മഡ്ഗാവ്: ഐഎസ്എല്ലില്‍ പരാജയമറിയാതെ കുതിച്ച കരുത്തരായ ബംഗലൂരു എഫ് സിയെ മുട്ടുകുത്തിച്ചത് എടികെയുടെ ഡേവിഡ് വില്യംസിന്‍റെ ഒരേയൊരു ഗോളായിരുന്നു. കരുത്തര്‍ തമ്മിലുള്ള പോരില്‍ ഒരേയൊരു വ്യത്യാസവും ഈ ഗോളായിരുന്നു. അതുകൊണ്ടുതന്നെ എടികെ മോഹന്‍ ബഗാന്‍-ബെംഗലൂരു എഫ്‌സി കളിയിലെ താരമായതും ഡേവിഡ് വില്യംസ് എന്ന ഓസ്ട്രേലിയക്കാരനാണ്. മത്സരത്തില്‍ 8.41 റേറ്റിംഗ് പോയന്‍റ് നേടിയാണ് വില്യംസ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ ജനിച്ച വില്യംസ് ബെല്‍ജിയന്‍ ക്ലബ്ബായ ക്ലബ്ബ് ബ്രഗ്ഗെയിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ ലിവര്‍പൂളിന്‍റെയും യൂത്ത് ടീമുകളില്‍ പരിശീലനം നടത്തിയിട്ടുണ്ട്. ക്യൂന്‍സ്‌ലാന്‍ഡ് റോറിലൂടെയാണ് വില്യംസ് പ്രഫഷണല്‍ ഫുട്ബോള്‍ പന്ത് തട്ടി തുടങ്ങിയത്.

സിഡ്നി എഫ്സിയിലും മെല്‍ബണ്‍ സിറ്റിയിലും അടക്കം യൂറോപ്പിലെ പ്രഫഷണല്‍ ലീഗുകളില്‍ വിവിധ ടീുമകള്‍ക്കായി കളിച്ച വില്യംസ് വെല്ലിംഗ്ട്ണ്‍ ഫീനിക്സിന് വേണ്ടി എടികെയിലെ സഹതാരമായ റോയ് കൃഷ്ണക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി. കഴിഞ്ഞ സീസണില്‍ ഐഎസ്എല്ലില്‍ റോയ് കൃഷ്ണക്കൊപ്പം കൊല്‍ക്കത്തയിലെത്തിയ വില്യംസ് അരങ്ങേറ്റ സീസണില്‍ ഏഴ് ഗോളും അഞ്ച് അസിസ്റ്റും നടത്തി തിളങ്ങി. 2008ല്‍ ഓസ്ട്രേലിയന്‍ ദേശീയ ടീമിനായും വില്യംസ് ബൂട്ടണിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ ബെംഗലൂരവിനെ സെമി ഫൈനലില്‍ കീഴടക്കി എടികെയെ ഫൈനലിലെത്തിച്ചതും വില്യംസിന്‍റെ ബൂട്ടുകളായിരുന്നു. രണ്ടാം പാദ സെമിയില്‍ ഡേവിഡ് വില്യംസ് നേടിയ ഇരട്ടഗോളുകളുടെ മികവിലാണ് ഇരുപാദങ്ങളിലുമായി 3–2ന്‍റെ ലീഡുമായി കൊല്‍ക്കത്ത കലാശക്കളിക്ക് ഇടംകണ്ടെത്തിയത്.

Powered By