ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇനിയും ജയം നേടാനാവാതെ കേരള ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും. ഇരുവരും തമ്മിലുള്ള മത്സരം 1-1 സമനിലയില്‍ അവസാനിച്ചു. ഈസ്റ്റ് ബംഗാള്‍ ജയിക്കുമെന്ന് തോന്നിക്കെ മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് ജീക്‌സണ്‍ സിംഗ് നേടിയ ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിന് സമനില സമ്മാനിച്ചത്. നേരത്തെ ബെകാറി കോനെയുടെ സെല്‍ഫ് ഗോളിലാണ് ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തിയത്.

മത്സരത്തിന്റെ 13ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തി. ഈസ്റ്റ് ബംഗാള്‍ താരം മുഹമ്മദ് റഫീഖിന്റെ ക്രോസ് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ കോനെയുടെ കാലില്‍ തട്ടി വലയില്‍ കയറുകയായിരുന്നു. ഗോളിന് ശേഷം ബ്ലാസ്‌റ്റേഴ്‌സ് ചില ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ വരയ്ക്കപ്പുറം പന്ത് കടത്താനായില്ല. 

രണ്ടാം പകുതിയില്‍ ഈസ്റ്റ് ബംഗാളിന് ലീഡ് നേടാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ റഫീഖിന്റെ ഷോട്ട് ഗോള്‍ കീപ്പര്‍ ആല്‍ബിനോ രക്ഷപ്പെടുത്തി. 71ാം മിനിറ്റില്‍ ബംഗാള്‍ ഗോള്‍ കീപ്പര്‍ ദേബ്ജിത് മജുംദാറിന്റെ കൃത്യമായ ഇടപെടല്‍ ബ്ലാസ്റ്റേഴ്‌സിന് ഗോള്‍ നിശേധിച്ചു. 

എന്നാല്‍ ഇഞ്ചുറി സമയത്ത് ബ്ലാസ്‌റ്റേഴ്‌സ് ഒപ്പമെത്തി. സഹല്‍ അബ്ദു സമദിന്റെ ക്രോസില്‍ തലവച്ച് ജീക്‌സണ്‍ ഗോള്‍ നേടുകയായിരുന്നു. ആറ് മത്സരങ്ങളില്‍ മൂന്ന് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. മൂന്നിലും മഞ്ഞപ്പട പരാജയപ്പെട്ടു. ഇതിനേക്കാള്‍ മോശമാണ് ഈസ്റ്റ് ബംഗാളിന്റെ അവസ്ഥ. ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്. നാലിലും പരാജയപ്പെട്ടു. രണ്ട് സമനിലയും.