മഡ്ഗാവ്: ഐഎസ്എല്ലില്‍ ജംഷഡ്പൂരിനെ ഇഞ്ചുറി ടൈം ഗോളില്‍ വീഴ്ത്തി എഫ്‌സി ഗോവ വീണ്ടും വിജയവഴിയില്‍. ആദ്യ പകുതിയില്‍ നിറം മങ്ങിയ ഗോവ 1-0ന് പിന്നിലായിപ്പോയെങ്കിലും രണ്ടാം പകുതിയില്‍ മികച്ച കളി പുറത്തെടുത്ത് രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് ഗോവ ജയിച്ചു കയറിയത്. ജയത്തോടെ ഗോവ എട്ടു പോയന്‍റുമായി ഏഴാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ 10 പോയന്‍റുള്ള ജംഷഡ്പൂര്‍ അഞ്ചാം സ്ഥാനത്ത് തുടരുന്നു.

33-ാം മിനിറ്റില്‍ പ്രതിരോധനിരയിലെ സ്റ്റീഫന്‍ എസ്സെയാണ് ജംഷഡ്ഫൂരിനെ മുന്നിലെത്തിച്ചത്. എയ്റ്റര്‍ മോണ്‍റോയിയെടുത്ത ഫ്രീ കീക്ക് എസെ ബാക്ക് ഹീല്‍ കൊണ്ട് വലയില്‍ എത്തിക്കുകയായിരുന്നു. രണ്ടാം പകുതിയുടെ 64-ാം മിനിറ്റില്‍ ജെയിംസ് ഡൊണാക്കിയെ അലക്സാണ്ട്രെ ലിമ ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി ലക്ഷ്യം തെറ്റാതെ ഗോളാക്കി മാറ്റി അംഗൂളോ ഗോവയെ ഒപ്പമെത്തിച്ചു.

സമനില ഗോളിന്‍റെ ആവേശത്തില്‍ ഒന്നിന് പുറകെ ഒന്നായി അക്രമണങ്ങള്‍ നെയ്ത ഗോവ ഏത് നിമിഷവും ലീഡെടുക്കുമെന്ന് തോന്നിച്ചു. കളി തീരാന്‍ മൂന്ന് മിനിറ്റ് ബാക്കിയിരിക്കെ ജംഷഡ്പൂരിന്‍റെ നെരീജുസ് വാല്‍സ്കിസിന്‍റെ ഷോട്ട് ബാറിലിടിച്ച് ഗോള്‍വര കടന്നെങ്കിലും ലൈന്‍ റഫറി ഗോളനുവദിച്ചില്ല.

ഒടുവില്‍ അധികസമയത്തിന്‍റെ അവസാന മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നാണ് ജംഷഡ്പൂരിന്‍റെ ഹൃദയം തകര്‍ത്ത് ഗോവയുടെ വിജയഗോള്‍ പിറന്നത്. ബേഡിയയെടുത്ത കോര്‍ണര്‍ കിക്ക് അംഗൂളോയുടെ തലയ്ക്ക് പിന്നില്‍ തട്ടി വലയിലെത്തുകയായിരുന്നു.