മഡ്ഗാവ്: ഐഎസ്എല്ലില്‍ ഒഡീഷ എഫ്‌സിയെ ഗോള്‍മഴയില്‍ മുക്കി എടികെ മോഹന്‍ ബഗാന്‍. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു പോയന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഒഡീഷ എഫ്‌സിക്കെതിരെ രണ്ടാം സ്ഥാനക്കാരായ എടികെയുടെ ജയം.

ജയത്തോടെ 15 കളികളില്‍ 30 പോയന്‍റുമായി രണ്ടാം സ്ഥാനം എടികെ സുരക്ഷിതമാക്കിയപ്പോള്‍ 15 മത്സരങ്ങളില്‍ ഒമ്പതാം തോല്‍വിയുമായി എട്ട് പോയന്‍റോടെ ഒഡീഷ അവസാന സ്ഥാനത്ത് തുടരുന്നു.പതിനൊന്നാം മിനിറ്റില്‍ മന്‍വീര്‍ സിംഗിലൂടെയാണ് എടികെ ഗോളടി തുടങ്ങിയത്.

ആദ്യ പകുതി തീരാന്‍ മിനിറ്റുകള്‍ ബാക്കിയിരിക്കെ ക്യാപ്റ്റന്‍ കോളെ അലക്സാണ്ടറുടെ മനോഹര ഗോളിലൂടെ ഒഡീഷ ഒപ്പമെത്തി. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തിലെ റോയ് കൃഷ്ണയുടെ പാസില്‍ നിന്ന് തന്‍റെ രണ്ടാം ഗോളും നേടി മന്‍വീര്‍ വീണ്ടും എടികെയെ മുന്നിലെത്തിച്ചു.

82-ാം മിനിറ്റില്‍ ഒഡീഷ ബോക്സിലേക്ക് താണിറങ്ങിയ പ്രോണായ് ഹാള്‍ഡറുടെ ക്രോസ് തടുക്കാനുള്ള ശ്രമത്തിനിടെ ബോക്സിനകത്തുവെച്ച് ക്യാപ്റ്റന്‍ കോളെ അലക്സാണ്ടറുടെ കൈയില്‍ പന്ത് തട്ടിയതിന് റഫറി എടികെക്ക് അനുകൂലമായി പെനല്‍റ്റി വിധിച്ചു.

കിക്കെടുത്ത റോയ് കൃഷ്ണക്ക് പിഴച്ചില്ല. രണ്ട് ഗോള്‍ ലീഡോടെ വിജയം ഉറപ്പിച്ച എടികെ അവിടംകൊണ്ടും നിര്‍ത്തിയില്ല. മൂന്ന് മിനിറ്റിന്‍റെ ഇടവേളയില്‍ റോയ് കൃഷ്ണ വീണ്ടും എകടികെക്കായി വല ചലിപ്പിച്ചു. മന്‍വീര്‍ സിംഗിന്‍റെ അസിസ്റ്റില്‍ നിന്നായിരുന്നു റോയ് കൃഷ്ണയുടെ രണ്ടാം ഗോള്‍.