ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗഗില്‍ ഇന്ന് വമ്പന്‍ പോരാട്ടം. നിലവിലെ ചാംപ്യന്മാരായ എടികെ മോഹന്‍ ബഗാന്‍ മുന്‍ ചാംപ്യന്മാരായ ബംഗളൂരു എഫ്‌സിയെ നേരിടും. രാത്രി 7.30നാണ് മത്സരം. ആറ് മത്സരങ്ങളില്‍ 13 പോയിന്റുമായി നിലവില്‍ രണ്ടാം സ്ഥാനത്താണ് എടികെ മോഹന്‍ ബഗാന്‍. 12 പോയിന്റുള്ള ബംഗളുരു എഫ്‌സി മൂന്നാം സ്ഥാനത്തും. 

സീസണില്‍ ഇതുവരെ തോല്‍വി അറിട്ടില്ലാത്ത ഏക ടീമാണ് ബംഗളൂരു എഫ്‌സി. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ മൂന്ന് വീതം ജയവും സമനിലയിലയും കൂട്ടിനുണ്ട്. എടികെ ആറില്‍ നാല് മത്സരങ്ങളും ജയിച്ചു. ഒരു ജയവും ഒരു തോല്‍വിയും അക്കൗണ്ടിലുണ്ട്.

കഴിഞ്ഞ മത്സരത്തില്‍ ഒഡീഷയെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ബംഗളൂരു എഫ്‌സി. സുനില്‍ ഛേത്രി, ക്ലെയ്റ്റണ്‍ സില്‍വ, ഡെല്‍ഗാഡോ എന്നിവരെല്ലാം തകര്‍പ്പന്‍ ഫോമില്‍. പതിഞ്ഞ താളത്തില്‍ തുടങ്ങിയ ബംഗളൂരു കഴിഞ്ഞ രണ്ട് മത്സരവും ജയിച്ചു. എന്നാല്‍ മലയാളി താരം ആഷിഖ് കുരുണിയന്‍ ഇല്ലാത്തത് എത്രത്തോളം ബാധിക്കുമെന്ന് കണ്ടറിയണം.

എഫ്‌സി ഗോവയെ 1-0ത്തിന് മറികടന്ന ആത്മവിശ്വാസത്തിലാണ് എടികെ മോഹന്‍ ബഗാന്‍. സ്‌ട്രൈക്കര്‍ റോയ് കൃഷ്ണയുടെ ഫോണ് ടീമിനെ വേറിട്ടുനിര്‍ത്തുന്നത്. എന്തായാലും ആരാധകര്‍ക്ക് വിരുന്നായിരിക്കും ഇന്നത്തെ മത്സരമെന്ന് ഉറപ്പ്.