പനജി: ഐഎസ്എല്ലില്‍ കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിയിരിക്കെ റോയ് കൃഷ്ണ നേടിയ ഹെഡ്ഡര്‍ ഗോളില്‍ ഒഡീഷ എഫ്‌സിയെ മറികടന്ന് ഹാട്രിക്ക് വിജയം സ്വന്തമാക്കി എടികെ മോഹന്‍ ബഗാന്‍. ഗോള്‍രഹിത സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തില്‍ നാല് മിനിറ്റ് അധികസമയത്തിന്‍റെ അവസാന സെക്കന്‍ഡിലായിരുന്നു സന്ദേജ് ജിങ്കാന്‍റെ അസിസ്റ്റില്‍ റോയ് കൃഷ്ണയുടെ ഹെഡ്ഡര്‍ ഗോള്‍ പിറന്നത്.

ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാന്‍റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. മൂന്ന് കളികളില്‍ ഒമ്പത് പോയന്‍റുമായി എടികെ ഒന്നാം സ്ഥാനത്ത് തിരിച്ചിത്തിയപ്പോള്‍ ഒഡീഷ എഫ്‌സി ബ്ലാസ്റ്റേഴ്സിന് പിന്നില്‍ പത്താം സ്ഥാനത്ത് തുടരുന്നു.

ഐഎസ്എല്ലിലെ ആദ്യ ജയം തേടിയാണ് ഒഡീഷ എഫ്‌സി ഇന്നിറങ്ങിയത്. കഴിഞ്ഞ മത്സരങ്ങളില്‍ കളിച്ച ടീമില്‍ ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമുകളം കളത്തിലിറങ്ങിയത്.  എടികെയില്‍ മന്‍വീര്‍ സിംഗും ഒഡീഷയില്‍ ഡീഗോ മൗറീഷ്യോയും ആദ്യ ഇലവനിലെത്തി.ആദ്യ പകുതിയില്‍ ഇരു ടീമുകളും ഒട്ടേറെ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അക്കൗണ്ട് തുറക്കാനായില്ല.

മത്സരത്തിന്‍റെ ആദ്യ പത്തുമിനിറ്റ് എ‍ടികെ മാത്രമായിരുന്നു കളത്തിലുണ്ടായിരുന്നത്. എടികെയുടെ ആക്രമണങ്ങളെ ചെറുത്തുനില്‍ക്കാനാണ് ഒഡീഷ ആദ്യ നിമിഷങ്ങളില്‍ ശ്രമിച്ചത്. തുടക്കത്തിലെ എടികെയ്ക്ക് അനുകൂലമായി ബോക്സിന് പുറത്ത് ഫ്രീ കിക്ക് ലഭിച്ചെങ്കിലും ഗോളിലേക്ക് ലക്ഷ്യംവെക്കാനായില്ല.

23-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം എടികെയുടെ സൂപ്പര്‍ താരം റോയ് കൃഷ്ണ നഷ്ടമാക്കി. തൊട്ടുപിന്നാലെ ഒഡീഷ സൂപ്പര്‍ താരം മാഴ്സലീനോയുടെ ഷോട്ട് പോസ്റ്റ് മുകളിലൂടെ പറന്നു. 34-ാം മിനിറ്റില്‍ മുന്നിലെത്താനുള്ള തുറന്ന അവസരം ഒഡിഷയുടെ ജേക്കബ് ട്രാട്ട് നഷ്ടമാക്കി. പിന്നാലെ ആക്രമണം കനപ്പിച്ച ഒഡീഷ ബഗാനെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും ഗോള്‍ മാത്രം വന്നില്ല.

ആദ്യപകുതിയില്‍ പന്തടക്കത്തിലും പാസിംഗിലും മുന്നിലെത്തിയത് എടികെയായിരുന്നു. എന്നാല്‍ ആദ്യ നിമിഷങ്ങളിലെ പതര്‍ച്ചക്ക് ശേഷം മത്സരത്തിലേക്ക് തിരിച്ചെത്തിയ ഒഡിഷ നാല് കോര്‍ണറുകള്‍ ആദ്യ പകുതിയില്‍ സ്വന്തമാക്കി. രണ്ടാം പകുതിയില്‍ ഒഡീഷ് എഫ്‌സി ആധിപത്യം പുലര്‍ത്തിയെങ്കിലും സന്ദേശ് ജിങ്കാന്‍റെ നേതൃത്വത്തിലുള്ള ബഗാന്‍ പ്രതിരോധം പൊളിക്കാന്‍ ഒഡീഷക്കായില്ല.

അവസാന സെക്കന്‍ഡുവരെ സമനിലയെന്നുറപ്പിച്ച മത്സരത്തില്‍ മൈതാനമധ്യത്തില്‍ നിന്ന് ലഭിച്ച ഫ്രീ കിക്കില്‍ നിന്നാണ് എടികെ ഗോളിലേക്കുള്ള വഴി തുറന്നത്. ടിരി പോസ്റ്റിലേക്ക് ഉയര്‍ത്തിക്കൊടുത്ത പന്തില്‍ സന്ദേശ് ജിങ്കാന്‍റെ തലോടല്‍. തല്ലപ്പാകത്തിലെത്തി പന്തിനെ പോസ്റ്റിലേക്ക് ചെത്തിയിട്ട് റോയ് കൃഷ്ണ ബഗാന് അവിശ്വസനീയ ജയം സമ്മാനിച്ചു.