പഞ്ചാബ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജിതേഷ് ശര്‍മയെ (2) പുറത്താക്കാനെടുത്ത ക്യാച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്.

ലഖ്‌നൗ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ചില റെക്കോര്‍ഡുകള്‍ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ സ്വന്തമാക്കിയിരുന്നു. പഞ്ചാബിനെതിരെ 56 പന്തില്‍ 74 റണ്‍സാണ് രാഹുല്‍ നേടിയത്. ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. ഇതോടെ ഐപിഎല്ലില്‍ വേഗത്തില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ രാഹുലിനായി. 105 ഇന്നിംഗ്‌സില്‍ നിന്നാണ് രാഹുലിന്റെ നേട്ടം. ഇപ്പോള്‍ 4044 റണ്‍സുണ്ട് രാഹുലിന്റെ അക്കൗണ്ടില്‍. 

മുന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം ക്രിസ് ഗെയ്‌ലിനെയാണ് രാഹുല്‍ മറികടന്നത്. 112 ഇന്നിംഗ്‌സിലായിരുന്നു ഗെയ്ല്‍ ഇത്രയും റണ്‍സ് സ്വന്തമാക്കിയത്. ഡേവിഡ് വാര്‍ണറാണ് മൂന്നാം സ്ഥാനത്ത്. നിലവില്‍ ഡല്‍ഹി കാപിറ്റല്‍സ് ക്യാപ്റ്റനായ വാര്‍ണര്‍ക്ക് 128 ഇന്നിംഗ്‌സുകള്‍ വേണ്ടി വന്നു. നാലാം സ്ഥാനത്തുള്ള ആര്‍സിബി താരം വിരാട് കോലി 128 ഇന്നിംഗ്‌സിലാണ് 4000 മറികടന്നത്. അഞ്ചാമത് മുന്‍ ആര്‍സിബി താരം എബി ഡിവില്ലിയേഴ്‌സാണ്. 131 ഇന്നിംഗ്‌സിലാണ് എബിഡി ഇത്രയും റണ്‍സ് അടിച്ചെടുത്തത്. 

ഇത്രയൊക്കെയാണെങ്കില്‍ മത്സരം ലഖ്‌നൗ കൈവിട്ടു. എന്നാല്‍ ഒരു തകര്‍പ്പന്‍ ക്യാച്ചും രാഹുല്‍ സ്വന്തം പേരിലെഴുതി. പഞ്ചാബ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജിതേഷ് ശര്‍മയെ (2) പുറത്താക്കാനെടുത്ത ക്യാച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. മാര്‍ക് വുഡിന്റെ പന്ത് ജിതേഷ് മിഡ് ഓഫിലേക്ക് കളിച്ചു. എന്നാല്‍ ഇടത്തോട്ട് ഡൈവ് ചെയ്ത രാഹുല്‍ പന്ത് കയ്യിലൊതുക്കി. മുഴുനീളെ ഡൈവിംഗിലൂടെയാണ് രാഹുല്‍ ക്യാച്ചെടുത്തത്. വീഡീയോ കാണാം...

Scroll to load tweet…

ജിതേഷ് പുറത്തായെങ്കിലും സിക്കന്ദര്‍ റാസയും (41 പന്തില്‍ 57), ഷാരൂഖ് ഖാനും (10 പന്തില്‍ 23) പഞ്ചാബിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ലഖ്‌നൗ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പഞ്ചാബ്, 19.3 ഓവറില്‍ എട്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

വേഗമില്ലെന്ന് ആര് പറഞ്ഞു? റെക്കോര്‍ഡുകളുടെ മാലപ്പടക്കം പൊട്ടിച്ച് രാഹുല്‍! കോലിയും ഗെയ്‌ലും പിന്നില്‍