ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ ആദ്യ ജയം ലക്ഷ്യമിട്ട് ഈസ്റ്റ് ബംഗാള്‍ ഇന്നിറങ്ങും. മുന്‍ ചാംപ്യന്മാരായ ചെന്നൈയിന്‍ എഫ്‌സിയാണ് എതിരാളികള്‍. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. ആറ് കളിയില്‍ നാല് തോല്‍വിയും രണ്ട് സമനിലയുമായി രണ്ട് പോയിന്റുള്ള ഈസ്റ്റ് ബംഗാള്‍ ലീഗില്‍ ഏറ്റവും അവസാന സ്ഥാനത്താണ്. ആകെ മൂന്ന് ഗോള്‍ നേടിയപ്പോള്‍ 11 ഗോള്‍ വഴങ്ങുകയും ചെയ്തു. 

രണ്ട് ജയവും രണ്ട് സമനിലയും രണ്ട് തോല്‍വിയും അക്കൗണ്ടിലുള്ള ചെന്നൈയിന്‍ എട്ട് പോയിന്റുമായി എട്ടാം സ്ഥാനത്താണ്. ചെന്നൈയിന്‍ എഫ് സിയുടെ മുന്‍താരങ്ങളായ സി കെ വിനീത്, ജെജെ ലാല്‍പെഖുല, ബല്‍വന്ദ് സിംഗ് എന്നിവര്‍ ഇത്തവണ ഈസ്റ്റ് ബംഗാളിനൊപ്പമാണ്. ക്യാപ്റ്റന്‍ ക്രിവെല്ലാരോ, അനിരുദ്ധ് ഥാപ്പ ജോഡിയിലാണ് ചെന്നൈയിന്റെ പ്രതീക്ഷ.

കേരള ബ്ലാസ്‌റ്റേഴേസ് നാളെയിറങ്ങും

കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഈ വര്‍ഷത്തെ അവസാന മത്സരത്തിനിറങ്ങും. സീസണിലെ ആദ്യ ജയം ലക്ഷ്യമിടുന്ന ബ്ലാസ്റ്റേഴ്‌സ് ഗോവയില്‍ വൈകിട്ട് ഏഴരയ്ക്ക് ഹൈദരാബാദ് എഫ് സിയെ നേരിടും. ആറ് കളിയില്‍ മൂന്ന് തോല്‍വിയും മൂന്ന് സമനിലയുമടക്കം മൂന്ന് പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് ലീഗില്‍ ഒന്‍പതാം സ്ഥാനത്താണ്. ആകെ ആറ് ഗോള്‍ നേടിയപ്പോള്‍ പതിനൊന്ന് ഗോള്‍ വഴങ്ങി. മുന്നേറ്റ നിരയുടെ നിറംമങ്ങിയ പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന വെല്ലുവിളി.