മികച്ച ഫോമിലായിരുന്ന ജിതേഷ് ശര്‍മ്മ ലോംഗ് ഓണിന് മുകളിലൂടെ സിക്സിന് പറത്താൻ ശ്രമിച്ചു. റഷീദ് പന്ത് കൈപ്പിടിയില്‍ ഒതുക്കിയെങ്കിലും ബാലൻസ് നഷ്ടമായി.

ചെന്നൈ: ഐപിഎല്‍ ചരിത്രത്തിലെ വിവാദം നിറഞ്ഞ ക്യാച്ച് എടുത്ത് യുവ താരം ഷെയ്ഖ് റഷീദ്. മത്സരത്തിലെ ഏറ്റവും നിര്‍ണായകമായ സമയത്ത് ഏറ്റവും സുപ്രധാന താരത്തിന്‍റെ ക്യാച്ചാണ് പകരക്കാരൻ ഫീല്‍ഡറായ റഷീദ് എടുത്തത്. തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞ 19-ാം ഓവറിലെ നാലാം പന്തിലാണ് സംഭവം. മികച്ച ഫോമിലായിരുന്ന ജിതേഷ് ശര്‍മ്മ ലോംഗ് ഓണിന് മുകളിലൂടെ സിക്സിന് പറത്താൻ ശ്രമിച്ചു. റഷീദ് പന്ത് കൈപ്പിടിയില്‍ ഒതുക്കിയെങ്കിലും ബാലൻസ് നഷ്ടമായി.

എന്നാല്‍, ബൗണ്ടറി ലൈനില്‍ തൊടാതെ റഷീദ് പിടിച്ച് നിന്നു. പക്ഷേ, ടി വി റിപ്ലൈകളില്‍ പോലും രണ്ട് തരത്തില്‍ സംശയങ്ങള്‍ വന്നു. കാല് ബൗണ്ടറി ലൈനില്‍ കൊണ്ടില്ലെന്നാണ് അമ്പയര്‍ വിധിച്ചത്. എന്നാല്‍, ചില ആരാധകര്‍ ബൗണ്ടറി ലൈനില്‍ കൊണ്ടതായി അഭിപ്രായം ഉന്നയിക്കുന്നുണ്ട്. പഞ്ചാബിന് ഒമ്പത് പന്തില്‍ വിജയിക്കാൻ 15 റണ്‍സ് വേണ്ടപ്പോഴാണ് നിര്‍ണായകമായ ജിതേഷിന്‍റെ വിക്കറ്റ് നഷ്ടമായത്. എന്നാല്‍, ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ചെപ്പോക്കില്‍ കരയിച്ച് പഞ്ചാബ് കിംഗ്സ് മത്സരത്തില്‍ വിജയം നേടി.

അവസാന ഓവറില്‍ ഒമ്പത് റണ്‍സാണ് പഞ്ചാബിന് വേണ്ടിയിരുന്നത്. എന്നാല്‍, പതിറാണയുടെ ആദ്യ അഞ്ച് പന്തുകളിലും ബൗണ്ടറി നേടാൻ പഞ്ചാബിന് സാധിച്ചില്ല. ഇതോടെ അവസാന പന്തില്‍ മൂന്ന് റണ്‍സ് വേണമെന്ന നിലയായി. ആകാംക്ഷകള്‍ക്കൊടുവില്‍ റാസ പഞ്ചാബിനെ വിജയത്തിലെത്തിക്കുകയായിരുന്നു. . 201 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് നാല് വിക്കറ്റിന്‍റെ വിജയമാണ് സ്വന്തമാക്കിയത്. 42 റണ്‍സെടുത്ത് പ്രഭ്സിമ്രാൻ സിംഗ്, 40 റണ്‍സെടുത്ത ലിയാം ലിവിംഗ്സ്റ്റോണ്‍ എന്നിവരാണ് പഞ്ചാബ് ചേസിന് കരുത്ത് പകര്‍ന്നത്.

Scroll to load tweet…

അവസാന ഓവറുകളില്‍ തകര്‍ത്ത് ജിതേഷ് ശര്‍മ്മയും സിക്കന്ദര്‍ റാസയും തിളങ്ങി. ചെന്നൈക്ക് വേണ്ടി തുഷാര്‍ ദേശ്പാണ്ഡെ മൂന്ന് വിക്കറ്റും ജഡ‍േജ രണ്ട് വിക്കറ്റും വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈക്ക് ഡെവോണ്‍ കോണ്‍വെയുടെ (52 പന്തില്‍ 92) ഇന്നിംഗ്‌സാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. അര്‍ഷ്ദീപ് സിംഗ്, സിക്കന്ദര്‍ റാസ, രാഹുല്‍ ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

'അമ്പയ‍ർ സോള്‍ഡ് ടൂ മുംബൈ'; കണ്ണ് തുറന്ന് ഒന്ന് നോക്കൂ...; വിവാദ തീരുമാനങ്ങൾ, അമ്പയർമാരെ പൊരിച്ച് ആരാധകർ