ഷാര്‍ജ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണിയുടെ തന്ത്രങ്ങളെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ധോണി ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങണമായിരുന്നുവെന്ന് സെവാഗ് ക്രിക്ബസിനോട് പറഞ്ഞു.

ഏഴാമനായി ബാറ്റിംഗിനിറങ്ങിയ ധോണിയുടെ ബാറ്റിംഗില്‍ വിജയത്തിനായുള്ള ആവേശമൊന്നും കണ്ടില്ല. അവസാന ഓവറില്‍ അദ്ദേഹം മൂന്ന് സിക്സറടിച്ചുവെങ്കിലും അഥുകൊണ്ട് പ്രത്യേകിച്ച് യാതൊരു കാര്യവുമില്ലായിരുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ 30 റണ്‍സില്‍ താഴെ മതിയായിരുന്നെങ്കില്‍ ആ സിക്സറുകള്‍ കൊണ്ട് കാര്യമുണ്ടായിരുന്നു.

Also Read: സഞ്ജുവിന്‍റെ സിക്‌സര്‍‌ പൂരം മിസ്സായോ! വീണ്ടും കാണാന്‍ ആഗ്രഹമുണ്ടോ? കാണാം ആ 9 കൂറ്റനടികള്‍- വീഡിയോ

മധ്യ ഓവറുകളില്‍ റണ്‍നിരക്ക് കുറഞ്ഞത് ചെന്നൈക്ക് തിരിച്ചടിയായി. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ അവസാന ഓവറില്‍ 20-22 റണ്‍സ് മതിയാവുമായിരുന്നു ചിലപ്പോള്‍ ജയിക്കാന്‍. അപ്പോഴാണ് ഈ മൂന്ന് സിക്സറുകള്‍ അടിച്ചതെങ്കില്‍ എല്ലാവരും ആശ്ചര്യത്തോടെ എന്തൊരു ഫിനിഷ് എന്ന് പറഞ്ഞേനെ.

Also Read: ധോണിയുടെ അവസാന ഓവറിലെ സിക്സറടി വ്യക്തിഗത സ്കോര്‍ ഉയര്‍ത്താന്‍ വേണ്ടി മാത്രം; തുറന്നടിച്ച് ഗംഭീര്‍

ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങാതിരുന്ന ധോണി സാം കറന്‍ പുറത്തായപ്പോള്‍ രവീന്ദ്ര ജഡേജയെ അയക്കണമായിരുന്നുവെന്നും സെവാഗ് പറഞ്ഞു. കേദാര്‍ ജാദവിന് മുമ്പെ ധോണി ഇറങ്ങിയിരുന്നെങ്കില്‍ ജാദവ് നേരിട്ട 16-17 പന്തുകള്‍ കൂടി ധോണിക്ക് കളിക്കാമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ചെന്നൈ 16 റണ്‍സിന് തോല്‍ക്കില്ലായിരുന്നു.

അന്തിമഫലം കാണുമ്പോള്‍ മത്സരം കടുത്തതായിരുന്നുവെന്ന് തോന്നും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയായിരുന്നില്ല. മത്സരത്തില്‍ ധോണിയുടെ ക്യാപ്റ്റന്‍സിക്ക് പത്തില്‍ നാല് മാര്‍ക്ക് മാത്രമെ നല്‍കാനാവു എന്നും സെവാഗ് പറഞ്ഞു.