ഓവർ നിരക്ക് കുറവായതിന്റെ പേരിൽ രാജസ്ഥാൻ നായകൻ സഞ്ജു സാംസണും ​ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്കും പിഴ ചുമത്തിയിരുന്നു.

ജയ്പുർ: ഐപിഎല്ലിൽ ഞായറാഴ്ചത്തെ സൂപ്പർ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസും ​ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടുമ്പോൾ ഇരു ക്യാപ്റ്റൻമാർക്കും ഓവർ നിരക്കിന്റെ കാര്യം ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യം. ഓവർ നിരക്ക് കുറവായതിന്റെ പേരിൽ രാജസ്ഥാൻ നായകൻ സഞ്ജു സാംസണും ​ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്കും പിഴ ചുമത്തിയിരുന്നു. ഐപിഎല്‍ പെരുമാറ്റച്ചട്ടം അനുസരിച്ച് ടീമിന്റെ സീസണിലെ ആദ്യ കുറ്റമായതിനാല്‍ 12 ലക്ഷം രൂപയാണ് സഞ്ജുവിനും ഹാർദിക്കിനും പിഴ ചുമത്തിയത്.

രാജസ്ഥാൻ ചെന്നൈയെ നേരിട്ടപ്പോഴും ​ഗുജറാത്ത് പഞ്ചാബിനെ നേരിട്ടപ്പോഴുമാണ് ഈ പിഴവ് വന്നത്. സീസണിലെ ആദ്യ പിഴവ് ആയത് കൊണ്ട് മാത്രമാണ് പിഴ 12 ലക്ഷത്തിൽ ഒതുങ്ങിയത്. ഇനി ആവർത്തിച്ചാൽ 24 ലക്ഷം പിഴയാണ് ഇരു താരങ്ങൾക്കും നേരിടേണ്ടി വരിക. ആദ്യ ഇലവനിൽ ഉൾപ്പെട്ട ബാക്കി 10 താരങ്ങൾക്കും ഇനി പിഴവ് വന്നാൽ പിഴയുണ്ടാകും. മാച്ച് ഫീസിന്റെ 25 ശതമാനം അല്ലെങ്കിൽ ആറ് ലക്ഷം എന്നിങ്ങനെയാണ് മറ്റ് താരങ്ങൾക്ക് പിഴ അടയ്ക്കേണ്ടി വരിക.

അതേസമയം, ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തിന് ശേഷം രാജസ്ഥാന്‍ റോയല്‍സ് സ്പിന്നര്‍ ആര്‍ അശ്വിന്‍ അംപയര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയതിനെതിരെയും നട‌പടി വന്നിരുന്നു. മത്സരത്തിനിടെ അന്തരീക്ഷത്തിലെ ഈര്‍പ്പം കാരണം അംപയര്‍മാര്‍ പന്ത് മാറ്റിയ സംഭവമാണ് അശ്വിനെ ചൊടിപ്പിച്ചത്. ഈര്‍പ്പം കാരണം പന്തുമാറ്റുന്ന സംഭവം ഞാന്‍ മുമ്പൊരിക്കല്‍ കണ്ടിട്ടില്ലെന്നായിരുന്നു അശ്വിന്റെ കുറ്റപ്പെടുത്തല്‍. അശ്വിന്‍ മത്സരശേഷം പറഞ്ഞതിങ്ങനെ... ''ഫീല്‍ഡിംഗ് ടീമായിരുന്ന ഞങ്ങള്‍ പന്ത് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നില്ല.

അംപയര്‍മാരുടെ താല്‍പര്യപ്രകാരമാണ് പന്ത് മാറ്റിയത്. സ്വന്തം നിലയില്‍ അംപയര്‍മാര്‍ പന്ത് മാറ്റിയത് അത്ഭുതകരമാണ്. ഇതൊരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. എന്നാല്‍ അംപയറോട് ചോദിച്ചപ്പോള്‍ പറ്റുമെന്നാണ് അവര്‍ പറഞ്ഞത്.'' അശ്വിന്‍ വ്യക്തമാക്കി. എന്നാല്‍ തുറന്നുപറച്ചില്‍ കുറച്ച് പ്രശ്‌നമായി. ഇതോടെ. ഐപിഎല്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 2.7 ലംഘിച്ചതിനാണ് അശ്വിന് പിഴശിക്ഷ വിധിച്ചത്. മാച്ച് ഫീയുടെ 25 ശതമാനമായിരുന്നു പിഴ. 

ഐപിഎല്ലിനെയും വെല്ലുന്ന പണമൊഴുകുന്ന ലീ​ഗ് ആരംഭിക്കാൻ സൗദി; പക്ഷേ, ഇന്ത്യൻ താരങ്ങളെ കിട്ടില്ല? റിപ്പോർട്ട്