മഡ്ഗാവ്: ഐഎസ്എല്ലില്‍ കരുത്തരുടെ പോരാട്ടത്തിൽ , എടികെ മോഹന്‍ ബഗാന് ജയം. ബെംഗളുരു എഫ്സിയെ മറുപടിയില്ലാത്ത ഒരു ഗോളിന് എടികെ മോഹന്‍ ബഗാന്‍ തോൽപ്പിച്ചു. 33 ആം മിനിറ്റില്‍ ഓസ്ട്രേലിയന്‍ താരം ഡേവിഡ് വില്ല്യംസ് ആണ് എടികെയെ മുന്നിലെത്തിച്ചത്. ഏഴ് കളിയിൽ അ‍ഞ്ചാം ജയം നേടിയ എടികെയ്ക്ക് 16 പോയന്‍റുമായി രണ്ടാം സ്ഥാനത്താണ്. സീസണില്‍ എടികെയുടെ അഞ്ചാം ജയമാണിത്. ഏഴ് കളികളില്‍ 12 പോയന്‍റുള്ള ബംഗലൂരു മൂന്നാം സ്ഥാനത്ത് തുടരുന്നു.

മത്സരത്തിന്‍റെ തുടക്കം മുതല്‍ എടികെ ആണ് ആധിപത്യം പുലര്‍ത്തിയത്. റോയ് കൃഷ്ണയും മന്‍വീര്‍ സിംഗും നിരന്തരം ബംഗലൂരു ഗോള്‍മുഖത്ത് അപകട ഭീഷണി ഉയര്‍ത്തി. പതിനാറാം മിനിറ്റില്‍ റോയ് കൃഷ്ണയും 22-ാം മിനിറ്റില്‍ മന്‍വീര്‍ സിംഗും ഗോളിന് അടുത്തെത്തിയെങ്കലും ബംഗലൂരു പ്രതിരോധത്തിന്‍റെ അവസരോചിത ഇടപെടല്‍ തുണയായി.

എന്നാല്‍ 33-ാം മിനിറ്റില്‍ കാള്‍ മക്ഹ്യൂ നല്‍കിയ ലോംഗ് പാസ് പിടിച്ചെടുത്ത് വില്യംസ് ബംഗലൂരുവിന്‍റെ വല കുലുക്കി. സമനില ഗോളിനായി ബംഗലൂരു കിണഞ്ഞു ശ്രമിച്ചെങ്കിലും എടികെ പ്രതിരോധം വഴങ്ങിയില്ല. 73-ാം മിനിറ്റില്‍ ക്ലെയ്റ്റന്‍ സില്‍വക്ക് ലഭിച്ച സുവര്‍ണാവസരം നഷ്ടമാക്കിയത് ബംഗലൂരുവിന് തിരിച്ചടിയായി.