മഡ്‌ഗാവ്: ഐഎസ്എല്‍ ഏഴാം സീസണില്‍ എഫ്‌സി ഗോവ തനിനിറം കാട്ടിയിരിക്കുന്നു. ആരാധകര്‍ കൊതിച്ച ഒന്നൊന്നര തിരിച്ചവരവ്. സീസണില്‍ അത്ഭുതം കാട്ടിയിരുന്ന ഹൈദരാബാദ് എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളിലാണ് ഗോവ തകര്‍ത്തുവിട്ടത്. നാല് മിനുറ്റിനിടെയായിരുന്നു ഹൈദരാബാദിന്‍റെ നെഞ്ച് തുളച്ച് ഇരട്ട ഗോളുകള്‍ ഗോവ പായിച്ചത്. ഇതിലൊരു ഗോള്‍ ഇഞ്ചുറിടൈമിലായിരുന്നു എന്നത് ഗോവന്‍ ഗോള്‍മേളത്തിന്‍റെ പര്യായമായി. 

മത്സരത്തിന്‍റെ 86 മിനുറ്റുകള്‍ വരെ അരിഡാന സാന്‍റാനയുടെ ഗോളില്‍ മുന്നിട്ടുനില്‍ക്കുകയായിരുന്നു ഹൈദരാബാദ് എഫ്‌സി. എന്നാല്‍ 85-ാം മിനുറ്റില്‍ സബ്സ്റ്റിറ്റ്യൂട്ടായി എത്തിയ ഇഷാന്‍ പണ്ഡിറ്റ ഫസ്റ്റ് ടച്ച് ഹെഡറിലൂടെ ഗോവയ്‌ക്കായി 87-ാം മിനുറ്റില്‍ സമനില പിടിച്ചു. മത്സരം ഇഞ്ചുറിടൈമിലേക്ക് നീണ്ടപ്പോള്‍ ഒരു മിനുറ്റിനുള്ളില്‍ ഹൈദരാബാദ് വല തുളച്ച് ഇഗോര്‍ അംഗൂളോയാണ് ത്രസിപ്പിക്കുന്ന ജയം ഗോവയുടെ കൈവശമാക്കിയത്. അവിശ്വസനീയ തിരിച്ചുവരവില്‍ ഗോവ തലയുയര്‍ത്തി മടങ്ങിയപ്പോള്‍ ഹീറോ ഓഫ് ദ് മാച്ചായത് ഇഗോര്‍ അംഗൂളോ തന്നെ.

സ്‌പെയ്‌നില്‍ നിന്നുള്ള താരമാണ് മുപ്പത്തിയാറുകാരനായ ഇഗോര്‍ അംഗൂളോ. ദേശീയ കുപ്പായത്തില്‍ അണ്ടര്‍ 19, 20, 21 ടീമുകള്‍ക്കായി കളിച്ചാണ് അംഗൂളോ സ്‌പെയിനില്‍ ശ്രദ്ധിക്കപ്പെട്ടത്. ക്ലബ് തലത്തില്‍ ഫ്രാന്‍സ്, സൈപ്രസ്, ഗ്രീസ്, എന്നിവിടങ്ങളില്‍ മികവ് കാട്ടിയ ശേഷം അംഗൂളോ ഐഎസ്എല്ലിനായി ഇന്ത്യയില്‍ എത്തി. ഗോവയില്‍ ഒന്‍പത് മത്സരങ്ങളില്‍ 9 ഗോളുകള്‍ പേരിലാക്കി താരം ഈ സീസണില്‍ വരവ് ഗംഭീരമാക്കിയിരിക്കുകയാണ്. ഏഴാം സീസണിലെ ഉയര്‍ന്ന ഗോള്‍വേട്ടക്കാരനും ഈ സ്‌പാനിഷ് സ്വദേശി തന്നെ. ക്ലബ് കരിയറിലാകെ 524 മത്സരങ്ങളില്‍ 174 ഗോളുകള്‍ ഈ സ്‌ട്രൈക്കറുടെ പേരിലുണ്ട്. 

ഇഞ്ചുറി ടൈമില്‍ ഹൈദരാബാദിന്‍റെ ഹൃദയം തകര്‍ത്ത് അംഗൂളോ; ജയത്തോടെ ഗോവ മൂന്നാമത്