുടെ നായകത്വത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് ഇറങ്ങുകയാണ്. ലഖ്‌നൗവില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സാണ് എതിരാളികള്‍. മത്സരത്തില്‍ ടോസ് നേടിയ ധോണി ബൗളിംഗ് തെരഞ്ഞെടുത്തു. പരിക്കേറ്റ കെ എല്‍ രാഹുല്‍ കളിക്കാത്തതിനാല്‍ ക്രുനാല്‍ പാണ്ഡ്യയാണ് ലഖ്‌നൗവിനെ നയിക്കുന്നത്. സിഎസ്‌കെ നിരയില്‍ പേസര്‍ ആകാശ് സിംഗിന് പകരം ദീപക് ചഹാര്‍ മടങ്ങിയെത്തി. മറ്റ് മാറ്റങ്ങളൊന്നും ഇലവനിലില്ല. ലഖ്‌നൗ നിരയില്‍ മനന്‍ വോറയും കരണ്‍ ശര്‍മ്മയും ഇന്ന് കളിക്കുന്നുണ്ട്. 

Read more: ലഖ്‌നൗവില്‍ കളിക്ക് മുമ്പേ മഴയുടെ കളി, ടോസ് വൈകുന്നു; മത്സരം ഇടയ്‌ക്ക് തടസപ്പെടാനും സാധ്യത