സീസണില്‍ അഞ്ചില്‍ നാല് മത്സരങ്ങളും ജയിച്ച് പോയിന്‍റ് പട്ടികയില്‍ തലപ്പത്താണ് രാജസ്ഥാന്‍ റോയല്‍സ്

ജയ്‌പൂര്‍: ഐപിഎല്‍ പതിനാറാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് അവരുടെ ആറാം മത്സരത്തിന് ഇറങ്ങുകയാണ്. വിജയത്തുടര്‍ച്ച തുടരാന്‍ ടീം ഇറങ്ങുമ്പോള്‍ രാജസ്ഥാനെ കാത്തിരിക്കുന്നത് പ്ലേയിംഗ് ഇലവനിലെ സംശയങ്ങളാണ്. മത്സരങ്ങള്‍ ജയിക്കുന്നുണ്ടെങ്കിലും സന്തുലിതമായ ഇലവനെ കണ്ടെത്താന്‍ രാജസ്ഥാന് ഇതുവരെ ആയിട്ടില്ല. മധ്യനിര ബാറ്റിംഗിലാണ് പ്രശ്‌നങ്ങള്‍. ദേവ്‌ദത്ത് പടിക്കലും റിയാന്‍ പരാഗും ഫോം കണ്ടെത്താത്തതാണ് ആശങ്ക. ഇതേ കാര്യം സൂചിപ്പിക്കുകയാണ് മുന്‍ താരം ആകാശ് ചോപ്ര. 

സീസണില്‍ അഞ്ചില്‍ നാല് മത്സരങ്ങളും ജയിച്ച് പോയിന്‍റ് പട്ടികയില്‍ തലപ്പത്താണ് രാജസ്ഥാന്‍ റോയല്‍സ്. നാലാം നമ്പറില്‍ പ്രതീക്ഷിക്കുന്ന ഉയരത്തിലേക്ക് എത്താന്‍ പടിക്കലിന് ഇതുവരെയായിട്ടില്ല. ഇതോടെ പടിക്കലിനെ മൂന്നാമനായി ഇറക്കി സഞ്ജു സാംസണ്‍ നാലാം നമ്പറിലേക്ക് സ്നേഹത്യാഗം ചെയ്യുന്നത് ഇതിനകം ആരാധകര്‍ കണ്ടു. ഇതിനെ കുറിച്ച് ചോപ്രയുടെ വാക്കുകള്‍ ഇങ്ങനെ. 

'ദേവ്‌ദത്ത് പടിക്കല്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്നതാണ് നല്ലത്, ആ സ്ഥാനത്ത് അദേഹത്തിന് കൂടുതല്‍ റണ്‍സ് കണ്ടെത്താന്‍ അവസരമാകും. എന്നാല്‍ കൂടുതല്‍ റണ്‍സ് കണ്ടെത്തണമെങ്കില്‍ സഞ്ജുവും മൂന്നാമനായി വരണം. അതിനാല്‍ സഞ‌്ജുവിനും പടിക്കലിനും ടീമിനും ഉപകാരപ്രദമായ സന്തുലിതമായ ഇലവനെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ബട്‌ലര്‍ എല്ലാ മത്സരത്തിലും പൂജ്യത്തില്‍ പുറത്താവില്ല. ഒരു മത്സരത്തില്‍ പുറത്തായാല്‍ അടുത്ത കളിയില്‍ ആഞ്ഞടിക്കാന്‍ അയാള്‍ റെഡിയാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഗ്രാഫ് ചെറുതായി താഴ്‌ന്നതിനാല്‍ യശസ്വി ജയ്‌സ്വാളും റണ്‍സ് കണ്ടെത്തേണ്ടതുണ്ട്' എന്നും ആകാശ് ചോപ്ര ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ റോയല്‍സിന്‍റെ മത്സരത്തിന് മുന്നോടിയായി പറഞ്ഞു. 

ഐപിഎല്‍ പതിനാറാം സീസണിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ടീമുകള്‍ തമ്മിലുള്ള അങ്കമാണ് ഇന്ന് അരങ്ങേറുക. ജയ്‌പൂരിലെ റോയല്‍സിന്‍റെ തട്ടകമായ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി ഏഴരയ്‌ക്കാണ് മത്സരം ആരംഭിക്കുക. സീസണില്‍ ഇതുവരെ കളിച്ച അഞ്ചില്‍ നാല് മത്സരങ്ങളും ജയിച്ചാണ് സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുന്നത്. വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് സ്വന്തം തട്ടകത്തില്‍ റോയല്‍സ് ഇറങ്ങുമ്പോള്‍ നാലാം ജയം തേടിയാണ് രണ്ടാം സ്ഥാനക്കാരുടെ വരവ്.

Read more: സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമാവില്ല എന്ന് കണക്കുകള്‍; ഭീഷണി ലഖ്‌നൗ ഓള്‍റൗണ്ടര്‍