വാസ്കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെ മോഹന്‍ ബഗാന്‍ മുംബൈ സിറ്റി ഫൈനല്‍. രണ്ടാം സെമിയുടെ രണ്ടാം പാദത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്(ഇരുപാദങ്ങളിലുമായി 3-2) കീഴടക്കിയാണ് എടികെ ഫൈനലിലെത്തിയത്. ഈ മാസം 13നാണ് എടികെ-മുംബൈ കിരീടപ്പോരാട്ടം.

മത്സരത്തിന്‍റെ 38-ാം മിനിറ്റില്‍ റോയ് കൃഷ്ണയുടെ പാസില്‍ നിന്ന് ഡേവിഡ് വില്യംസാണ് എടികെയെ മുന്നിലെത്തിച്ചത്. 68-ാം മിനിറ്റില്‍  മന്‍വീര്‍ സിംഗിന്‍റെ സോളോ ഗോള്‍ എടികെയുടെ ലീഡ് രണ്ടാക്കിയ ഉയര്‍ത്തിയപ്പോള്‍ 74-ാം മിനിറ്റില്‍ മലയാളി താരം വി പി സുഹൈര്‍ നോര്‍ത്ത് ഈസ്റ്റിന്‍റെ ആശ്വാസ ഗോള്‍ നേടി. 83-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്‍റെ ഇദ്രിയാസ് സില്ലയെ ബോക്സില്‍ സുഭാഷിശ് ബോസ് വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി ലൂയിസ് മഷാഡോ പാഴാക്കിയതാണ് നോര്‍ത്ത് ഈസ്റ്റിന് തിരിച്ചടിയായത്.

ആദ്യ പകുതിയില്‍ ആക്രമണങ്ങളില്‍ എടികെയ്ക്കായിരുന്നു ആധിപത്യം. നിരന്തരം ആക്രമിച്ച് കളിച്ച് നോര്‍ത്ത് ഈസ്റ്റ് ഗോള്‍മുഖത്ത് ഭീതിപരത്താന്‍ എടികെയ്ക്ക് സാധിച്ചു. മൂന്നാം മിനിട്ടില്‍ തന്നെ ഹാവി ഹെര്‍ണാണ്ടസിലൂടെ മോഹന്‍ ബഗാന്‍ മുന്നിലെത്തേണ്ടതായിരുന്നു. എന്നാല്‍ ഹാവിയുടെ ലോംഗ് റേഞ്ചര്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചു. 15-ാം മിനിട്ടില്‍ മോഹന്‍ ബഗാന്‍റെ സുഭാശിഷ് ബോസ് എടുത്ത ഉഗ്രന്‍ കിക്ക് നോര്‍ത്ത് ഈസ്റ്റ് ഗോള്‍കീപ്പര്‍ ശുഭാശിഷ് ചൗധരി തട്ടിയകറ്റി.

രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസ്റ്റ് ആക്രമണം കനപ്പിച്ചെങ്കിലും സന്ദേശ് ജിങ്കാന്‍റെ നേതൃത്വത്തിലുള്ള എടികെ പ്രതിരോധം പിടിച്ചു നിന്നു. ഇതിനിടെ കൗണ്ടര്‍ അറ്റാക്കിലൂടെ മന്‍വീര്‍ സിംഗ് നേടിയ ഗോള്‍ എടികെയ്ക്ക് മത്സരത്തില്‍ വ്യക്തമായ മുന്‍തൂക്കം നല്‍കുകയും ചെയ്തു. വിപി സുഹൈര്‍ നോര്‍ത്ത് ഈസ്റ്റിന് പ്രതീക്ഷ നല്‍കിയെങ്കിലും ലൂയിസ് മഷാഡോയുടെ പിഴവ് പരാജയമറിയാതെ കുതിച്ച ഖാലിദ് ജമീലിന്‍റെ ടീമിന് തിരിച്ചുവരവിനുള്ള വഴിയടച്ചു.