ബോളിവുഡ് താരവും വിരാട് കോലിയുടെ ഭാര്യയുമായ അനൂഷ്ക ശർമ്മയെയും തോൽവി വളരെയധികം നിരാശപ്പെടുത്തി. കളിക്കിടെ നിരവധി തവണയാണ് അനൂഷ്കയെ തേടി ക്യാമറ കണ്ണുകൾ എത്തിയത്.

ബം​ഗളൂരു: ഒരു ഘട്ടത്തിൽ വിജയം ഉറപ്പിച്ച ശേഷം ലഖ്നൗ സൂപ്പർ ജയന്റ്സിനോട് തോൽവിയേറ്റതിന്റെ ആഘാതത്തിലാണ് ആർസിബി ആരാധകർ. സ്വന്തം ടീമിന്റെ മിന്നുന്ന ബാറ്റിം​ഗ് പ്രകടനം കണ്ടതിന്റെ ആവേശത്തിലായിരുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിന് താങ്ങുവുന്നതിലും ഏറെയായിരുന്നു ആർസിബിയുടെ ഞെട്ടിക്കുന്ന തോൽവി. ടീം പരാജയപ്പെട്ടതോടെ പൊട്ടിക്കരയുന്ന ആർസിബി ആരാധികയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

കൂടാതെ ബോളിവുഡ് താരവും വിരാട് കോലിയുടെ ഭാര്യയുമായ അനൂഷ്ക ശർമ്മയെയും തോൽവി വളരെയധികം നിരാശപ്പെടുത്തി. കളിക്കിടെ നിരവധി തവണയാണ് അനൂഷ്കയെ തേടി ക്യാമറ കണ്ണുകൾ എത്തിയത്. കോലി അർധ സെഞ്ചുറി കുറിച്ചപ്പോഴൊക്കെയുള്ള അനൂഷ്കയുടെ പ്രതികരണങ്ങൾ ആരാധകരെ ഏറെ സന്തോഷിപ്പിച്ചു. മത്സരത്തിൽ തോൽവി വഴങ്ങിയപ്പോൾ നിരാശയോടെ കോലി അനൂഷ്കയെ നോക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

അവിശ്വസനീയമായത് എന്തോ സംഭവിച്ചപോലെ നിരാശയോടെ തന്നെ അനൂഷ്കയും ഈ സമയം തലയാട്ടുകയായിരുന്നു. വിരാട് കോലിയുടെ ഭാര്യ എന്നതിലുപരി ആർസിബി ടീമിന്റെ കടുത്ത ആരാധികയാണ് അനൂഷ്ക. ബിരുദത്തിന് മൗണ്ട് കാർമൽ കോളജിൽ പഠിച്ചതടക്കം ഒരുപാട് ഓർമ്മകളാണ് അനൂഷ്കയ്ക്ക് ബം​ഗളൂരു ന​ഗരത്തിലുള്ളത്. അതേസമയം, എതിർ ടീം ആരാധകർ ആർസിബിയുടെ തോൽവി ശരിക്കും ആഘോഷമാക്കുകയാണ്. പഴയ ആർസിബിയിൽ നിന്ന് ഒരു മാറ്റവുമില്ലല്ലോ എന്നാണ് അവർ ചോദിക്കുന്നത്.

Scroll to load tweet…

കടുത്ത നിരാശയിലായ ആർസിബി ആരാധകർ താരങ്ങൾക്കെതിരെ രൂക്ഷ പ്രതികരണങ്ങളും നടത്തുന്നുണ്ട്. അതിൽ പഴി ഏറ്റവും കൂടുതൽ ഏറ്റുവാങ്ങുന്ന താരങ്ങളിലൊരാൾ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്കാണ്. ലഖ്നൗവിന് വിജയിക്കാൻ ഒരു റൺസ് മാത്രം വേണ്ടപ്പോൾ വിക്കറ്റിന് പിന്നിൽ അതിജാ​ഗ്രത കാട്ടിയില്ലെന്നാണ് ആരാധകർ വിമർശനം ഉന്നയിക്കുന്നത്.

എം എസ് ധോണി പല സമയത്തും, പ്രത്യേകിച്ച് 2016 ട്വന്റി 20 ലോകകപ്പിൽ ബം​ഗ്ലാദേശിനെതിരെ സമാനമായ സാഹചര്യത്തിൽ നടത്തിയ മിന്നുന്ന പ്രകടനം ഒന്ന് കണ്ട് നോക്കാനാണ് ആരാധകർ കാർത്തിക്കിനോട് പറയുന്നത്. ഒരു പടി കൂടെ ക‌ടന്ന ദിനേശ് കാ‍ർത്തിക്കിന്റെ നിദാഹാസ് ട്രോഫിയിലെ ഫിനിഷിം​ഗ് ഭാ​ഗ്യം കൊണ്ട് മാത്രമായിരുന്നുവെന്ന് വരെ ചില ആരാധകർ വിമർശിക്കുന്നുണ്ട്.

എങ്ങനെ സഹിക്കും! വിതുമ്പി അനൂഷ്ക, നെഞ്ചുപൊട്ടി പൊട്ടിക്കരഞ്ഞ് ആരാധിക; ട്രോളുമായി എതിർ ടീമുകളുടെ ആരാധകരും