Asianet News MalayalamAsianet News Malayalam

വല കുലുക്കി, ജയിക്കാനായില്ല; ബെംഗളൂരു-നോർത്ത് ഈസ്റ്റ് പോരാട്ടം സമനിലയിൽ

നോ‍ർത്ത് ഈസ്റ്റിനായി ലൂയിസ് മച്ചാഡോ വലകുലുക്കിയപ്പോൾ രാഹുൽ ബേക്കെയാണ് ബെംഗളുരുവിന് സമനില നേടിക്കൊടുത്തത്

Hero ISL 2020 21 NorthEast United vs Bengaluru FC Match result
Author
Goa, First Published Jan 12, 2021, 9:59 PM IST

മഡ്‌ഗാവ്: ഐഎസ്‌എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് - ബെംഗളൂരു എഫ്‌സി പോരാട്ടം സമനിലിയിൽ കലാശിച്ചു. ഇരുടീമുകളും ഓരോ ഗോളുകള്‍ നേടിയാണ് സമനിലയിൽ പിരിഞ്ഞത്. കളിയുടെ 27ാം മിനിട്ടിൽ നോർത്ത് ഈസ്റ്റ് ആദ്യ ഗോള്‍ നേടി മുന്നേറിയെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിഷ ബെംഗളുരു തിരിച്ചടിച്ചു.

നോ‍ർത്ത് ഈസ്റ്റിനായി ലൂയിസ് മച്ചാഡോ വലകുലുക്കിയപ്പോൾ രാഹുൽ ബേക്കെയാണ് ബെംഗളുരുവിന് സമനില നേടിക്കൊടുത്തത്. ബോൾ പൊസഷനിൽ മുന്നിലായിരുന്നെങ്കിലും ബെംഗളുരുവിന് അത് വിജയത്തിലേക്ക് മാറ്റാനായില്ല. മത്സരം സമനിലയിലായതോടെ പോയിന്‍റ് പട്ടികയിൽ ബെംഗളുരു ആറാമതും നോർത്ത് ഈസ്റ്റ് ഏഴാമതും സ്ഥാനങ്ങളിൽ തുടരും.

ഏഴാം സീസൺ രണ്ടാംപാദത്തിലേക്ക് കടക്കുമ്പോൾ ക്ലബ് ചരിത്രത്തിൽ ഇന്നോളം നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിലാണ് ബെംഗളൂരു എഫ്‌സി. അവസാന നാല് കളിയിലും തോൽവി. പത്ത് കളിയിൽ മൂന്ന് ജയം മാത്രം. 12 പോയിന്റുമായി ആറാം സ്ഥാനത്ത്. നോർത്ത് ഈസ്റ്റിന്റെ അവസ്ഥയും വ്യത്യസ്തമല്ല. തുടക്കത്തിലെ മികവ് നിലനിർത്താനാവാതെ വിയർക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഏഴാം സ്ഥാനത്താണ്.

പത്ത് കളിയിൽ രണ്ട് ജയവും അഞ്ച് സമനിലയും മൂന്ന് തോൽവിയുമാണ് ഹൈലാൻഡേഴ്സിന്റെ അക്കൗണ്ടിലുള്ളത്. ആദ്യ നാലിൽ എത്തണമെങ്കിൽ നിലവിലെ കളി മതിയാവില്ലെന്നതാണ് സാഹചര്യം. കോച്ച് കാർലെസ് കൗഡ്രാറ്റിനെ പുറത്താക്കി നൗഷാദ് മൂസയുടെ തന്ത്രങ്ങളുമായി ഇറങ്ങിയിട്ടും വിജയം കാണാനാകാത്തത് ബിഎഫ്‌സിയെ വട്ടംകറക്കുകയാണ്. മുന്നേറ്റവും പ്രതിരോധവും ഒരുപോലെ ദു‍ർബലമാണെന്നതാണ് ടീമിന്‍റെ പ്രശ്നം. 13 ഗോൾ നേടിയപ്പോൾ 14 ഗോൾ വഴങ്ങി കഴിഞ്ഞു. മറുവശത്ത് നോർത്ത് ഈസ്റ്റിന്‍റെ അവസ്ഥയും മറിച്ചല്ല. 13 ഗോൾ നേടിയപ്പോൾ 15 ഗോൾ വഴങ്ങി. സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ ഇരുടീമും രണ്ടുഗോൾ വീതം സമനില പാലിക്കുകയായിരുന്നു. ഇന്നാകട്ടെ ഓരോ ഗോൾ നേടി സമനില തുടരുന്നത് രണ്ട് മാനേജ്മെന്‍റുകൾക്കും തലവേദന തന്നെയാണ്.

ഇന്നലെ നടന്ന കരുത്തരുടെ പോരാട്ടത്തിൽ മുംബൈ സിറ്റി ഒറ്റ ഗോളിന് നിലവിലെ ചാമ്പ്യൻമാരായ എടികെ മോഹൻ ബഗാനെ തോൽപിച്ചിരുന്നു. 69-ാം മിനിറ്റിൽ ബാർത്തലോമിയോ ഒഗ്‌ബചേയാണ് മുംബൈയുടെ വിജയഗോൾ നേടിയത്. എട്ടാം ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള മുംബൈ ലീഡുയർത്തി. മുംബൈക്കിപ്പോൾ 25 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള എടികെ ബഗാന് 20 പോയിന്റാണുള്ളത്. സീസണിൽ എടികെ ബഗാന്റെ രണ്ടാം തോൽവിയായിരുന്നു അത്.

Follow Us:
Download App:
  • android
  • ios