മഡ്‌ഗാവ്: ഗാരി ഹൂപ്പറും ജോര്‍ഡാന്‍ മറേയും ബെംഗളൂരുവിനെതിരെ ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഇലവനില്‍ എത്തുമെന്ന് അഭ്യൂഹം. ഒരു സ്‌ട്രൈക്കറാണോ രണ്ട് പേരാണോ ടീമിൽ എത്തേണ്ടതെന്ന് ഗൗരവമായി ആലോചിക്കുകയാണെന്ന് പരിശീലകന്‍ കിബു വികുന പറഞ്ഞു.

ഫൈനല്‍ തേ‍ഡിലെ ബ്ലാസ്റ്റേഴ്സിന്‍റെ പ്രകടനം മെച്ചപ്പെടുത്തേണ്ടതുണ്ട്. 360 മിനിറ്റിൽ അധികം കളിക്കളത്തില്‍ ഉണ്ടായിട്ടും മൂന്ന് ഗോള്‍ മാത്രം ബ്ലാസ്റ്റേഴ്സ് നേടിയ പശ്ചാത്തലത്തിലാണ് കിബുവിന്‍റെ പ്രതികരണം. ടീമിന്‍റെ ഇതുവരെയുളള പ്രകടനത്തിൽ തൃപ്തനല്ലെന്നും കിബു പറഞ്ഞു. എന്നാൽ കഴിഞ്ഞ മൂന്ന് സീസണിൽ പ്ലേ ഓഫിലെത്താത്ത ടീമാണ് ബ്ലാസ്റ്റേഴ്സ് എന്ന് അറിഞ്ഞുകൊണ്ടാണ് ടീമിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുത്തതെന്നും കിബു പറഞ്ഞു. 

 കരാര്‍ നീട്ടി ജീക്സണ്‍ സിംഗ്

യുവ മിഡ്ഫീല്‍ഡര്‍ ജീക്സണ്‍ സിംഗ് കേരളാ ബ്ലാസ്റ്റേഴ്സുമായുള്ള കരാര്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടി. 19കാരനായ മണിപ്പൂര്‍ താരം 2023 വരെ ഇനി ടീമിലുണ്ടാകും. അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പില്‍ ഇന്ത്യക്കായി ഗോള്‍ നേടിയ താരം കൂടിയാണ് ജീക്സണ്‍ സിംഗ്. കരാര്‍ നീട്ടിയത് ടീമിന് നേട്ടമാകുമെന്ന് ബ്ലാസ്റ്റേഴ്സ് സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിൻകിസ് പറഞ്ഞു.