മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 20 ഓവറില്‍ ആറ് വിക്കറ്റിന് 199 റണ്‍സെടുത്തപ്പോള്‍ 18 പന്തില്‍ 30 റണ്‍സുമായി ഡികെ തിളങ്ങിയിരുന്നു

മുംബൈ: ഐപിഎല്‍ പതിനാറാം സീസണില്‍ മുംബൈ ഇന്ത്യന്‍സിന് എതിരായ ക്ലാസിക് പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മികച്ച സ്കോര്‍ ഉറപ്പിച്ച താരങ്ങളിലൊരാള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്കായിരുന്നു. എന്നാല്‍ ശാരീരിക അവശതകളുമായി പൊരുതിയാണ് ഡികെ തന്‍റെ കാമിയോ ഇന്നിംഗ്‌സ് കളിച്ചത് എന്ന് ആര്‍സിബി മുഖ്യ പരിശീലകന്‍ സഞ്ജയ് ബാംഗര്‍ വെളിപ്പെടുത്തി.

'ബാറ്റ് ചെയ്‌ത് കൊണ്ടിരിക്കുമ്പോള്‍ ദിനേശ് കാര്‍ത്തിക് ശാരീരികാസ്വാസ്ഥ്യങ്ങള്‍ നേരിടുന്നുണ്ടായിരുന്നു. ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയെത്തുമ്പോള്‍ നിര്‍ജലീകരണം അനുഭവപ്പെടുകയും ഛര്‍ദിക്കുകയും ചെയ്തു. അടുത്ത മത്സരത്തിന് മൂന്ന് നാല് ദിവസത്തെ അകലമുണ്ട്. അതിനാല്‍ ചികില്‍സയോടെ താരത്തിന് പൂര്‍ണ ആരോഗ്യത്തിലേക്ക് തിരിച്ചുവരാനാകുമെന്നാണ് പ്രതീക്ഷ' എന്നും ബാംഗര്‍ മുംബൈ ഇന്ത്യന്‍സിന് എതിരായ മത്സര ശേഷം വ്യക്തമാക്കി. മത്സരത്തില്‍ മുംബൈ ബാറ്റ് ചെയ്യവേ യുവതാരം അനൂജ് റാവത്താണ് ഡികെയ്‌ക്ക് പകരം വിക്കറ്റ് കീപ്പറുടെ ഗ്ലൗ അണിഞ്ഞത്. 

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 20 ഓവറില്‍ ആറ് വിക്കറ്റിന് 199 റണ്‍സെടുത്തപ്പോള്‍ 18 പന്തില്‍ 30 റണ്‍സുമായി ഡികെ തിളങ്ങിയിരുന്നു. ഫാഫ് ഡുപ്ലസിസ് നേടിയ 65 ഉം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ 68 ഉം കൂടെ ആര്‍സിബിക്ക് തുണയായി. എന്നാല്‍ മറുപടി ബാറ്റിംഗില്‍ മുംബൈ ഇന്ത്യന്‍സ് 16.3 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടപ്പെടുത്തി ജയത്തിലെത്തി. വെടിക്കെട്ട് വീരന്‍ സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റിംഗാണ് മുംബൈക്ക് ആറ് വിക്കറ്റ് ജയം സമ്മാനിച്ചത്. വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ 21 പന്തില്‍ 42 റണ്‍സെടുത്തപ്പോള്‍ സൂര്യ 35 പന്തില്‍ 83 അടിച്ചുകൂട്ടി. 34 പന്തില്‍ 52 റണ്‍സ് സ്വന്തമാക്കിയ നെഹാല്‍ വധേരയുടെ ബാറ്റിംഗും മുംബൈ ജയത്തില്‍ നിര്‍ണായകമായി.

Read more: യശസ്വി ജയ്‌സ്വാളും തിലക് വര്‍മ്മയുമല്ല; സെലക്‌ടര്‍മാരുടെ കണ്ണ് പതിഞ്ഞ താരത്തിന്‍റെ പേരുമായി റെയ്‌ന

Asianet News Malayalam Live News | Karnataka Election 2023| Doctor Attack | Kerala Live TV News