ഐപിഎല്ലില്‍ തുടര്‍ ജയങ്ങള്‍ക്ക് ശേഷം ഹോം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോല്‍വി വഴങ്ങിയതില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി ടീം അംഗങ്ങളെ തന്നെ വിമര്‍ശിച്ചിരുന്നു.

ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബി - കെകെആര്‍ മത്സരശേഷം താരങ്ങളും ടീം അധികൃതരും പരസ്പരം ഹസ്തദാനം നല്‍കുമ്പോള്‍ വിരാട് കോലിയോടുള്ള ബഹുമാനം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കി കൊല്‍ക്കത്തയുടെ യുവതാരം റിങ്കു സിംഗ്. ഹസ്തദാനം നല്‍കി കോലിയുടെ അടുത്ത് എത്തിയപ്പോള്‍ റിങ്കു സിംഗ് മുൻ ഇന്ത്യൻ ടീം നായകന്‍റെ കാലില്‍ തൊടുകയായിരുന്നു. ഇതിന് ശേഷം യുവതാരത്തെ കോലി കെട്ടിപ്പിടിക്കുകയും ചെയ്തു. ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

അതേസമയം, റിങ്കു ഉള്‍പ്പെടെ മികവ് കാട്ടിയതോടെ ആര്‍സിബി തോല്‍പ്പിക്കാൻ കൊല്‍ക്കത്തയ്ക്ക് സാധിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സടിച്ചപ്പോള്‍ ആര്‍സിബിക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 179 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സുയാഷ് ശര്‍മയും ആന്ദ്രെ റസലും ചേര്‍ന്നാണ് ആര്‍സിബിയെ എറിഞ്ഞിട്ടത്.

ഐപിഎല്ലില്‍ തുടര്‍ ജയങ്ങള്‍ക്ക് ശേഷം ഹോം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോല്‍വി വഴങ്ങിയതില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി ടീം അംഗങ്ങളെ തന്നെ വിമര്‍ശിച്ചിരുന്നു. കൊല്‍ക്കത്തക്ക് ആര്‍സിബി വിജയം സമ്മാനിക്കുകയായിരുന്നുവെന്ന് മത്സരശേഷം സമ്മാനദാനച്ചടങ്ങില്‍ കോലി പറഞ്ഞു. സത്യസന്ധമായി പറഞ്ഞാല്‍ ഞങ്ങള്‍ അവര്‍ക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

ഞങ്ങള്‍ ഈ തോല്‍വി അര്‍ഹിച്ചിരുന്നു. കാരണം, പ്രഫഷണലായിട്ടല്ല ഞങ്ങള്‍ കളിച്ചത്. ഞങ്ങള്‍ നന്നായി പന്തെറിഞ്ഞു. പക്ഷെ, ഫീല്‍ഡിംഗ് നിലവാരമുള്ളതായിരുന്നില്ല. ഞങ്ങളുടെ ഫീല്‍ഡിംഗ് പിഴവുകള്‍ കാരണം അവര്‍ക്ക് റണ്‍സേറെ ലഭിച്ചു. രണ്ട് നിര്‍ണായക ക്യാച്ചുകള്‍ ഞങ്ങള്‍ കൈവിട്ടു. അതുവഴി 25-30 റണ്‍സ് അധികം നേടാന്‍ അവര്‍ക്കായി. ബാറ്റിംഗില്‍ ഞങ്ങള്‍ നല്ല രീതിയിലാണ് തുടങ്ങിയത്. പക്ഷെ പിന്നീട് നാലോ അഞ്ചോ അനായാസ പുറത്താകലിലൂടെ ഞങ്ങള്‍ തോല്‍വി ചോദിച്ചുവാങ്ങിയെന്നും കോലി പറഞ്ഞു. 

മൂന്ന് ബാറ്റർമാർ, ഒരു ബൗളര്‍, ഏഴ് ഫീല്‍ഡര്‍മാര്‍; ഇങ്ങനെയൊരു ടീം 'സ്വപ്നത്തില്‍ മാത്രം', തലയിൽ കൈവച്ച് ആരാധകർ