ഐഎസ്എല്ലിന്‍റെ ചരിത്ര താളുകളിലെ മറിച്ചാല്‍ എടികെ മോഹൻ ബഗാന് ആത്മവിശ്വാസം കൂടും. 

ഫത്തോര്‍ഡ: ഐഎസ്എല്‍ ഏഴാം സീസണിലെ കലാശപ്പോരിന് മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. കലാശപ്പോരാട്ടത്തില്‍ എടികെ മോഹൻ ബഗാൻ, മുംബൈ സിറ്റിയെ നേരിടും. ഐഎസ്എല്ലിന്‍റെ ചരിത്ര താളുകള്‍ എടികെ മോഹൻ ബഗാന്‍റെ ആത്മവിശ്വാസം കൂട്ടുന്ന ഘടകമാണ്. ഫൈനല്‍ കളിച്ച മൂന്ന് തവണയും എടികെ കപ്പ് ഉയര്‍ത്തിയിരുന്നു. 

ഐഎസ്എല്ലിന്‍റെ ആദ്യ സീസണായ 2014ല്‍ ആദ്യഘട്ട മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ചെന്നൈയിൻ എഫ്സി, എഫ്സി ഗോവ, എടികെ മോഹൻ ബഗാൻ, കേരളാ ബ്ലാസ്റ്റേഴ്സ് എന്നീ ടീമുകളാണ് പ്ലേ ഓഫില്‍ കടന്നത്. കലാശപ്പോരാട്ടം എടികെയും ബ്ലാസ്റ്റേഴ്സും തമ്മില്‍. മഞ്ഞപ്പടയുടെ ആരാധകരെ നിരാശപ്പെടുത്തി ആദ്യ കിരീട നേട്ടം സ്വന്തമാക്കി എടികെ. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജയം.

2016ല്‍ ചരിത്രം ആവര്‍ത്തിച്ചു. എടികെയും ബ്ലാസ്റ്റേഴ്സും വീണ്ടുമൊരിക്കല്‍ കൂടി ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം എടികെയ്ക്കൊപ്പം തുടര്‍ന്നു. കഴിഞ്ഞ സീസണില്‍ എടികെയും ചെന്നൈയിൻ എഫ്സിയും ഫൈനലില്‍ ഏറ്റുമുട്ടിയപ്പോഴും ജയം 3-1ന് എടികെയ്‌ക്ക് സ്വന്തമായി. എന്നാല്‍ പ്രവചനങ്ങള്‍ക്ക് സ്ഥാനമില്ലാത്ത ഫുട്ബോളില്‍ കളിക്കളത്തില്‍ കാണാമെന്ന വെല്ലുവിളിയാണ് മുംബൈ സിറ്റിയുടേത്.

ഐഎസ്എല്‍ ചാംപ്യന്മാരെ ഇന്നറിയാം; മുംബൈ സിറ്റി നിലവിലെ ചംപ്യന്മാരായ എടികെ മോഹന്‍ ബഗാനെതിരെ