ലഖ്‌നൗ ഇന്നിംഗ്‌സിലെ അവസാന ഓവര്‍ സന്ദീപ് ശര്‍മ്മ എറിയാനെത്തുമ്പോള്‍ വെടിക്കെട്ട് വീരന്‍മാരായ നിക്കോളാസ് പുരാനും മാര്‍ക്കസ്‍ സ്റ്റോയിനിസുമായിരുന്നു ക്രീസില്‍

ജയ്‌പൂര്‍: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തപ്പോള്‍ വിക്കറ്റിന് പിന്നില്‍ താരമായി ക്യാപ്റ്റനും മലയാളിയുമായ സഞ്ജു സാംസണ്‍. ലഖ്‌നൗവിന്‍റെ വെടിക്കെട്ട് വീരന്‍ നിക്കോളാസ് പുരാനെയാണ് സഞ്ജു ഇന്നിംഗ്‌സിലെ അവസാന ഓവറിലെ അഞ്ചാം പന്തില്‍ പുറത്താക്കിയത്. സന്ദീപ് ശര്‍മ്മയുടെ ഇതേ ഓവറിലെ മൂന്നാം പന്തില്‍ സ്റ്റോയിനിസിനെ ക്യാച്ചിലൂടെയും അവസാന പന്തില്‍ യുധ്‌വീര്‍ സിംഗിനെയും റണ്ണൗട്ടിലൂടെ സഞ്ജു ഡ്രസിംഗ് റൂമിലേക്ക് പറഞ്ഞയച്ചിരുന്നു. 

ലഖ്‌നൗ ഇന്നിംഗ്‌സിലെ അവസാന ഓവര്‍ സന്ദീപ് ശര്‍മ്മ എറിയാനെത്തുമ്പോള്‍ വെടിക്കെട്ട് വീരന്‍മാരായ നിക്കോളാസ് പുരാനും മാര്‍ക്കസ്‍ സ്റ്റോയിനിസുമായിരുന്നു ക്രീസില്‍. ആദ്യ പന്തില്‍ രണ്ടും രണ്ടാം ബോളില്‍ ഒന്നും റണ്‍സ് പുരാന്‍ നേടിയപ്പോള്‍ മൂന്നാം പന്തില്‍ സ്റ്റോയിനിസിനെ ക്യാച്ചിലൂടെ സഞ്ജു പറഞ്ഞയച്ചു. നാലാം പന്തില്‍ ക്രുനാല്‍ പാണ്ഡ്യ ഫോര്‍ നേടിയപ്പോള്‍ അഞ്ചാം പന്തില്‍ ഇല്ലാത്ത റണ്ണിനായി ഓടിയ പുരാനെ സഞ്ജു നേരിട്ടുള്ള പറക്കും ത്രോയിലൂടെ മടക്കുകയായിരുന്നു. ഇതിന് സഞ്ജുവിനെ പ്രശംസിക്കുകയാണ് ആരാധകര്‍. തൊട്ടടുത്ത പന്തില്‍ യുധ്‌വീര്‍ സിംഗിനെ ഷിമ്രോന്‍ ഹെറ്റ്‌മെയറുടെ ത്രോയില്‍ രണ്ടാം റണ്ണിനായുള്ള ഓട്ടത്തിനിടെ സഞ്ജു സ്റ്റംപ് ചെയ്യുകയും ചെയ്‌തു. 

ഇതോടെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ ഇന്നിംഗ്‌സ് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 154 റണ്‍സ് എന്ന നിലയില്‍ അവസാനിച്ചു. 51 റണ്‍സെടുത്ത കെയ്‌ല്‍ മെയേഴ്‌സാണ് ലഖ്‌നൗവിന്‍റെ ടോപ് സ്കോറര്‍. രാജസ്ഥാനായി അശ്വിന്‍ രണ്ടും ബോള്‍ട്ടും ഹോള്‍ഡറും സന്ദീപും ഓരോ വിക്കറ്റും നേടി. നാല് ഓവറില്‍ 23 റണ്‍സിനാണ് അശ്വിന്‍റെ രണ്ട് വിക്കറ്റ്. കെ എല്‍ രാഹുല്‍ 39 ഉം നിക്കോളാസ് പുരാന്‍ 29 ഉം മാര്‍ക്കസ് സ്റ്റോയിനിസ് 21 ഉം റണ്‍സില്‍ മടങ്ങി. ആയുഷ് ബദോനി ഒന്നിനും ദീപക് ഹൂഡ രണ്ട് റണ്ണിനും യുധ്‌വീര്‍ സിംഗ് ഒന്നിനും മടങ്ങിയപ്പോള്‍ രണ്ട് പന്തില്‍ നാല് റണ്ണുമായി ക്രുനാല്‍ പാണ്ഡ്യ പുറത്താവാതെ നിന്നു.

Scroll to load tweet…

Read more: എറിഞ്ഞുപിടിച്ച് ബൗളര്‍മാര്‍, കഷ്‌ടിച്ച് 150 കടന്ന് ലഖ്‌നൗ; രാജസ്ഥാന് 155 റണ്‍സ് വിജയലക്ഷ്യം