Asianet News MalayalamAsianet News Malayalam

ചരിത്രം കുറിച്ച് മുംബൈ സിറ്റി; എടികെയെ മലര്‍ത്തിയടിച്ച് ആദ്യ ഐഎസ്എല്‍ കിരീടം

90 മിനുറ്റ് പൂര്‍ത്തിയാകാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേ ബിപിന്‍ സിംഗിന്‍റെ ഗോളാണ് മുംബൈയെ കിരീടത്തിലെത്തിച്ചത്.   

Hero ISL 2020 21 Mumbai City won first title in History
Author
Fatorda Stadium, First Published Mar 13, 2021, 9:33 PM IST

മഡ്‌ഗാവ്: ഐഎസ്എല്ലില്‍ നാലാം കപ്പ് ലക്ഷ്യമിട്ടിറങ്ങിയ എടികെ മോഹന്‍ ബഗാനെ മലര്‍ത്തിയടിച്ച് മുംബൈ സിറ്റിക്ക് കന്നി കിരീടം. ഏഴാം സീസണിലെ കലാശപ്പോരില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മുംബൈയുടെ ജയം. 18-ാം മിനുറ്റില്‍ ഡേവിഡ് വില്യംസിന്‍റെ ഗോള്‍ കൊല്‍ക്കത്തന്‍ കരുത്തരെ മുന്നിലെത്തിച്ചപ്പോള്‍ 29-ാം മിനുറ്റില്‍ തിരിയുടെ ഓണ്‍ഗോള്‍ ആദ്യപകുതിയെ സമനിലയിലേക്കാനയിച്ചു. എന്നാല്‍ 90 മിനുറ്റ് പൂര്‍ത്തിയാകാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേ ബിപിന്‍ സിംഗിന്‍റെ ഗോള്‍ മുംബൈയെ കിരീടത്തിലെത്തിക്കുകയായിരുന്നു. 

ഗോവയിലെ ഫത്തോര്‍ഡ സ്റ്റേഡിയത്തില്‍ ശക്തമായ സ്റ്റാര്‍ട്ടിംഗ് ഇലവന്‍ ഇരു ടീമും അണിനിരത്തി. എന്നാല്‍ മുംബൈ സിറ്റിയുടെ സൂപ്പര്‍താരം ബെര്‍ത്തലോമ്യൂ ഓഗ്‌ബെച്ചേ ബഞ്ചിലായിരുന്നു. ആഡം ലെ ഫോന്‍ഡ്രേയെ ആക്രമണത്തിന് നിയോഗിച്ച് 4-2-3-1 ഫോര്‍മേഷനിലായിരുന്നു മുംബൈയുടെ പടപ്പുറപ്പാട്. ഡേവിഡ് വില്യംസും റോയ് കൃഷ്‌ണയും സ്‌ട്രൈക്കര്‍മാരായി ഇറങ്ങിയപ്പോള്‍ 3-5-2 ശൈലിയില്‍ അഞ്ച് താരങ്ങളെ എടികെ മധ്യനിരയില്‍ പരീക്ഷിച്ചു. 

മുംബൈ സിറ്റി സ്റ്റാര്‍ട്ടിംഗ് ഇലവന്‍: അമരീന്ദര്‍ സിംഗ്(ഗോള്‍കീപ്പര്‍, ക്യാപ്റ്റന്‍), അമയ് റെനാവാഡേ, മൗര്‍ത്താഡ ഫാള്‍, ഹെര്‍നന്‍ സാന്‍റാന, വിഗ്‌നേഷ് ദക്ഷിണാമൂര്‍ത്തി. അഹ്‌മദ് ജാഹൂ, റൗളിന്‍ ബോര്‍ജസ്, റെയ്‌നിയര്‍ ഫെര്‍ണാണ്ടസ്, ഹ്യൂഗോ ബൗമസ്, ബിപിന്‍ സിംഗ്, ആഡം ലെ ഫോന്‍ഡ്രേ. 

എടികെ സ്റ്റാര്‍ട്ടിംഗ് ഇലവന്‍: അരിന്ദം ഭട്ടാചാര്യ(ഗോള്‍കീപ്പര്‍), പ്രീതം കോട്ടാല്‍, സന്ദേശ് ജിംഗാന്‍, തിരി, സുഭാശിഷ് ബോസ്, കാള്‍ മക്ഹ്യൂ, ഹാവിയര്‍ ഹെര്‍ണാണ്ടസ്, ലെന്നി റോഡ്രിഗസ്, മന്‍വീര്‍ സിംഗ്, ഡേവിഡ് വില്യംസ്, റോയ് കൃഷ്‌ണ(ക്യാപ്റ്റന്‍).

നാടകീയം ആദ്യപകുതി

എടികെയുടെ ആക്രമണത്തുടക്കമായിരുന്നു ഫത്തോര്‍ഡയിലെ ആദ്യ മിനുറ്റുകളില്‍. 11-ാം മിനുറ്റില്‍ എടികെയുടെ ഹാവിയര്‍ ഹെര്‍ണാണ്ടസ് തൊടുത്ത ഫ്രീകിക്ക് ബാറിനെ ഉരുമി കടന്നുപോയി. 15-ാം മിനുറ്റില്‍ മുംബൈക്ക് ലഭിച്ച ഫ്രീക്കിക്കും വല തൊട്ടില്ല. തൊട്ടുപിന്നാലെ റോയ്‌ കൃഷ്‌ണയുടെ ഷോട്ട് അമരീന്ദര്‍ തട്ടിയകറ്റി. എന്നാല്‍ 18-ാം മിനുറ്റില്‍ ഡേവിഡ് വില്യംസ് എടികെയെ മുന്നിലെത്തിച്ചു. അഹ്‌മദ് ജാഹുവിന്‍റെ പിഴവില്‍ പന്ത് റാഞ്ചിയ റോയ് കൃഷ്‌ണ വഴിവെട്ടിയപ്പോള്‍ ബുള്ളറ്റ് ഷോട്ട് പായിക്കുകയായിരുന്നു വില്യംസ്. 

എന്നാല്‍ 29-ാം മിനുറ്റില്‍ എടികെ ഡിഫന്‍റര്‍ തിരിയുടെ ഓണ്‍ഗോള്‍ മുംബൈയെ ഒപ്പമെത്തിച്ചു. ബിബിന്‍ സിംഗിനായി അഹ്‌മദ് ജാഹു നീട്ടിയ ലോംഗ് ബോളില്‍ പന്ത് ഹെഡ് ചെയ്ത് പുറത്തുകളയാന്‍ ശ്രമിച്ച തിരിക്ക് പിഴയ്‌ക്കുകയായിരുന്നു. ആദ്യപകുതിയുടെ ഇഞ്ചുറിസമയത്ത് റോയ് കൃഷ്‌ണ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും എടികെയുടെ രണ്ടാം ഗോള്‍ പിറന്നില്ല. തൊട്ടുപിന്നാലെ അമയ് റെനാവാഡേ പരിക്കേറ്റ് മൈതാനത്ത് വീണത് വലിയ ആശങ്ക സൃഷ്‌ടിച്ചു. താരത്തെ പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി. 

രണ്ടാംപകുതി

രണ്ടാംപകുതിയുടെ തുടക്കത്തിലെ മുംബൈ സിറ്റി തിരിച്ചടിക്കാന്‍ തുടങ്ങി. ഹെര്‍നന്‍ സാന്‍റാനയുടെ മഴവില്‍ ഫ്രീകിക്ക് 25-ാം മിനുറ്റില്‍ അരിന്ദം തട്ടിത്തെറിപ്പിച്ചു. 58-ാം മിനുറ്റില്‍ ഹ്യൂഗോ ബൗമസ് ഓപ്പണ്‍ ചാന്‍സ് പാഴാക്കി. 61-ാം മിനുറ്റില്‍ എടികെ വീണ്ടും മുന്നിലെത്തുമെന്ന് തോന്നിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. ഗോളിനായി എടികെ സപ്പോര്‍ട്ടിംഗ് സ്റ്റാഫ് വരെ അലമുറയിട്ടത് നാടകീയ നിമിഷങ്ങള്‍ സൃഷ്‌ടിച്ചു. റഫറിക്ക് മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടിവന്നു.  

71-ാം മിനുറ്റില്‍ ഫോന്‍ഡ്രേയുടെ പകരക്കാരനായി ഓഗ്‌ബെച്ചേയെ മുംബൈ ഇറക്കി. തൊട്ടുപിന്നാലെ ഹാവി ഹെര്‍ണാണ്ടസിന്‍റെ ബുള്ളറ്റ് ഷോട്ട് ബാറില്‍ തട്ടിത്തെറിച്ചു. പൂര്‍ണസമയത്ത് മത്സരം സമനിലയില്‍ തുടരും എന്ന് പ്രതീക്ഷിച്ച് നില്‍ക്കേ ട്വിസ്റ്റായി മുംബൈയുടെ ബിപിന്‍ സിംഗിന്‍റെ ഗോളെത്തി. ലോങ് ബോള്‍ പിടിച്ചെടുക്കുന്നതില്‍ അരിന്ദത്തിന് പിഴച്ചപ്പോള്‍ പന്ത് റാഞ്ചിയ ഓഗ്‌ബച്ചേ നല്‍കിയ പാസില്‍ നിന്നായിരുന്നു ബിപിന്‍റെ വിജയഗോള്‍.  

Follow Us:
Download App:
  • android
  • ios