ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷ ഇന്ന് ചെന്നൈയിന്‍ എഫ്‌സിയെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. പത്ത് കളിയില്‍ ഒറ്റജയവുമായി നട്ടം തിരിയുകയാണ് ഒഡീഷ. ആറ് മത്സരങ്ങളിലും പരാജയപ്പെട്ടു. മൂന്ന് സമനിലകൂടിയായപ്പോള്‍ ആറ് പോയിന്റുമായി ലീഗില്‍ അവസാന സ്ഥാനത്ത്. ആകെ തോല്‍പിക്കാനായത് കേരള ബ്ലാസ്റ്റേഴ്‌സിനെ മാത്രം. ഒഡീഷ പത്ത് ഗോള്‍ നേടിയപ്പോള്‍ പതിനാറ് ഗോള്‍ തിരിച്ചുവാങ്ങി. കഴിഞ്ഞ സീസണില്‍ അറങ്ങേറ്റം കുറിച്ച ഒഡീഷയ്ക്ക് ഇത്തവണയും ആശ്വസിക്കാന്‍ ഇതുവരെ ഒന്നുമില്ല. 

മുന്‍ ചാംപ്യന്‍മാര്‍ക്കൊത്ത പ്രകടനം പുറത്തെടുക്കാനാവാതെ പ്രയാസപ്പെടുകയാണ് ചെന്നൈയിന്‍ എഫ്‌സി. അക്കൗണ്ടിലുള്ളത് രണ്ട് ജയവും അഞ്ച് സമനിലയും മൂന്ന് തോല്‍വിയുമടക്കം പതിനൊന്ന് പോയിന്റ്. എട്ടാം സ്ഥാനത്താണിപ്പോള്‍ ചെന്നൈയിന്‍. എട്ട് ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് പതിനൊന്നെണ്ണം. കാലിന് പരിക്കേറ്റ് സൂപ്പര്‍താരം ക്രിവെല്ലാരോ പുറത്തായത് ചെന്നൈയ്ക്ക് കനത്ത തിരിച്ചടിയാണ്. ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമും ഗോളടിക്കാതെ പിരിയുകയായിരുന്നു.

ബംഗളൂരു- നോര്‍ത്ത് ഈസ്റ്റ് മത്സരം സമനിലയില്‍

ഇന്നലെ നടന്ന ബംഗളൂരു എഫ്‌സി- നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. സീസണില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോഴും സമനില തന്നെയായിരുന്നു ഫലം. അവസാന നാല് മത്സരങ്ങളിലും തോറ്റ ബംഗളൂരുവിന് ഇന്നലെ സമനില നേടാനായി എന്നതു മാത്രമാണ് ഏക ആശ്വാസം. 13 പോയിന്റുമായി ബംഗളൂരു ആറാമതും 12 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് ഏഴാം സ്ഥാനത്തുമാണ്. 

നോര്‍ത്ത് ഈസ്റ്റ് പരിശീലകന്‍ പുറത്ത്

അതിനിടെ തുടര്‍ തോല്‍വികളുടെ പേരില്‍ നോര്‍ത്ത് ഈസ്റ്റ് പരിശീലകന്‍ ജെറാഡ് നസിനെ മാനേജ്‌മെന്റ് പുറത്താക്കി. അവസാന ഏഴുമ മത്സരങ്ങളില്‍ ഒന്നില്‍ പോലും നോര്‍ത്ത് ഇസ്റ്റിന് ജയം നേടാന്‍ കഴഞ്ഞിരുന്നില്ല. നസീന് പകരം ഖാലിദ് ജമീലിനാണ് പരിശീലകന്റെ ചുമതല.