മഡ്‌ഗാവ്: ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാന്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. സീസണില്‍ തങ്ങളുടെ ഒന്‍പതാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് എടികെ തോല്‍പിച്ചു. റോയ് കൃഷ്‌ണയും ബെഞ്ചമിന്‍ ലാംബോട്ടിന്‍റെ ഓണ്‍ഗോളുമാണ് എടികെയ്‌ക്ക് ജയമൊരുക്കിയത്. സീസണില്‍ എടികെയുടെ ആറാം ജയമാണിത്.  

ഫത്തോര്‍ഡ സ്റ്റേഡിയത്തില്‍ ഇരു ടീമുകളും 4-3-3 ശൈലിയിലാണ് കളത്തിലിറങ്ങിയത്. തുടക്കം മുതല്‍ മുന്‍തൂക്കം സൂക്ഷിച്ച എടികെ മോഹന്‍ ബഗാന്‍ 51-ാം മിനുറ്റില്‍ സൂപ്പര്‍ താരം റോയ് കൃഷ്‌ണയുടെ ഗോളില്‍ മുന്നിലെത്തി. 57-ാം മിനുറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്‍റെ ബെഞ്ചമിന്‍ ലാംബോട്ട് ഓണ്‍ഗോള്‍ വഴങ്ങിയതോടെ എടികെ ലീഡ് രണ്ടായി. പിന്നീടൊന്നും ചെയ്യാന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായില്ല.

ജയത്തോടെ മുംബൈ സിറ്റിയെ മറികടന്ന് എടികെ മോഹന്‍ ബഗാന്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. ഒന്‍പത് കളിയില്‍ ആറ് ജയവും 20 പോയിന്‍റുമാണ് എടികെയ്‌ക്കുള്ളത്. ഒന്‍പത് മത്സരങ്ങളില്‍ 11 പോയിന്‍റുമായി ആറാംസ്ഥാനത്ത് തുടരുകയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. സീസണിലെ രണ്ടാം തോല്‍വിയാണ് നോര്‍ത്ത് ഈസ്റ്റ് വഴങ്ങിയത്. 

Sponsored By