ഇന്നലത്തെ മത്സരത്തിൽ ഒട്ടേറെ നാഴികകല്ലുകളാണ് ക്യാപ്റ്റൻ സഞ‌്ജു സ്വന്തമാക്കിയത്. ഐ പി എല്ലിൽ 100 ാം മത്സരത്തിനിറങ്ങിയ മലയാളി താരം 5000 റൺസ് എന്ന കടമ്പ പിന്നിടുന്ന ചുരുക്കം ചിലരിൽ ഒരാളായി മാറുകയും ചെയ്തു.

മുംബൈ: ഐ പി എൽ നടപ്പ് സീസണിൽ തകർപ്പൻ പ്രകടനമാണ് രാജസ്ഥാൻ റോയൽസ് നടത്തുന്നത്. വമ്പൻ ടീമുകളെയെല്ലാം മുട്ടുകുത്തിച്ച് കുതിക്കുന്ന സഞ്ജുവും കൂട്ടരും ഇന്നലെ ഡൽഹി ക്യാപ്പിറ്റൽസിനെയും തകർത്തെറിഞ്ഞിരുന്നു. ജോസ് ബട്ട്ലറിന്‍റെ തകർപ്പൻ ബാറ്റിംഗിനൊപ്പം മുന്നിൽ നിന്ന് നയിക്കുന്ന സഞ്ജു കൂടിയാണ് രാജസ്ഥാന്‍റെ കരുത്ത്. ഇന്നലത്തെ മത്സരത്തിൽ ഒട്ടേറെ നാഴികകല്ലുകളാണ് ക്യാപ്റ്റൻ സഞ‌്ജു സ്വന്തമാക്കിയത്. ഐ പി എല്ലിൽ 100 ാം മത്സരത്തിനിറങ്ങിയ മലയാളി താരം 5000 റൺസ് എന്ന കടമ്പ പിന്നിടുന്ന ചുരുക്കം ചിലരിൽ ഒരാളായി മാറുകയും ചെയ്തു.

രാജസ്ഥാന് കുറ്റൻ സ്കോർ സമ്മാനിക്കുന്നതിൽ 19 പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്ന നായകൻ വലിയ പങ്കാണ് വഹിച്ചത്. മത്സര ശേഷം നടന്ന ടീം മീറ്റിംഗിൽ സഞ്ജുവിന് അഭിനന്ദന പ്രവാഹമായിരുന്നു. പരിശീലകനും ശ്രീലങ്കയുടെ ഇതിഹാസ താരവുമായ കുമാർ സംഗക്കാരയടക്കമുള്ളവ‍ർ മലയാളി താരത്തെ അഭിനന്ദനം കൊണ്ട് മൂടി. മൂന്നാമനായി ക്രീസിലെത്തി ശര വേഗത്തിൽ റൺസ് അടിച്ചു കൂട്ടിയത് ചൂണ്ടികാട്ടി ഇതാണ് സഞ‌്ജു എന്നായിരുന്നു സംഗക്കാര ടീം മീറ്റിംഗിൽ പറഞ്ഞുവച്ചത്. ടീം മീറ്റിംഗിലെ അഭിനന്ദന പ്രവാഹം മസിൽ കാട്ടിയാണ് സഞ്ജു വരവേറ്റത്. ബട്ട്ലറടക്കമുള്ളവ‍ർ കൈയ്യടിച്ചും ചിരിച്ചുമാണ് സഞ്ജുവിന്‍റെ മസിൽ കാട്ടലിനെ സ്വീകരിച്ചത്. ഇതിന്‍റെ വീഡിയോ രാജസ്ഥാൻ റോയൽസ് തന്നെ ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

വീഡിയോ കാണാം

Scroll to load tweet…

പന്തിനും കോച്ചിനും നൂറ് ശതമാനം പിഴ; ശർദ്ദുലിന് 50 ശതമാനം; തോൽവിക്ക് പിന്നാലെ പിഴ വാരിക്കൂട്ടി ഡൽഹി

അതേസമയം രാജസ്ഥാനെതിരായ മത്സരത്തിനിടെ അമ്പയറുടെ തീരുമാനം ചോദ്യം ചെയ്ത ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ റിഷഭ് പന്തിന് മാച്ച് ഫീയുടെ നൂറ് ശതമാനം പിഴ ചുമത്തി. അസിസ്റ്റന്റ് കോച്ച് പ്രവീൺ ആംറേയ്ക്കും മാച്ച് ഫീയുടെ 100 ശതമാനമാണ് പിഴ ചുമത്തിയത്. ആംറേയ്ക്കും ഒരു മത്സര വിലക്കുമുണ്ട്. ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ക്യാപിറ്റൽസിന്റെ പേസർ ശാർദുൽ താക്കൂറിന് മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തിയിട്ടുണ്ട്. ഐപിഎൽ പെരുമാറ്റച്ചട്ടത്തിന്റെ ആർട്ടിക്കിൾ 2.7 പ്രകാരമുള്ള ലെവൽ 2 കുറ്റം പന്ത് ഏറ്റുപറഞ്ഞിട്ടുണ്ട്. ശർദ്ദുൽ താക്കൂർ ആർട്ടിക്കിൾ 2.8 പ്രകാരം ലെവൽ 2 കുറ്റവും, ആർട്ടിക്കിൾ 2.2 പ്രകാരം ലെവൽ 2 കുറ്റം ആംരെയും ഏറ്റുപറഞ്ഞ് ശിക്ഷ ഏറ്റുവാങ്ങാൻ സമ്മതം അറിയിച്ചതായാണ് റിപ്പോർട്ട്.

നാടകീയ സംഭവങ്ങള്‍ക്കൊടുവിലായിരുന്നു ഡല്‍ഹി കാപിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന്റെ വിജയം. അംപയര്‍ നോബാള്‍ വിളിക്കാത്തതില്‍ ഡല്‍ഹി താരങ്ങള്‍ ഉയര്‍ത്തിയ പ്രതിഷേധമാണ് വിവാദത്തിലേക്ക് നയിച്ചത്. അവസാന ഓവറില്‍ ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടത് 36 റണ്‍സ്. രാജസ്ഥാന്‍ പേസര്‍ ഓബദ് മക്കോയുടെ ആദ്യ മൂന്ന് പന്തും റോവ്മാന്‍ പവല്‍ ഗാലറിയിലെത്തിച്ചു. എന്നാല്‍ മൂന്നാം പന്ത് നോബാളാണെന്ന വാദമുയര്‍ന്നു. ഫുള്‍ടോസാണെന്ന മറുവാദവുമുണ്ടായി. അംപയര്‍ നോബോള്‍ വിളിക്കാതിരുന്നതോടെ ഡല്‍ഹി നായകന്‍ റിഷഭ് പന്തിന്റെ നിയന്ത്രണം വിട്ടു. ബാറ്റര്‍മാരോട് തിരികെ വരാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ ഡല്‍ഹി കോച്ചിംഗ് സ്റ്റാഫ് ഷെയ്ന്‍ വാട്‌സണ്‍ പന്തിനെ വിലക്കുന്നുണ്ടായിരുന്നു. പന്തിനെ എതിര്‍ത്ത് രാജസ്ഥാന്‍ താരം ജോസ് ബട്‌ലറുമെത്തി. അംപയര്‍ ഡല്‍ഹി താരങ്ങളെ ശാന്തരാക്കുന്നതിനിടെ ബാറ്റിംഗ് കോച്ച് പ്രവീണ്‍ ആംറെ ഗ്രൗണ്ടിലേക്കെത്തി. തര്‍ക്കത്തിലൂടെ സമയം പോയപ്പോള്‍ പവലിന്റെ താളംനഷ്ടമായി. 15 റണ്‍സകലെ ഡല്‍ഹിയുടെ പോരാട്ടത്തിന് അവസാനം. മത്സരശേഷവും പന്ത് ക്ഷുഭിതനായി കാണപ്പെട്ടു. അംപയറുടെ തീരുമാനം ശരിയായിരുന്നുവെന്നാണ് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണും അഭിപ്രായപ്പെട്ടു. ആംറേ ഗ്രൗണ്ടിലേക്കിറങ്ങിയത് അംഗീകരിക്കാനാവില്ലെന്ന് മുന്‍താരം കെവിന്‍ പീറ്റേഴ്‌സണും വ്യക്തമാക്കി.