ഒരാളില്‍ സെലക്‌ടര്‍മാരുടെ കണ്ണ് പതിഞ്ഞിട്ടുണ്ടാകും എന്ന് പറയുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ മുന്‍ താരവും ഐപിഎല്‍ ഇതിഹാസവുമായ സുരേഷ് റെയ്‌ന

മൊഹാലി: ഐപിഎല്‍ പതിനാറാം സീസണ്‍ യുവതാരങ്ങളുടെ പ്രകടനങ്ങള്‍ കൊണ്ട് ശ്രദ്ധേയമാവുകയാണ്. യശസ്വി ജയ്‌സ്വാള്‍, ആയുഷ് ബദോനി, നെഹാല്‍ വധേര, റിങ്കു സിംഗ്, തിലക് വര്‍മ്മ, ജിതേഷ് ശര്‍മ്മ എന്നിങ്ങനെ മികവ് കാട്ടുന്ന യുവതാരങ്ങള്‍ നിരവധി. ഇവരില്‍ ഒരാളില്‍ സെലക്‌ടര്‍മാരുടെ കണ്ണ് പതിഞ്ഞിട്ടുണ്ടാകും എന്ന് പറയുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ മുന്‍ താരവും ഐപിഎല്‍ ഇതിഹാസവുമായ സുരേഷ് റെയ്‌ന. 

പഞ്ചാബ് കിംഗ്‌സ് ഫിനിഷര്‍ ജിതേഷ് ശര്‍മ്മയുടെ പേരാണ് റെയ്‌ന പറയുന്നത്. 'മധ്യനിര ബാറ്ററായി മികച്ച പ്രകടനമാണ് ജിതേഷ് ശര്‍മ്മ പുറത്തെടുക്കുന്നത്. ചില നിര്‍ണായക കാമിയോ പ്രകടനങ്ങള്‍ കാഴ്‌ച്ചവെച്ചു. വളരെ അഗ്രസീവായ താരമാണ്. കളിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായിരുന്നു. മികച്ച ബാറ്റിംഗിനൊപ്പം വിക്കറ്റ് കീപ്പിംഗ് കഴിവുകളും കൊള്ളാം. ജിതേഷ് ബാറ്റ് ചെയ്യുന്ന രീതി ഏവരുടേയും ശ്രദ്ധയാകര്‍ഷിക്കുന്നു. സെലക്‌ടര്‍മാര്‍ ജിതേഷില്‍ വീണ്ടും കണ്ണ് പതിപ്പിക്കും എന്നുറപ്പാണ്. പന്ത് നന്നായി ഹിറ്റ് ചെയ്യാന്‍ കഴിവുള്ള താരത്തിന് ഏറെ ഭാവി ഞാന്‍ കാണുന്നു' എന്നും സുരേഷ് റെയ്‌ന ജിയോ സിനിമയില്‍ പറഞ്ഞു. 

കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്‌സിനായി അരങ്ങേറിയ ജിതേഷ് ശര്‍മ്മ ഐപിഎല്‍ 2023ല്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. പഞ്ചാബിലെത്തും മുമ്പ് മുംബൈ ഇന്ത്യന്‍സ് സ്‌ക്വാഡിലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരമുണ്ടായിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റില്‍ വിദര്‍ഭയ്‌ക്കായി പുറത്തെടുത്ത പ്രകടനത്തോടെ താരം പഞ്ചാബ് കിംഗ്‌സിന്‍റെ കണ്ണുകളില്‍ പതിയുകയായിരുന്നു. മിഡില്‍, ലോവര്‍ ഓര്‍ഡ‍റുകളില്‍ ബാറ്റ് ചെയ്യുന്ന താരം 11 മത്സരങ്ങളില്‍ 160.49 സ്ട്രൈക്ക് റേറ്റില്‍ 260 റണ്‍സ് നേടിയിട്ടുണ്ട്. ശ്രീലങ്കയ്‌ക്ക് എതിരായ പരമ്പരയില്‍ പരിക്കേറ്റ സഞ്ജു സാംസണിന് പകരം ഇന്ത്യന്‍ ടീമിലെത്തിയെങ്കിലും കളിക്കാന്‍ ജിതേഷിന് അവസരം ലഭിച്ചിരുന്നില്ല. 

Read more: ലോകകപ്പ് കളിക്കാന്‍ കെ എല്‍ രാഹുല്‍ വരുമോ? ശസ്‌ത്രക്രിയ വിജയകരം, ഏറ്റവും പുതിയ അപ്‌ഡേറ്റ്

Asianet News Malayalam Live News | Karnataka Election 2023| Doctor Attack | Kerala Live TV News