അമിത് മിശ്രയെ സിക്സര്‍ പറത്താനുള്ള ശ്രമമാണ് ലോംഗ് ഓഫില്‍ ഗൗതമിന്‍റെ മുന്നോട്ടുള്ള ചാട്ടത്തില്‍ പറക്കും ക്യാച്ചില്‍ അവസാനിച്ചത്

ലഖ്‌നൗ: ഐപിഎല്‍ പതിനാറാം സീസണില്‍ ആരാധകരെ രോമാഞ്ചം കൊള്ളിച്ച് വീണ്ടുമൊരു പറക്കും ക്യാച്ച്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം സുയാഷ് പ്രഭുദേശായിയെ പുറത്താക്കാന്‍ ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ കൃഷ്‌ണപ്പ ഗൗതമാണ് ഈ തകര്‍പ്പന്‍ ക്യാച്ചെടുത്തത്. ആര്‍സിബി ഇന്നിംഗ്‌സിലെ 15-ാം ഓവറിലെ മൂന്നാം പന്തില്‍ വെറ്ററന്‍ സ്‌പിന്നര്‍ അമിത് മിശ്രയെ സിക്സര്‍ പറത്താനുള്ള ശ്രമമാണ് ലോംഗ് ഓഫില്‍ ഗൗതമിന്‍റെ മുന്നോട്ടുള്ള ചാട്ടത്തില്‍ പറക്കും ക്യാച്ചില്‍ അവസാനിച്ചത്. ഇതോടെ ഐപിഎല്‍ കരിയറില്‍ തന്‍റെ വിക്കറ്റ് നേട്ടം 171ലെത്തിച്ചു അമിത് മിശ്ര. പ്രഭുദേശായിക്ക് ഏഴ് പന്തില്‍ ആറ് റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. 

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌‌ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റിന് 126 റണ്‍സാണ് നേടിയത്. ലഖ്‌നൗവില്‍ ആര്‍സിബിയുടെ വിക്കറ്റ് മഴയോടെ മത്സരം തുടങ്ങിയപ്പോള്‍ ഇടയ്‌ക്ക് ശരിക്കും മഴ മത്സരം തടപ്പെടുത്തി. ഓപ്പണര്‍മാരായ വിരാട് കോലിയും ഫാഫ് ഡുപ്ലസിസും 9 ഓവറില്‍ 62 റണ്‍സ് ചേര്‍ത്തെങ്കിലും 30 പന്തില്‍ 31 റണ്‍സെടുത്ത കോലിയെ രവി ബിഷ്‌ണോയി പുറത്താക്കി. വിക്കറ്റ് കീപ്പര്‍ നിക്കോളസ് പുരാന്‍ സ്റ്റംപ് ചെയ്യുകയായിരുന്നു. 

Scroll to load tweet…

ഇതിന് ശേഷം അനുജ് റാവത്തും(11 പന്തില്‍ 9), ഗ്ലെന്‍ മാക്‌സ്‌വെല്ലും(5 പന്തില്‍ 4), സുയാഷ് പ്രഭുദേശായിയും(7 പന്തില്‍ 6) വേഗം പുറത്തായത് തിരിച്ചടിയായി. ഒരറ്റത്ത് പിടിച്ചുനിന്ന നായകന്‍ ഫാഫ് ഡുപ്ലസിസ് അര്‍ധസെഞ്ചുറിക്ക് അരികെ മടങ്ങി. 40 പന്തില്‍ 44 നേടിയ ഫാഫിനെ അമിത് മിശ്ര തന്നെയാണ് മടക്കിയത്. നവീന്‍ ഉള്‍ ഹഖിന്‍റെ പന്തിന് മുന്നില്‍ മഹിപാല്‍ ലോംറോറിനും(4 പന്തില്‍ 3) ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ആറാമന്‍ ദിനേശ് കാര്‍ത്തിക്ക് ഫിനിഷറുടെ റോളിലേക്ക് എത്തുമെന്ന് തോന്നിച്ചെങ്കിലും 19-ാം ഓവറില്‍ യഷ് താക്കൂറിന്‍റെ(11 പന്തില്‍ 16) ബോളില്‍ റണ്ണൗട്ടായി. നവീന്‍റെ അവസാന ഓവറിലെ രണ്ടാം പന്തില്‍ കരണ്‍ ശര്‍മ്മ(2) പുറത്തായപ്പോള്‍ മൂന്നാം ബോളില്‍ മുഹമ്മദ് സിറാജ് ഗോള്‍ഡന്‍ ഡക്കായി. ഇന്നിംഗ്‌സ് പൂര്‍ത്തിയാകുമ്പോള്‍ ജോഷ് ഹേസല്‍വുഡും(1*) വനിന്ദു ഹസരങ്കയും(8*) പുറത്താവാതെ നിന്നു. 

ആര്‍സിബിക്ക് പാളുന്നത് മൂന്നാം നമ്പറില്‍; സീസണിലെ ആറാം താരവും പൊട്ടിപ്പാളീസായി, മിസ് ചെയ്യുന്നത് അയാളെ...